മുംബയ്: എൻ.സി.പി നേതാവും എ.ഐ.എഫ്.എഫ് പ്രസിഡന്റുമായ പ്രഫുൽ പട്ടേൽ ചോദ്യംചെയ്യലിന് ഹാജരാകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. അധോലോകത്തലവൻ ദാവൂദ് ഇബ്രാഹിമുമായി അടുപ്പമുള്ള വ്യവസായി ഇക്ബാൽ മേമനുമായി നടത്തിയ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി നോട്ടീസ് അയച്ചത്. ഈ മാസം 18ന് ഹാജരാകാനാണ് നോട്ടീസ്. ചോദ്യം ചെയ്യലുമായി സഹകരിക്കണം എന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തിങ്കളാഴ്ച പ്രഫുൽ പട്ടേലിന് നോട്ടീസ് അയച്ചിരുന്നു.
ഇക്ബാൽ മേമനിൽ നിന്ന് ഭൂമി വാങ്ങിയതിന് പിന്നിൽ വലിയ സാമ്പത്തിക ക്രമക്കേട് നടന്നുവെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ദാവൂദ് ഇബ്രാഹിമിന്റെ വലംകൈ ആയിരുന്ന മേമന്റെ ഭാര്യ ഹസ്ര ഇഖ്ബാലിന്റെ പേരിലുള്ള ഭൂമി, പട്ടേലിനും ഭാര്യ വർഷയ്ക്കും കൂടി പങ്കാളിത്തമുള്ള മില്ലേനിയം ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് മാറ്റിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഈ കൈമാറ്റം അനധികൃതമാണെന്ന് ഇ.ഡി ആരോപിക്കുന്നു. പ്രഫുൽ പട്ടേൽ കേന്ദ്രമന്ത്രിയായിരുന്ന 2007 കാലഘട്ടത്തിലാണ് ഇക്ബാൽ മേമന്റെ ഭാര്യയുടെ പേരിലുള്ള ഭൂമിയുടെ ഇടപാട് നടന്നത്. എന്നാൽ ആരോപണങ്ങളെല്ലാം പ്രഫുൽ പട്ടേൽ നിഷേധിച്ചു. ബി.ജെ.പി ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പ്രഫുൽ പട്ടേൽ. മഹാരാഷ്ട്രയിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എൻ.സി.പി നേതാവിനെതിരെ ആരോപണവും അതിൽ അന്വേഷണവും ഉണ്ടാകുന്നത്. ഈ മാസം 21നാണ് മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |