കോതമംഗലം: മുൻ നക്‌സൽ നേതാവ് ചേലച്ചുവട് ചുണ്ടമണ്ണിൽ വീട്ടിൽ വെള്ളത്തൂവൽ സ്റ്റീഫൻ (82) അന്തരിച്ചു. വടാട്ടുപാറയിൽ ഏകമകൾ ദ്യുതിയുടെ വസതിയിൽ ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. ബ്രെയിൻട്യൂമർ ബാധിച്ച് ചികിത്സയ്ക്കുശേഷം വിശ്രമത്തിലായിരുന്നു. സംസ്‌കാരം: ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഇല്ലാതെ മൃതദേഹം ദഹിപ്പിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.
കോട്ടയത്തുനിന്ന് ഇടുക്കി വെള്ളത്തൂവലിലേക്ക് കുടിയേറിയ കർഷക കുടുംബത്തിലെ അംഗമാണ് സ്റ്റീഫൻ. ചെറുപ്പത്തിൽ നക്‌സൽ ആശയങ്ങളിൽ ആകൃഷ്ടനായി, സജീവമായി രംഗത്തിറങ്ങി. 1968ൽ കുപ്രസിദ്ധമായ തലശേരി പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ പങ്കെടുത്തു. 71ൽ അറസ്റ്റിലായി. ജയിൽവാസത്തിനിടെ രാഷ്ട്രീയം ഉപേക്ഷിച്ച് ആത്മീയ ജീവിതം സ്വീകരിച്ചു. 15വർഷത്തിനുശേഷം ജയിൽ മോചിതനായി സുവിശേഷ പ്രവർത്തനങ്ങളിലേക്ക് കടന്നു. പിന്നീട് വിശ്രമ ജീവിതം. ഇതിനിടെ ആത്മകഥയടക്കം ഏഴ് പുസ്തകങ്ങളും നിരവധി ലേഖനങ്ങളും രചിച്ചു. പ്രഭാഷകനായി വേദികളിലുമെത്തി.
'വെള്ളത്തൂവൽ സ്റ്റീഫന്റെ ആത്മകഥ" എന്ന പേരിൽ അദ്ദേഹം രചിച്ച പുസ്തകം സന്തോഷ് ഏച്ചിക്കാനത്തിന്റെ തിരക്കഥയിൽ സിനിമയാക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഭാര്യ: മാലതി. മരുമകൻ: വടാട്ടുപാറ കുടലിപ്പുറത്ത് ടിജോ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |