
55ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമർപ്പണ വേദിയിലെ ഇരിപ്പിട ക്രമീകരണത്തിനെതിരെ രൂക്ഷവിമർശനമുയർത്തിയ നടി അഹാന കൃഷ്ണയ്‌ക്കെതിരായുള്ള കുറിപ്പ് വൈറലാവുന്നു. നടിയുടെ വാദം അടിസ്ഥാനരഹിതമാണെന്നും എന്തിനാണ് ഫെമിനിസം കാർഡ് ഇറക്കുന്നതെന്നുമാണ് ഒരു സോഷ്യൽ മീഡിയ ഉപഭോക്താവിന്റെ കുറിപ്പിൽ ചോദിക്കുന്നത്. പുരസ്‌കാരത്തിന് അർഹരായ സ്ത്രീകളെ മുൻനിരയിൽ നിന്ന് ഒഴിവാക്കി പിന്നിലെ നിരകളിൽ ഇരുത്തിയ രീതിക്കെതിരെയാണ് താരം സോഷ്യൽ മീഡിയയിലൂടെ രൂക്ഷവിമർശനം ഉന്നയിച്ചത്. ചടങ്ങിന്റെ വീഡിയോയും അഹാന പങ്കുവച്ചിരുന്നു.
'കഴിഞ്ഞദിവസം നടന്ന 55ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങിലെ ഇരിപ്പിട ക്രമീകരണത്തെച്ചൊല്ലി നടി അഹാന കൃഷ്‌ണ പങ്കുവച്ച ഇൻസ്റ്റാഗ്രാം സ്റ്റോറി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. സ്‌ത്രീകളെല്ലാം പിന്നിലായിപ്പോയത് യാദൃച്ഛികമാണോയെന്ന അഹാനയുടെ ചോദ്യം കേട്ടാൽതോന്നും അവിടെ വലിയൊരു ലിംഗവിവേചനം നടന്നുവെന്ന്. എന്നാൽ സത്യമെന്താണ്? ഇവിടെ അറിയേണ്ട ചില വസ്‌തുതകളുണ്ട്.
മികച്ച നടിക്കുള്ള അവാർഡ് ജേതാവായ ഷംല ഹംസ മുൻനിരയിൽ മികച്ച നടന്മാർക്കും സംവിധായകർക്കും ഒപ്പമാണ് ഇരുന്നത്. അഹാന ആരോപിക്കുന്നതുപോലെ സ്‌ത്രീകളെല്ലാവരും പിന്നിലായിരുന്നില്ല. ഇത്തരം ഔദ്യോഗിക ചടങ്ങുകളിൽ സീറ്റിംഗ് ക്രമീകരിക്കുന്നത് അവാർഡ് വിഭാഗങ്ങൾക്കനുസരിച്ചാണ്. മികച്ച നടൻ, നടി, സംവിധായകൻ, ജൂറി പരാമർശം ലഭിച്ചവർ എന്നിങ്ങനെയാണ് മുൻനിരയിൽ പരിഗണിക്കുന്നത്. അതാണ് പ്രോട്ടോക്കോൾ.
മികച്ച സഹനടൻ, സഹനടി, സംഗീത സംവിധായകർ, ഗായകർ തുടങ്ങിയവർക്ക് തൊട്ടടുത്ത നിരകളിലാണ് സീറ്റുകൾ നൽകാറുള്ളത്. ഇത് ആണിനും പെണ്ണിനും ഒരുപോലെ ബാധകമാണ്. മമ്മൂട്ടിയും ടൊവിനോയും ആസിഫ് അലിയും മുൻനിരയിൽ ഇരുന്നത് അവർക്ക് ലഭിച്ച പുരസ്‌കാരങ്ങളുടെ വിഭാഗം അനുസരിച്ചാണ്.
ഒരു ഓൺലൈൻ മാദ്ധ്യമം പങ്കുവച്ച അപൂർണമായ വീഡിയോ കണ്ടിട്ടാണ് അഹാന അത്തരമൊരു പ്രതികരണം നടത്തിയത്. ചടങ്ങിന്റെ മുഴുവൻ ദൃശ്യങ്ങൾ പരിശോധിച്ചാൽ അഹാനയുടെ വാദം അടിസ്ഥാനരഹിതമാണെന്ന് മനസിലാവും. എന്തിനാണ് ഈ ഫെമിനിസം കാർഡ്? കാര്യങ്ങൾ കൃത്യമായി അന്വേഷിക്കാതെ താൻ വലിയ എന്തോ വിപ്ളവം നടത്തുകയാണെന്ന ഭാവത്തിൽ സ്റ്റോറി ഇടുന്നത് വെറും കയ്യടിക്കുവേണ്ടിയാണെന്ന് പറയേണ്ടിവരും. പ്രശസ്തരായ നടിമാർപോലും പരാതിപ്പെടാത്തയിടത്ത് വസ്തുതകൾ വളച്ചൊടിച്ച് ലിംഗവിവേചനം ആരോപിക്കുന്നത് അഹാനയുടെ സ്ഥിരം പബ്ളിസിറ്റി സ്റ്റണ്ട് ആണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു'- എന്നാണ് കുറിപ്പിൽ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |