SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.57 PM IST

ഇന്ന് ദിവ്യശ്രീ ബോധാനന്ദസ്വാമി ജയന്തി.  കാഷായം ചുറ്റിയ കൊടുങ്കാറ്റ്

Increase Font Size Decrease Font Size Print Page
s

ശ്രീനാരായണ ഗുരുദേവന്റെ അനന്തരഗാമിയായി ഗുരുദേവനാൽ അഭിഷേകം ചെയ്യപ്പെട്ട പുണ്യപുരുഷനാണ് ബോധാനന്ദ സ്വാമികൾ. ഗുരുവിന്റെ മഹാസമാധിക്കു ശേഷം ഗുരുസ്ഥാനത്തേക്ക് അവരോധിക്കപ്പെടുക എന്നതിനേക്കാൾ വലിയ ഭാഗ്യം എന്താണുള്ളത്? ബോധാനന്ദ സ്വാമികളുടെ 37-ാം വയസിൽ,​ 1919-ലാണ് ഭഗവാൻ അവിടത്തെ അനന്തരഗാമിയായി ബോധാനന്ദ സ്വാമിയെ നിശ്ചയിച്ചത്. അനന്തരഗാമിയായി അഭിഷേകം ചെയ്തതാകട്ടെ,​ 1101 കന്നിമാസത്തിലെ വിജയദശമിക്കും! അതിനും ഇപ്പോൾ ഒരു ശതാബ്ദം പൂർത്തിയായിരിക്കുന്നു.

തന്റെ അനന്തരഗാമിക്കുണ്ടാവേണ്ട യോഗ്യതകൾ 'ആശ്രമം" എന്ന കൃതിയിൽ ഗുരു വെളിപ്പെടുത്തിയിട്ടുണ്ട്- 'ഈ ആശ്രമത്തിൽ വിദ്വാനായും മുനിയായും ഉദാരചിത്തനായും സമദൃഷ്ടിയായും ശാന്തഗംഭീരനായും ഇന്ദ്രിയങ്ങളെ ജയിച്ചവനായും പരോപകാരിയായും ദീനാദയാലുവായും സത്യവാക്കായും സമർത്ഥനായും സദാചാരതത്പരനായും കർത്തവ്യങ്ങളെ ശീലം ചെയ്യുന്നവനായും മടിയില്ലാത്തവനുമായ ഒരു ഗുരുവുണ്ടായിരിക്കണം." ഈ ഗുണങ്ങളെല്ലാം ഒത്തിണങ്ങിയ സന്യാസിവര്യനായിരുന്നു ബോധാനന്ദ സ്വാമികൾ.

പൂർവാശ്രമ

വിപ്ളവകാരി

ഗുരുദേവ ശിഷ്യത്വം സ്വീകരിക്കുന്നതിനു മുമ്പ് സ്വാമികൾ ഒരു വിപ്ലവ പ്രസ്ഥാനത്തെ നയിച്ചിരുന്നു! രഹസ്യസംഘം,​ ധർമ്മഭടസംഘം എന്നൊക്കെയാണ് അതിന്റെ പേര്. കൊച്ചി, മലബാർ പ്രദേശങ്ങളിൽ ജാതിഭേദം, അയിത്തം എന്നിവയെ ഇല്ലാതാക്കാൻ ഇത്രയും തീക്ഷ്ണമായി പ്രവർത്തിച്ച ഒരു വിപ്ലവപ്രസ്ഥാനം ഇതുപോലെ മറ്റൊന്നില്ലെന്ന് പറയാം. കായികശേഷിയുള്ള ചെറുപ്പക്കാരുടെ ഒരു സംഘത്തെ തിരഞ്ഞെടുത്ത്,​ അവർക്ക് പരിശീലനം നല്കി,​ അർദ്ധരാത്രി സമയത്ത് സ്വാമികൾ ഇവരെക്കൊണ്ട് ഒരു ആത്മപ്രതിജ്ഞയെടുപ്പിക്കും. കുളിച്ച് ഈറനായി വരുന്ന ചെറുപ്പക്കാരെ ഒരു രഹസ്യ സ്ഥാനത്ത് നിലവിളക്കിനടുത്ത് ഇരുത്തും. തുടർന്ന്,​ കഠാരകൊണ്ട് ഇടതു ചൂണ്ടുവിരൽ മുറിച്ച് രക്തം തിലകമായി അണിഞ്ഞ്,​ 'ജാതിഭേദത്തെ ഇല്ലാതാക്കുവാൻ ഞാനിതാ ജീവനെ ബലിയർപ്പിക്കുന്നു. ഇതു സത്യം... സത്യം... സത്യം" എന്ന് പ്രതിജ്ഞ ചെയ്ത്,​ കഠാര മണ്ണിലേക്ക് കുത്തിത്താഴ്ത്തും!

പഴയ കൊച്ചി, മലബാർ രാജ്യങ്ങളിൽ പൊതുവഴികളിലൂടെ നടക്കുവാനും,​ പൊതുകിണറുകളും കുളങ്ങളും അയിത്ത ജാതിക്കാർക്ക് ഉപയോഗിക്കുവാനും,​ ക്ഷേത്രപ്രവേശനം നേടിയെടുക്കുവാനും ഈ ധർമ്മഭടസംഘം വഹിച്ചിട്ടുള്ള പങ്ക് വലുതാണ്. തൃപ്പൂണിത്തുറയിലെ പൂർണ്ണത്രയീശൻ റോഡ്, കൊടുങ്ങല്ലൂർ ശൃംഗപുരത്തെ റോഡ്, തൃപ്രയാർ വടക്കുംനാഥൻ റോഡ്, തൃശൂർ ആറാട്ടുപുഴ റോഡ് തുടങ്ങി എത്രയോ നിരത്തുകളിലൂടെ ധർമ്മഭടാംഗങ്ങൾ സഞ്ചരിച്ച് സഞ്ചാര സ്വാതന്ത്ര്യം നേടിയെടുത്തിരിക്കുന്നു!

സഞ്ചാരവും

തപസും

തൃശ്ശൂരിലെ ചിറയ്ക്കലാണ് ബോധാനന്ദ സ്വാമികളുടെ ജന്മദേശം അവിടെ ഇഴവൻ പറമ്പ് തറവാട്ടിൽ 1058 മകരം പത്തിനാണ് (1883 ജനുവരി 28) സ്വാമികൾ ജനിച്ചത്. സാമാന്യം സാമ്പത്തികാഭിവൃദ്ധിയുള്ള ഒരു തറവാട്ടിൽ വേലായുധൻ എന്ന നാമത്തിൽ ജനിച്ച്,​ ബാല്യംതൊട്ടേ സന്യാസ ആഭിമുഖ്യത്തോടെ ജീവിക്കുകയും,​ പതിനെട്ടാം വയസിൽ സർവസംഗ പരിത്യാഗിയായി ഇറങ്ങിത്തിരിക്കുകയും ചെയ്തു. ഭാരതമൊട്ടാകെ സഞ്ചരിച്ച് പല പല ആശ്രമങ്ങളിൽ പല ഗുരുക്കന്മാരോടൊപ്പം ജീവിക്കുകയും,​ സംസ്കൃതം,​ ഹിന്ദി തുടങ്ങിയ ഭാഷകളിലും ഭാരതീയ വേദാന്ത ശാസ്ത്രങ്ങളിലും പാണ്ഡിത്യം കരസ്ഥമാക്കുകയും ചെയ്തതിനു ശേഷം ഹിമാലയത്തിൽ കഠിനമായ തപസിൽ ഏർപ്പെടുകയും ചെയ്തു.

ശ്രീശങ്കരാചാര്യ പരമ്പരയിലെ ജ്യോത്സ്യ മഠത്തിന്റെ അധിപതി ഈശ്വരാനന്ദ മണ്ഡലേശ്വരനിൽ നിന്ന് സന്യാസദീക്ഷ സ്വീകരിച്ച് അദ്ദേഹം സ്വാമി ബോധാനന്ദഗിരിയായി മാറി. തുടർന്ന് സ്വാമികൾ കേരളത്തിലെത്തി,​ അവധൂതമഠം സ്ഥാപിച്ചു. വീണ്ടും ഭാരതപര്യടനത്തിനു പുറപ്പെട്ട സ്വാമി,​ ബോംബെയിലെ ജ്ഞാനാനന്ദ മഠത്തിൽ വച്ച് അവിടത്തെ മഠാധിപന്മാരാൽ ആരാദ്ധ്യനായെങ്കിലും,​ കേരളത്തിൽ നിന്ന് എത്തിയ ഒരു സവർണ സന്യാസി സ്വാമികളെ ജാതിഭേദം പറഞ്ഞ് ആക്ഷേപിച്ചു. അതോടെ,​ 'ജാതിഭൂതത്തെ ഇല്ലാതാക്കി മാത്രമേ ഇനി വിശ്രമമുള്ളൂ" എന്ന് പ്രതിജ്ഞ ചെയ്ത ബോധാനന്ദ സ്വാമി,​ കാഷായം ചുറ്റിയ വിപ്ലവ കൊടുങ്കാറ്റായാണ് കേരളത്തിലേക്ക് മടങ്ങിയെത്തിയത്.

ഗുരുദേവ

ദർശനം

ഗുരുവിന്റെ ക്ഷേത്ര സംസ്ഥാപന പ്രസ്ഥാനവും,​ ബോധാനന്ദ സ്വാമികളുടെ ക്ഷേത്ര ബഹിഷ്കരണ പ്രസ്ഥാനവും സമൂഹത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചു. ഒടുവിൽ പല നേതാക്കന്മാരുടെയും നിർദ്ദേശപ്രകാരം ബോധാനന്ദ സ്വാമി ഗുരുദേവനെ ദർശിക്കാൻ തീരുമാനിക്കുകയായിരുന്നു. ബോധാനന്ദ സ്വാമിയും ശിഷ്യസംഘവും ശാരദാ പ്രതിഷ്ഠാവേളയിൽ,​ 1912-ൽ സമ്പൂർണമായി ഗുരുദേവ പ്രസ്ഥാനത്തിൽ ലയിച്ചു. തുടർന്ന് കൊച്ചി എസ്.എൻ.ഡി.പി യോഗം, കൂർക്കഞ്ചേരി ശ്രീനാരായണ ഭക്തപരിപാലന യോഗം, ഇരിങ്ങാലക്കുട ശ്രീനാരായണ ഭക്തസമുദായോദ്ധാരണ യോഗം, കാരമുക്ക് ശ്രീനാരായണ ഗുപ്തസമാജം, പൊങ്ങണംകാട് ശ്രീനാരായണ സേവാശ്രമം തുടങ്ങി നിരവധി പ്രസ്ഥാനങ്ങൾ ബോധാനന്ദ സ്വാമി സ്ഥാപിച്ചു.

എസ്.എൻ.ഡി.പി യോഗത്തിന്റെ 23-ാം വാർഷികത്തിൽ അദ്ധ്യക്ഷത വഹിച്ചത് സ്വാമികളാണ്. ഗുരുദേവന്റെ അനന്തരാഗാമി എന്ന നിലയിൽ യോഗത്തിന്റെ ഉപാദ്ധ്യക്ഷനായി സ്വാമികളെ തിരഞ്ഞെടുത്തു. അധ്യക്ഷൻ ഗുരുദേവൻ തന്നെയാണല്ലോ. ഗുരുദേവന്റെ മഹാസമാധിക്കു ശേഷം സ്വാമികൾ യോഗത്തിന്റെ സ്ഥിരാദ്ധ്യക്ഷനാകും- ഇതായിരുന്നു യോഗത്തിന്റെ തീരുമാനം. പക്ഷേ ചിലർക്ക് ഇത് സ്വീകാര്യമായില്ല. സ്വാമികളെ ഉപാദ്ധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റി. ഗുരുദേവൻ തമിഴ്നാട്ടിലും സിലോണിലുമായി ദീർഘമായൊരു യാത്ര ചെയ്തത് ഇതിന്റെ ഭാഗമായാണ്.

ബോധാനന്ദ സ്വാമികൾ നല്ല കവിയായിരുന്നു. അദ്ഭുതസിദ്ധികളുള്ള യോഗീശ്വരനും,​സംഘടനാപടുവും,​ചിന്തകനും ധീരനും പതിതകാരുണികനുമായിരുന്നു. തൃപ്പാദങ്ങളുടെ അനന്തരഗാമിയായ ഈ പുണ്യപുരുഷൻ,​ ഗുരുദേവൻ മഹാസമാധി പ്രാപിച്ചതിന്റെ നാലാംനാൾ പ്രഭാതത്തിൽ,​ 1928 സെപ്റ്റംബർ 24- ന് പത്മാസനസ്ഥിതനാവുകയും,​ 'ഗുരുദേവൻ എന്നെ വിളിക്കുന്നു; എനിക്ക് പോകാൻ സമയമായി" എന്ന് അരുളിചെയ്ത് സമാധിസ്ഥിതനാവുകയും ചെയ്തു! കേവലം 46-ാം വയസിൽ സംഭവിച്ച ബോധാനന്ദ സ്വാമിയുടെ മഹാസമാധി,​ ശ്രീനാരായണ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ മഹാനഷ്ടമായി ഇന്നും ശേഷിക്കുന്നു.

TAGS: COLUMN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY