
മകരം പകുതിയാകുമ്പോഴേയ്ക്കും ചുട്ടുപൊളളാൻ തുടങ്ങിയിരിക്കുന്നു. തൃശൂരും പാലക്കാടുമെല്ലാം കടുത്ത പൊടിക്കാറ്റും വരൾച്ചയും. വൃശ്ചികത്തിലെ കാറ്റാണ് കാലം തെറ്റി വീശുന്നത്. അതിതീവ്രമഴ കഴിഞ്ഞാൽ പിന്നെ അതിതീവ്ര വേനൽ എന്നത് സാധാരണ പ്രതിഭാസമായി മലയാളി ഉൾക്കൊണ്ടുകഴിഞ്ഞു. പ്രളയവും വരൾച്ചയും ഒരുപോലെ നേരിടുക എന്നത് സമൂഹത്തിനും മനുഷ്യശരീരത്തിനും സൃഷ്ടിക്കുന്ന പ്രതിസന്ധികൾ ചെറുതല്ല.
മനുഷ്യനിർമ്മിതമായ പ്രത്യാഘാതങ്ങളും തിരിച്ചടികളുമുണ്ട്. അതിലൊന്നാണ് കാട്ടുതീ. വേനലിലെ കാട്ടുതീ ഭൂരിഭാഗവും മനുഷ്യനിർമ്മിതമാണ്.
ട്രക്കിങ്ങിനിടെ 23 പേർ കാട്ടുതീയിൽപ്പെട്ട് വെന്തുമരിച്ച കൊരങ്ങിണി ദുരന്തത്തിനുശേഷം ഇന്ത്യയിലെ തന്നെ ആദ്യ സംഭവമായിരുന്നു തൃശൂരിലെ ദേശമംഗലം കൊറ്റമ്പത്തൂരിലുണ്ടായത്. ആറുവർഷം മുൻപ് ഫെബ്രുവരിയിലായിരുന്നു ആ ദുരന്തം. കാട്ടുതീയിൽ മൂന്നു വനപാലകർ വെന്തുമരിക്കുന്ന കേരളത്തിലെ ആദ്യ ദുരന്തമായിരുന്നു അത്. മൃഗങ്ങൾക്കും മനുഷ്യർക്കും ആവാസവ്യവസ്ഥയ്ക്കും അതുണ്ടാക്കിയ പ്രത്യാഘാതം വലുതായിരുന്നു. ഇന്നിപ്പോൾ തീയിൽ എരിഞ്ഞൊടുങ്ങിയ കൊറ്റമ്പത്തൂർ വനത്തിൽ തളിർത്ത് തഴച്ചു വളരുകയാണ് അഞ്ച് ലക്ഷത്തിലേറെ മരങ്ങൾ.
വനംവകുപ്പ് നട്ടുവളർത്തിയ ഈ സ്വാഭാവിക വനത്തിൽ നിന്ന് മൃഗങ്ങൾ നാട്ടിലിറങ്ങാറില്ല. മരുത്, പ്‌ളാവ്, ഞാവൽ, കുമിഴ്, പേര, നെല്ലി, ആഞ്ഞിലി... പലതും കായ്ക്കാൻ തുടങ്ങി. കാട്ടുതീ പടരാൻ വഴിയൊരുക്കുന്ന പുല്ലും മറ്റും നീക്കിയാണ് നാലുവർഷം മുൻപ് വനമൊരുക്കിയത്. ജലലഭ്യത കൂട്ടാനായി കുളങ്ങളും ചെക്ക് ഡാമും നിർമ്മിച്ചു. ഭൂഗർഭ ജലവിതാനം ഉയർന്നു. മണ്ണ് ഫലഭൂയിഷ്ഠമായി. കാട് സ്വാഭാവിക സന്തുലനാവസ്ഥയിലായി. 2020 ഫെബ്രുവരി 16ന് വൈകിട്ടായിരുന്നു കൊറ്റമ്പത്തൂരിലെ ഹെക്ടർ കണക്കിന് കാട് നശിച്ചത്. തുടർന്ന് ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിന് പാട്ടത്തിന് കൊടുത്ത ഭൂമി വനം വകുപ്പ് തിരികെ ഏറ്റെടുക്കുകയായിരുന്നു.
ജാഗ്രത വേണം, മുന്നാെരുക്കങ്ങളും
കേരളത്തിലെ വനം റെയ്ഞ്ചുകളിൽ ആയിരക്കണക്കിന് ഹെക്ടറാണ് സംരക്ഷിത വനമുളളത്. കാട്ടുതീ പ്രതിരോധിക്കാൻ പലയിടങ്ങളിലും നിർമിക്കുന്ന ഫയർലൈനുകൾ പരിമിതമാണ്. ഫണ്ടിന്റെ അപര്യാപ്തതയുടെ പേരിൽ പലയിടത്തും ഫയർലൈൻ ഒഴിവാക്കും. ഓരോ വർഷവും ഹെക്ടർ കണക്കിന് കാട് കത്തുന്നുണ്ട്. വനസംരക്ഷണത്തിനായി പലയിടങ്ങളിലും വാച്ചർമാരില്ല. വനത്തിൽ കാട്ടുതീ പടർന്നാൽ ഇന്നും പച്ചത്തലപ്പുകൾകൊണ്ട് അടിച്ചുകെടുത്തുന്ന രീതി പലയിടങ്ങളിലുമുണ്ട്.
മിക്കപ്പോഴും അഗ്‌നിരക്ഷാസേനയുടെ വാഹനങ്ങൾക്ക് വനത്തിനുള്ളിലേക്ക് എത്തിച്ചേരുക പ്രയാസമാണ്. വനമേഖലയോടു ചേർന്നുകിടക്കുന്ന ഫയര്‍സ്റ്റേഷനുകൾക്ക് പോലും ഊടുവഴികളിലൂടെവരെ പോവാൻ കഴിയുന്ന ചെറിയ വാഹനങ്ങൾ ലഭ്യമാണോയെന്ന് സംശയമാണ്.
അധിനിവേശ മരങ്ങൾ ഇനിയുമെത്ര?
അധിനിവേശ മരങ്ങളായ അക്കേഷ്യയും യൂക്കാലിപ്റ്റസും അടക്കമുള്ള പ്‌ളാന്റേഷനുകളാണ് കൊറ്റമ്പത്തൂരിൽ എരിതീയിൽ എണ്ണയായത്. യൂക്കാലിപ്റ്റസ് എണ്ണയുടെ സാന്നിദ്ധ്യമുള്ള മരമായതിനാൽ പച്ചയ്ക്ക് പോലും കത്തും. ഇവ ജലക്ഷാമം രൂക്ഷമാക്കും. മറ്റ് മരങ്ങളിലേക്കും പടരും. മൂന്നാർ വന്യജീവി ഡിവിഷനിലെ ഷോല നാഷണൽ പാർക്കിൽപെട്ട കുറിഞ്ഞിമല സാംഗ്ച്വറിയിൽ 2016-17ൽ എട്ടിടങ്ങളിലായി 180 ഹെക്ടർ വനത്തിൽ തീ പടർന്നിരുന്നു. കൊറ്റമ്പത്തൂരിൽ വനമാക്കിയത് എച്ച്.എൻ.എല്ലിൽ നിന്നേറ്റെടുത്ത 475.5 ഹെക്ടർ അടക്കം 600 ഓളം ഹെക്ടറാണ്. എച്ച്.എൻ.എല്ലിനുളള പാട്ടക്കാലാവധി 20 വർഷമായിരുന്നു. പ്‌ളാന്റേഷൻ ഉണ്ടായിരുന്നത് 200 ഹെക്ടറിലും. ചെലവ് 18 കോടിരൂപയും. ഇതിന് സഹായം അനുവദിച്ചത് നബാർഡായിരുന്നു. കാടുണക്കുന്ന അധിനിവേശ മരങ്ങളായിരുന്നു കൊറ്റമ്പത്തൂരിൻ്റെ ഹരിതഹൃദയത്തിൽ തീയായത്. ഈ അധിനിവേശ മരങ്ങൾ ജലക്ഷാമം കൂട്ടി കാടുണക്കും. തീറ്റയും വെള്ളവും കുറയുമ്പോൾ മൃഗങ്ങൾ കാടിറങ്ങും. ഇവയുടെ അടിയിൽ മറ്റ് സസ്യങ്ങളും മരങ്ങളും വളരില്ല. വൻമരങ്ങളിലെ ഉയർന്ന അളവിലെ എണ്ണ കാട്ടുതീ കൂട്ടും. കാട്ടിലെ ജൈവ സന്തുലിതാവസ്ഥയെ തകിടം മറിക്കും. എന്നാൽ സ്വാഭാവിക വനം ഒരുക്കിയതോടെ മൃഗങ്ങൾ കാടിറങ്ങുന്നത് വളരെ കുറഞ്ഞു.
നാട്ടിലും തീപിടിത്തം കുറയുന്നില്ല
കാട്ടിൽ മാത്രമല്ല, നാട്ടിലും തീപിടിത്തത്തിൻ്റെ ഭീഷണിയുണ്ട്. തൃശൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഷെഡിൽ 300 ഓളം ബൈക്കുകൾ കത്തിച്ചാമ്പലായതിൻ്റെ ദുരൂഹത ഇനിയും നീങ്ങിയിട്ടില്ല.
തീപിടുത്തവുമായി ബന്ധപ്പെട്ട് കത്തി നശിച്ച വാഹനങ്ങൾക്കുള്ള നഷ്ടപരിഹാരവും നൽകിയിട്ടില്ല. ഇതിനുളള നടപടികൾ വേഗത്തിലാക്കണമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർദ്ദേശിച്ചിട്ടുണ്ട്. ജില്ലയിലെ വേനൽക്കാലത്തെ തീപിടിത്തങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ദുരന്തനിവാരണ ചെയർപേഴ്‌സൺ കൂടിയായ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അദ്ദേഹം നിർദ്ദേശം നൽകിയത്.
നഷ്ടപരിഹാരം നൽകുന്നതിനുള്ള എല്ലാ നടപടികളും എത്രയും വേഗം പൂർത്തിയാക്കണമെന്നും കളക്ടർ അധികൃതർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. തൃശൂർ റെയിൽവേ സ്റ്റേഷനിലെ ഇരുചക്ര വാഹന പാർക്കിംഗ് ഏരിയയിൽ ജനുവരി നാലിനാണ് തീപിടിത്തമുണ്ടായത്. ജില്ലയിലെ ഫയർഫോഴ്‌സ്, വനംവകുപ്പ്, ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ വേനൽക്കാല മുന്നൊരുക്കത്തെക്കുറിച്ചും കാട്ടുതീ തടയുന്നതിനുള്ള മുന്നൊരുക്കങ്ങൾ ഫയർ ഓഡിറ്റ് തുടങ്ങിയവയും യോഗത്തിൽ ചർച്ചചെയ്തിരുന്നു.
ജില്ലയിലെ ഫയർ കൺട്രോൾ റൂമിൽ ലഭിക്കുന്ന പ്രധാന ദുരന്തവിവരം ഉടൻ തന്നെ ഡി.ഇ.ഒ.സിയിൽ അറിയിക്കണം. കഠിനമായ വെയിൽ സമയത്ത് തീ പിടിക്കുന്ന വസ്തുക്കൾ അലക്ഷ്യമായി കിടക്കാതെ ശ്രദ്ധിക്കണമെന്നുമാണ് കളക്ടറുടെ നിർദ്ദേശം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |