SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.03 PM IST

ഇന്ത്യ : ലോകത്തെ സുസ്ഥിര ശക്തി

Increase Font Size Decrease Font Size Print Page
s

സമാധാന ദൗത്യങ്ങളും സമതുലിതമായ നയതന്ത്രത്തിനുതകുന്ന മാനുഷിക ഇടപെടലുകളും എല്ലാത്തിനേയും ഉൾക്കൊള്ളുന്ന വികസനരീതിയും കൊണ്ട്, അശാന്തമായ ആഗോള രംഗത്ത് സുസ്ഥിരതയുടെ അടയാളമായി ഇന്ത്യ മാറുകയാണ്.

രാജ്യാതിർത്തികൾ കടന്നുള്ള സംഘർഷങ്ങളും ആഗോള സ്ഥാപനങ്ങളുടെ ശിഥിലീകരണവും കൂടെക്കൂടെയുള്ള മാനുഷിക പ്രതിസന്ധികളും ആടിത്തിമിർക്കുന്ന കാലത്ത് സുസ്ഥിരത കാത്തുസൂക്ഷിക്കാൻ കഴിയുന്ന ശക്തികൾ അനിവാര്യമായിരിക്കുകയാണ്. ഉത്തരവാദിത്വത്തോടും സഹജാവബോധത്തോടും ഫലപ്രദമായും സുസ്ഥിരതയുണ്ടാക്കാൻ കഴിയുന്ന ശക്തികളാണ് ഇന്ന് ആവശ്യം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും ഉദിച്ചുയരുന്ന ആഗോള ശക്തിയും എന്ന നിലയിൽ ഈ റോൾ ഭംഗിയായി നിർവഹിക്കാൻ കഴിയുന്ന രാജ്യമാണ് ഇന്ത്യ. സമാധാന ദൗത്യങ്ങളും സമതുലിതമായ നയതന്ത്രത്തിനുതകുന്ന മാനുഷികമായ ഇടപെടലുകളും എല്ലാത്തിനേയും ഉൾക്കൊള്ളുന്ന വികസന രീതിയും കൊണ്ട്, അശാന്തമായ ആഗോള രംഗത്ത് സുസ്ഥിരതയുടെ അടയാളമായി ഇന്ത്യ മാറുകയാണ്.

ഇതേവരെ കണ്ടിട്ടില്ലാത്ത അസ്വസ്ഥതകളിലാണ് ഇന്ന് ആഗോള രംഗം. യൂറോപ്പിലും പശ്ചിമേഷ്യയിലും യുദ്ധങ്ങൾ തുടരുകയാണ്. ആഫ്രിക്കയിലും ഏഷ്യയുടെ ചില ഭാഗങ്ങളിലും സംഘർഷങ്ങൾ തിളച്ചുമറിയുന്നു. കാലാവസ്ഥാദുരന്തങ്ങൾ ദശലക്ഷങ്ങളെ കടപുഴക്കിയെറിയുന്നു. ഒപ്പം സാമ്പത്തിക അരക്ഷിതാവസ്ഥ സാമുഹ്യമായ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നു. ശിത യുദ്ധത്തിനു പിന്നാലെ ഉണ്ടായതുപോലുള്ള സംഘർഷങ്ങൾ നിലനിൽക്കുന്നതായാണ് അടുത്തിടെ വന്ന ആഗോള സുരക്ഷ സംബന്ധിച്ച സ്ഥിതിവിവരകണക്കുകൾ സൂചിപ്പിക്കുന്നത്. വൻ ശക്തികൾ തമ്മിലുള്ള ചേരിപ്പോര് സമവായ സാധ്യതകൾ ഇല്ലാതാക്കുമ്പോൾ പല മേഖലകളിലുമുള്ള സംവിധാനങ്ങൾ പ്രതികരിക്കാൻ തന്നെ പാടുപെടുന്നു. ഇത്തരം സന്ദർഭത്തിൽ ക്ഷമാശീലവും ഉത്തരവാദിത്വവും കാണിക്കാൻ കഴിയുന്ന രാജ്യങ്ങൾക്ക് പ്രസക്തി ഏറുകയാണ്.

ആഗോള സുസ്ഥിരതയ്ക്കായി ഇന്ത്യ നൽകുന്ന സംഭാവനകൾ വലിയ ഒച്ചപ്പാടൊന്നും ഉണ്ടാക്കിക്കൊണ്ടല്ല. അത് പതിറ്റാണ്ടുകൾ കൊണ്ടു നേടിയെടുത്ത വിശ്വാസ്യതയുടെ പുറത്താണ്. അതിൽ സുപ്രധാനമായ ഒരേടാണ് ഐക്യരാഷ്ട്ര സംഘടനയുടെ സമാധാന സംരക്ഷണ യത്നങ്ങളിൽ ഇന്ത്യ പ്രകടിപ്പിച്ചിട്ടുള്ളത്. സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷം ഐക്യരാഷ്ട്ര സംഘടന നടത്തിയ 50 ലേറെ ദൗത്യങ്ങളിൽ ഏതാണ്ട് 2,90,000 പേരെയാണ് ഇന്ത്യ വിന്യസിപ്പിച്ചത്. ഇതാകട്ടെ യു.എൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദൗത്യസേനയായിരുന്നു. നിലവിൽ 2025 വരെ ദക്ഷിണ സുഡാൻ, ലെബനൺ ഗോലാൻ കുന്നുകൾ അടക്കമുള്ള മധ്യപൂർവ ദേശങ്ങളിലും ആഫ്രിക്കയിലുമൊക്കെയുള്ള സംഘർഷ മേഖലകളിൽ ഇന്ത്യയുടെ 5000 ത്തിലേറെ വരുന്ന സമാധാന ദൗത്യ സംഘാംഗങ്ങൾ പ്രവർത്തന സജ്ജരാണ്.

പാരിസ്ഥിതിക വെല്ലുവിളികൾ ശക്തമായ പ്രദേശങ്ങളിൽ സാധാരണ പൗരജനങ്ങളുടെ സംരക്ഷണത്തിന് പരമപ്രാധാന്യം നൽകിയാണ് ഇന്ത്യ സമാധാന ദൗത്യങ്ങളിൽ ഏർപ്പെടുന്നത്. വെടിനിർത്തൽ യാഥാർത്ഥ്യമാക്കുന്നതിനൊപ്പം ഇത്തരം സംഘർഷ ഭരിതമേഖലകളിൽ അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കുന്നതിനും തെരഞ്ഞെടുപ്പ് പ്രക്രിയയെ പിന്തുണയ്ക്കുന്നതിനും ക്രമസമാധാന പാലനം ഉറപ്പുവരുത്തുന്നതിനും ഇന്ത്യൻ സമാധാന ദൗത്യസംഘം ശ്രദ്ധിക്കുന്നു. ലൈബീരിയയിൽ വനിതകളെ മാത്രം ഉൾപ്പെടുത്തി ഇതാദ്യമായി രൂപീകരിച്ച സമാധാന ദൗത്യസംഘത്തെ ഇന്ത്യ വിന്യസിപ്പിച്ചു. ഇത് സുരക്ഷാ സംവിധാനശ്രമങ്ങളിൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കി ജനവിശ്വാസം ആർജിക്കാൻ ഉപകരിച്ചു. ഇതാകട്ടെ, വലിയ തോതിൽ പ്രശംസിക്കപ്പെടുകയും ചെയ്തു.

കേവലം സമാധാന ദൗത്യങ്ങളിൽ മാത്രം ഒതുങ്ങി നിന്നുകൊണ്ടല്ല ഇന്ത്യ സുസ്ഥിരതയുടെ പാഠങ്ങൾ കാഴ്ചവയ്ക്കുന്നത്. അത് ദുരന്ത മുഖങ്ങളിൽ സഹായ ഹസ്തങ്ങൾ നീട്ടുന്ന തികച്ചും മാനുഷികമായ ഇടപെടലുകളിലൂടെക്കൂടിയാണ്.

സമാനമായ രീതിയിലാണ് നേരത്തെ നേപ്പാളിലും ശ്രീലങ്കയിലും ടർക്കിയിലുമൊക്കെ ഇന്ത്യ ഇടപെട്ടത്. ദുകമ്പമാകട്ടെ, ചുഴലിക്കാറ്റാകട്ടെ, പ്രളയമാകട്ടെ അവയിലെല്ലാം ഒരു തരത്തിലുമുള്ള രാഷ്ട്രീയം കാണിക്കാതെ, എല്ലാവരെയും ചേർത്തു പിടിച്ചു കൊണ്ടു് ദ്രുതഗതിയിലുള്ള രക്ഷാ ദൗത്യങ്ങളിലാണ് ഇന്ത്യ ഏർപ്പെടുന്നത്. ഒരു തരത്തിലുമുള്ള വിവേചനം കാണിക്കാതെയും തന്ത്രപരമായ കണക്കുകൂട്ടലുകൾ നടത്താതെയും തികച്ചും മാനുഷികമായ ഇടപെടലുകളാണ് ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നത്.

സംഘർഷ മേഖലകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു കൊണ്ടുവരുന്നതിലും ഇന്ത്യ വലിയ ഉത്തരവാദിത്വം കാണിക്കുന്നുണ്ട്. സുഡാനിലെ ആഭ്യന്തരയുദ്ധകാലത്ത് ഇന്ത്യയുടെ നാവിക വ്യോമ സേനകൾ ആയിരക്കണക്കിന് ഇന്ത്യക്കാർക്കൊപ്പം വിദേശ പൗരന്മാരെയും പല രാജ്യങ്ങളിൽ നിന്ന് രക്ഷപ്പെടുത്തി. ഇതെല്ലാം ഇന്ത്യയുടെ നയതന്ത്ര ഇടപെടലുകൾക്കൊപ്പം സൈനിക ശേഷി വിന്യസിപ്പിക്കുന്നതിനുള്ള കഴിവിനെയും അടിവരയിടുന്നതാണ്.

നയതന്ത്രമേഖലയിൽ ഇന്ത്യ സമതുലിതമായ ഒരു മാതൃക തന്നെ സൃഷ്ടിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു ബ്ലോക്കിൽ ഒതുങ്ങാതെ, എല്ലാ വൻ ശക്തികളുമായിക്കൂടി ഇടപെടൽ നടത്തിയാണ് ഇന്ത്യ ഇതു സാധ്യമാക്കുന്നത്. ഇതുവഴി അമേരിക്കയും യൂറോപ്പും റഷ്യയും ഗൾഫ് രാജ്യങ്ങളും ആഫ്രിക്കയും തെക്കുകിഴക്കൻ ഏഷ്യയും ഒക്കെയായി ഒരേ സമയം ക്രിയാത്മകമായ ബന്ധം നിലനിർത്താൻ സഹായിക്കുന്നു.

ജി 20, ബ്രിക്സ്, യു. എൻ എന്നീ അന്താരാഷ്ട്ര ഏജൻസികളിൽ നടത്തുന്ന സംവാദങ്ങളിലൂടെ ആഗോള ഭരണ സംവിധാനത്തിന്റെ തന്നെ വക്താവായി നിലക്കൊള്ളാനും ഇന്ത്യക്കു കഴിയുന്നുണ്ട്. ജി 20 രാജ്യങ്ങളുടെ അധ്യക്ഷ പദവി അലങ്കരിച്ച ഘട്ടത്തിൽ കാലാവസ്ഥാ ദുരന്തത്തിനുള്ള ധനസഹായം, വികസന സമതുല്യത തുടങ്ങിയ കാര്യങ്ങളിൽ ദക്ഷിണ ഗോളത്തിലെ രാജ്യങ്ങളുടെ ആശങ്കകൾ അകറ്റാൻ ഇന്ത്യക്കു കഴിഞ്ഞിട്ടുണ്ട്.
ആഗോള മാന്ദ്യത്തിന്റെ പശ്ചാത്തലത്തിലും ഇന്ത്യ വളർന്നു കൊണ്ടിരിക്കുന്ന സമ്പദ്ശക്തിയാണ്. ഏഴു ശതമാനം വളർച്ച കൈവരിച്ചാണ് ഇതു സാധ്യമാക്കുന്നത്. ഈ സാമ്പത്തിക പുരോഗതി പ്രദേശത്തെ സുസ്ഥിരതയ്ക്ക് വലിയ സംഭാവന നൽകുന്നുണ്ട്. വ്യാപാര സാധ്യതകൾ വർധിപ്പിച്ചും തൊഴിലവസരങ്ങൾ സൃഷ്ടിച്ചും നിക്ഷേപങ്ങൾ ശക്തിപ്പെടുത്തിയുമാണ് ഇത് സാധ്യമാക്കുന്നത്. ദക്ഷിണേഷ്യയിലും ഗൾഫിലും ആഫ്രിക്കയിലുമൊക്കെ ഇന്ത്യ നടത്തുന്ന നിക്ഷേപങ്ങൾ ഏറ്റവും മികച്ചതാണ്. ഇത് ദശലക്ഷക്കണക്കിന് കുടുംബങ്ങൾക്കാണ് സാമ്പത്തിക സുസ്ഥിരത സമ്മാനിക്കുന്നത്.

ഇന്ത്യയുടെ പുറംരാജ്യങ്ങളിലെ ഈ സാന്നിധ്യം നമ്മുടെ ആഭ്യന്തര അനുഭവങ്ങളിൽ വേരുന്നിയതാണ്. ബഹുമതങ്ങളും ഭാഷകളും സംസ്കാരങ്ങളും നിറഞ്ഞ ഇന്ത്യക്ക് ഭരണഘടനാപരമായ ജനാധിപത്യ സമ്പ്രദായം കൊണ്ട് വൈവിധ്യം നിലനിർത്താൻ കഴിയുന്നുണ്ട്. ഈ ബഹുസ്വരത അന്താരാഷ്ട്ര രംഗത്ത് ഇന്ത്യയുടെ വിശ്വാസ്യത വർധിപ്പിക്കുന്നുണ്ട്. ഇന്ത്യ ഒരു പ്രത്യയശാസ്ത്രം പുറത്തേക്കു കയറ്റി അയക്കുകയോ മറ്റുള്ളവരിൽ ഏതെങ്കിലും രാഷ്ട്രീയ മാതൃകകൾ അടിച്ചേൽപ്പിക്കുകയോ ചെയ്യാത്തതിനുള്ള വിശദീകരണം കൂടിയാണിത്.

ഇന്ത്യ ഇന്ത്യയുടേതായ ആഭ്യന്തര വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന വിമർശനം ശരിയാണ്. പക്ഷെ, ഇത് തുറന്ന സംവാദത്തിനും വിയോജിപ്പിനും ജനാധിപത്യപരമായ തിരുത്തലുകൾക്കുമുള്ള നമ്മുടെ സന്നദ്ധതയ്ക്ക് തെളിവാണെന്നതും നമ്മുടെ സുസ്ഥിരതയ്ക്ക് ശക്തി പകരുന്നു.

അധീശത്വം സ്ഥാപിച്ചല്ല ഇന്നത്തെ ലോകത്ത് സുസ്ഥിരത ഉണ്ടാക്കേണ്ടത്. മറിച്ച് വിശ്വാസമാർജിച്ചും ഉത്തരവാദിത്വത്തിലൂടെയും സാധ്യതകൾ ഉയർത്തിയുമാണ്. ഈ മാനദണ്ഡങ്ങൾ വച്ചു നോക്കുമ്പോൾ ഇന്ത്യ കേവലം ഉദിച്ചുയരുന്ന ശക്തിയല്ല, മറിച്ച് സുസ്ഥിരത കൈവരിച്ച ശക്തിയാണ്.

TAGS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY