
ആറാമത്തെ സംസ്ഥാന ബഡ്ജറ്റിന്റെ പണിപ്പുരയിലാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കൊവിഡും കടുത്ത സാമ്പത്തിക പ്രതിസന്ധിയും, കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ സമീപനങ്ങൾ മൂലം കടമെടുപ്പിലും നികുതി വിഹിതത്തിലും ഗ്രാൻഡുകളിലും കടുത്ത വെട്ടിക്കുറവ് വരുത്തിയതു മൂലമുണ്ടായ പ്രതിസന്ധിയുമാണ് ആദ്യം വെല്ലുവിളിയായതെങ്കിൽ, ശമ്പളപരിഷ്കരണമുണ്ടാക്കിയ വൻ സാമ്പത്തിക ബാദ്ധ്യതയും അതിജീവിച്ച് കഴിഞ്ഞ വർഷം കുതിപ്പിന്റെ ബഡ്ജറ്റ് അവതരിപ്പിച്ചു.
ഇത്തവണ നിയമസഭാ ഇലക്ഷന് തൊട്ടുമുമ്പുള്ള ബഡ്ജറ്റിൽ സ്ത്രീജന ക്ഷേമം,വയോജന ക്ഷേമം, അടിസ്ഥാനസൗകര്യ വികസനം, സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസ നടപടികൾ എന്നിവയുമായി ബന്ധപ്പെട്ട് വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പൊതുവെയുള്ള പ്രതീക്ഷ. ആർക്കും നിരാശയുണ്ടാകില്ലെന്നും എല്ലാം പോസിറ്റീവാണെന്നും ബഡ്ജറ്റ് പണിപ്പുരയിലിരുന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറയുന്നു. അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ:
? ശമ്പള പരിഷ്കരണവും പുതിയ പെൻഷൻ സംവിധാനവും പ്രതീക്ഷിക്കാമോ.
പോസിറ്റീവ് ആണ് കാര്യങ്ങൾ. കൊവിഡ് കാലത്തും ശമ്പളപരിഷ്കരണം നടപ്പാക്കിയ, രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. ആ പതിവിൽ മാറ്റമുണ്ടാകില്ല. സർക്കാർ ജീവനക്കാർക്കു മാത്രമല്ല,പെൻഷൻകാർക്കും സാമൂഹ്യ പെൻഷൻകാർക്കും സാധാരണക്കാർക്കും അനുകൂലമായ സമീപനമാണ് സ്വീകരിക്കുക. പെൻഷൻപ്രായം കൂട്ടൽ പരിഗണനയിലില്ല. പെൻഷൻ പരിഷ്കരണം നടപ്പാക്കുമെന്നത് കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപിച്ചതാണ്. ഡി.എ കുടിശിക മാത്രമാണ് ഇപ്പോഴുള്ളത്. ബാക്കിയെല്ലാം കൊടുത്തുതീർത്തു.
ഈ കുടിശ്ശിക പോലും വരില്ലായിരുന്നു. കേന്ദ്രസർക്കാർ 1.17 ലക്ഷംകോടിയാണ് കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ സംസ്ഥാനത്തിന് നിഷേധിച്ചത്. അതിൽ 25,000 കോടിയെങ്കിലും കിട്ടിയിരുന്നെങ്കിൽ ഇതെല്ലാം നേരത്തേതന്നെ കൊടുത്തുതീർക്കുമായിരുന്നു. നിരവധി ആനുകൂല്യങ്ങൾ മൂന്ന് മാസങ്ങൾക്കു മുമ്പ് പ്രഖ്യാപിക്കുകയും, നടപ്പാക്കാൻ തുടങ്ങുകയും ചെയ്തതാണ്. അതിന് 4000 കോടിയോളം കണ്ടെത്തേണ്ടിവന്നു.
? സാമൂഹ്യ സുരക്ഷാ പെൻഷൻ 2500 രൂപയാക്കുന്നത് ഇത്തവണ നടപ്പാക്കുമോ.
നടപ്പാക്കാൻ തന്നെയാണ് വാഗ്ദാനം ചെയ്തത്. കേന്ദ്ര സർക്കാർ സാമ്പത്തികമായി ഞെരുക്കാൻ തുടങ്ങിയതോടെയാണ് ചില കാര്യങ്ങളിൽ കാലതാമസമുണ്ടായത്.
? സാമ്പത്തിക പ്രതിസന്ധിയിൽ വികസനം മുങ്ങിപ്പോയോ.
സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ രാഷ്ട്രീയ ആരോപണങ്ങൾക്കിടയിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെന്നതാണ് വാസ്തവം. വിഴിഞ്ഞം പദ്ധതി സർക്കാർ മുൻഗണന നൽകി പൂർത്തിയാക്കിയതാണ്. വായ്പയെടുത്തും കെ.എഫ്.സിയിൽ നിന്നടക്കം പണം എടുത്തുമൊക്കെയാണ് വിഴിഞ്ഞം കൃത്യസമയത്ത് പൂർത്തിയാക്കിയത്. 6000 കോടിയോളം രൂപ സംസ്ഥാനം കണ്ടെത്തേണ്ടിവന്നു.
അതുപോലെയാണ് ദേശീയപാതാ വികസനം. അതിനും 5500 കോടിയോളം രൂപ സംസ്ഥാന സർക്കാർ നൽകി. ഇവരണ്ടും സംസ്ഥാനത്തെ അടിസ്ഥാനസൗകര്യ വികസനത്തിന്റെ നട്ടെല്ലായി മാറും. ഇപ്പോൾ വിഴിഞ്ഞം രണ്ടാം ഘട്ടത്തിനും തുടക്കം കുറിച്ചു. മലയോര, തീരദേശ ഹൈവേകൾ, ഐ.ടി അടിസ്ഥാനസൗകര്യ വികസനം, കെ.എസ്.ആർ.ടി.സി അടക്കം പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുദ്ധാരണം, തൊഴിൽ അവസരം സൃഷ്ടിക്കൽ, സ്റ്റാർട്ടപ്പുകളുടെ വികസനം, ഗ്രാഫീൻ പദ്ധതി പോലെ ഭാവിയിലേക്ക് മുതൽകൂട്ടാകുന്ന വമ്പൻ സംരംഭങ്ങൾ, ഉന്നതവിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാനസൗകര്യ വികസനം തുടങ്ങി നിരവധി കാര്യങ്ങളിൽ നേട്ടമുണ്ടായിട്ടുണ്ട്. ഇന്നിപ്പോൾ രാജ്യത്തെ മികച്ച 100 കോളേജുകളിൽ 18 എണ്ണം കേരളത്തിലാണ്. ഇതൊന്നും ചെറിയ കാര്യങ്ങളല്ല.
? ധനമന്ത്രി എന്ന നിലയിൽ സംതൃപ്തി തോന്നുന്നത്...
കഴിഞ്ഞ അഞ്ചുവർഷവും കാര്യമായി നികുതി കൂട്ടിയില്ല. മദ്യത്തിനു പോലും നികുതി വർദ്ധിപ്പിച്ചിട്ടില്ല. ഇന്ധനത്തിന് വാറ്റും കൂട്ടിയില്ല. കടമെടുപ്പിൽ കേന്ദ്രത്തിന്റെ നിയന്ത്രണം കൂട്ടിയ സാഹചര്യത്തിൽ അസാദ്ധ്യമെന്ന് പലരും കരുതിയെങ്കിലും, ശമ്പള- പെൻഷൻ വിതരണത്തെ ഒരു തരത്തിലും സാമ്പത്തിക പ്രതിസന്ധി ബാധിച്ചില്ല.
സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ കഴിഞ്ഞു. മെഡിസെപ് നടപ്പാക്കിയതും അതിദാരിദ്യമുക്ത പരിപാടി വിജയിപ്പിക്കാനായതും വിഴിഞ്ഞം പൂർത്തിയാക്കിയതും സംതൃപ്തിയേകുന്നവയാണ്. എന്നാൽ ഏറ്റവും സന്തോഷം തോന്നുന്നത്, 62 ലക്ഷം പേർക്ക് മുടങ്ങാതെ സാമൂഹ്യസുരക്ഷാ പെൻഷൻ നൽകാൻ കഴിഞ്ഞ ധനമന്ത്രിയായതിലാണ്. അത് 2000 രൂപയാക്കി വർദ്ധിപ്പിക്കുകയും ചെയ്തു.
? ധനമന്ത്രി പദവി മുൾക്കിരീടമാണോ.
അങ്ങനെ തോന്നിയിട്ടില്ല. അതേസമയം സമ്മർദ്ദങ്ങൾ ഏറെയുണ്ട്. എന്നാൽ മുഖ്യമന്ത്രിയും ധനകാര്യവകുപ്പിലെ ഉദ്യോഗസ്ഥരും ഒത്തൊരുമയോടെ പ്രവർത്തിച്ചത് സഹായകമായി. സാമ്പത്തിക കാര്യമായതിനാൽ അതീവ ജാഗ്രതയോടെ മുന്നോട്ടു പോകേണ്ടതുണ്ട്.
? പ്രതിസന്ധിയിൽ തകർന്ന സമയങ്ങളുണ്ടോ.
നിരവധി തവണ. ഡിസംബറിൽ കേന്ദ്രത്തിൽ നിന്ന് കടമെടുപ്പ് സംബന്ധിച്ച് കത്തു കിട്ടിയപ്പോൾ ശരിക്കും തകർന്നുപോയി. 12,000 കോടി രൂപ ജനുവരി മുതൽ മാർച്ച് വരെ കടമെടുക്കാമായിരുന്നിടത്ത് 6000 കോടിയോളം ഒറ്റയടിക്ക് വെട്ടിക്കുറച്ചുവെന്ന കത്ത് ശരിക്കും പ്രതിസന്ധിയിലാക്കി. അങ്ങനെ പലസമയത്തും ഉണ്ടായിട്ടുണ്ട്. അതൊക്കെ മറികടന്നിട്ടുമുണ്ട്.
? ധനമന്ത്രി പദവി ആസ്വദിക്കാനായിട്ടുണ്ടോ.
ധനവകുപ്പിൽ അധികം പരിചയങ്ങളില്ലായിരുന്നു. എന്നാൽ ശരിയായി പഠിച്ചും കാര്യങ്ങളെ ഉത്തരവാദിത്വബോധത്തോടെ സമീപിച്ചും വന്നപ്പോൾ കാര്യങ്ങൾ നന്നായി. ഓരോ പ്രതിസന്ധി മറികടക്കുന്നതും ഒരു കായികതാരത്തെപ്പോലെ ആസ്വദിച്ചു. പക്ഷെ പ്രതിസന്ധികൾ ഒന്നിനുപിന്നാലെ മറ്റൊന്നായി വന്നുകൊണ്ടിരിക്കും. അതാണ് ധനവകുപ്പ്.
? ഇന്ധന സെസ് തെറ്റായ തീരുമാനമായിരുന്നോ.
അങ്ങനെയല്ല. അത് ആ സമയത്തെ ആവശ്യമായിരുന്നു. കഴിഞ്ഞ അഞ്ച് വർഷങ്ങളിലും ഇന്ധനത്തിന് നികുതി കൂട്ടിയിട്ടില്ല. കെട്ടിട നികുതി കൂട്ടിയെങ്കിലും പിന്നീട് കുറച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനം വർദ്ധിപ്പിക്കാനാണ് കെട്ടിട നികുതി കൂട്ടിയത്.
? ക്ഷേമ പെൻഷൻ കൂട്ടിക്കൊടുത്തിട്ടും തദ്ദേശ തിരഞ്ഞെടുപ്പിൽ അത് വേണ്ടതു പോലെ പ്രതിഫലിച്ചില്ല. വിഷമം തോന്നിയോ.
തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് വേണ്ടത്ര മുന്നേറ്റം നടത്താനാകാതിരുന്നത് ക്ഷേമ പെൻഷൻ വാങ്ങുന്നവർ സഹായിക്കാതിരുന്നിട്ടാണെന്ന് കരുതുന്നില്ല. ഇതൊന്നും കണ്ടിട്ടല്ലല്ലോ വോട്ട് കിട്ടുന്നത്. അമിത ആത്മവിശ്വാസം പ്രവർത്തകർക്കുണ്ടായത് ബാധിച്ചുവെന്ന് കരുതുന്നു. തോൽക്കുമെന്ന് തോന്നലുണ്ടായ സ്ഥലങ്ങളിൽ ശരിക്ക് പ്രവർത്തിക്കുകയും വിജയം നേടുകയും ചെയ്തിട്ടുണ്ടെന്ന് കണക്കുകളിൽ കാണാം.
? തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം ഇത്തവണത്തെ ബഡ്ജറ്റിൽ പ്രതിഫലിക്കുമോ.
അങ്ങനെ പറയാനാവില്ല. ജനക്ഷേമം ഇടതുമുന്നണി നയമാണ്. അത് പടിപടിയായി നിർവഹിക്കും. അതിന് വോട്ട് രാഷ്ട്രീയവുമായി ബന്ധമില്ല. യൂറോപ്യൻ രാജ്യങ്ങളിലെ സർക്കാർ സേവനവും ആഫ്രിക്കൻ രാജ്യങ്ങളിലെ നികുതിയും എന്നതാണ് കേരളത്തിലെ സ്ഥിതി. അതിനു കാരണം ഇവിടത്തെ ഇടതു രാഷ്ട്രീയ സ്വാധീനവും ഭരണവുമാണ്.
? അപ്പോൾ, വാരിക്കോരി കൊടുക്കുമോ. തുടർഭരണം ഉണ്ടായില്ലെങ്കിൽ അടുത്ത ഭരണകർത്താക്കൾക്ക് ബാദ്ധ്യതയാകുമെന്ന വിമർശനമുണ്ട്.
വാഗ്ദാനങ്ങൾ വെറുതെ നൽകുന്ന പതിവ് ഇടതു മുന്നണിക്കില്ല. ചെയ്യാവുന്നതേ പറയാറുള്ളൂ. അത് മുടക്കമില്ലാതെ നൽകാറുമുണ്ട്. പാഴ് വാഗ്ദാനങ്ങൾ നൽകില്ല. അതുകൊണ്ടുതന്നെ പിന്നാലെ വരുന്ന സർക്കാരുകൾക്ക് ബാദ്ധ്യതയുണ്ടാകില്ല. സംസ്ഥാനത്ത് തുടർഭരണം ലഭിക്കുമെന്ന ഉറച്ച വിശ്വാസമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |