
തിരുവനന്തപുരം: കേൾക്കുന്നത് സിനിമാഗാനങ്ങളായാലും മറ്റു വാദ്യോപകരണങ്ങളായാലും അടുത്ത നിമിഷം അത് സപ്തസ്വരങ്ങളായി പാടി വിസ്മയിപ്പിക്കുകയാണ് മാളവിക അനിൽകുമാർ. നിമിഷാർദ്ധംകൊണ്ട് അതിലെ രാഗങ്ങൾ തിരിച്ചറിയുന്ന പ്രതിഭാവിലാസത്തിന് ഉടമയാണ് 33കാരിയായ തൃശൂർ കണിമംഗലം മോഹനം വീട്ടിൽ മാളവിക. ശാസ്ത്രീയ സംഗീതത്തിൽ അറിവില്ലാത്ത സാധാരണക്കാർക്ക് പോലും സ-രി-ഗ-മ-പ-ധ-നി-സ എന്ന ഏഴുസ്വരങ്ങൾ തങ്ങൾ നിത്യവും കേൾക്കുന്ന പാട്ടുകളിൽ എങ്ങനെ സന്നിവേശിച്ചിരിക്കുന്നുവെന്ന് മാളവിക പാടി കേൾപ്പിച്ചുതരും. അങ്ങനെ സംഗീതത്തിന്റെ ഡി.എൻ.എ ഡികോഡ് ചെയ്യും.
ഏതുപാട്ടു കേട്ടാലും അതിനെ സപ്തസ്വരങ്ങളിലേക്ക് മാറ്റി പാടുന്ന ശീലം കുട്ടിക്കാലത്തേ തുടങ്ങിയതാണ്. മൂന്ന് വയസുമുതൽ സംഗീതം അഭ്യസിച്ചു തുടങ്ങിയ മാളവിക, ഏകദേശം നാലു വയസായപ്പോൾതന്നെ ഈ കഴിവ് പ്രകടിപ്പിച്ചുതുടങ്ങി. മുത്തച്ഛന്റെ മൂത്ത സഹോദരൻ മങ്ങാട് നടേശനിൽ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങൾ പഠിച്ചത്.
സംഗീതത്തെ പ്രണയിക്കുന്ന മാളവിക, ചാനലുകളിലെ മൂന്ന് റിയാലിറ്റി ഷോകളിൽ ടൈറ്റിൽ വിന്നർ ആയിരുന്നു.
ഇലക്ട്രിക്കൽ എൻജിനിയറാണെങ്കിലും സംഗീതം പഠിക്കാനും പഠിപ്പിക്കാനുമാണ് ഏറെയിഷ്ടം. പല ബാച്ചുകളായി ദിവസം 13 മണിക്കൂർവരെ ക്ളാസെടുക്കാറുണ്ട്. ഓൺലൈനിൽ പഠിപ്പിക്കുന്നതിനാൽ ആ ദൗത്യം കേരളത്തിലും ഇന്ത്യയിലും ഒതുങ്ങി നിൽക്കുന്നില്ല. അമേരിക്കയിലും ബ്രിട്ടണിലും ഓസ്ട്രേലിയയിലും ഗൾഫ് രാജ്യങ്ങളിലും ശിഷ്യഗണങ്ങളുണ്ട്. നാലുവയസുകാർ മുതൽ 65 വയസ് പിന്നിട്ടവർ വരെ ഇക്കൂട്ടത്തിലുണ്ട്. ചിരപരിചിതമായ പാട്ടുകളിലൂടെ അവരെ രാഗത്തിന്റെ ഉള്ളറകളിലേക്ക് കൂട്ടികൊണ്ടു പോവുകയാണ്.
പതിനായിരം മണിക്കൂർ ഓൺലൈൻ സംഗീത അദ്ധ്യാപനം പൂർത്തിയാക്കിയതിനും ഏറ്റവും കൂടുതൽ റിയാലിറ്റി ഷോകളിൽ പങ്കെടുത്ത് ടൈറ്റിൽ വിന്നറായതിനും ഇന്ത്യ ബുക്ക് ഒഫ് റെക്കോർഡും ലഭിച്ചിട്ടുണ്ട്. അച്ഛൻ അനിൽ കുമാർ, അമ്മ ബിന്ദു. മക്കൾ: സാവിനി, സിദ്ധാന്ത്.
ഡി.എൻ.എ കണ്ടെത്തുന്നത് ഇങ്ങനെ
പാട്ടിന്റെ ഈണത്തെ സ്വരങ്ങളാക്കി മാറ്റുന്നതാണ് ഈ രീതി. ദക്ഷിണേന്ത്യൻ പാട്ടുകളേറെയും കർണാട്ടിക് രാഗങ്ങളിലും ഉത്തരേന്ത്യൻ ഗാനങ്ങളേറെയും ഹിന്ദുസ്ഥാനി രാഗത്തിലുമാണ്. ഒരു പാട്ടിൽ പലഭാഗങ്ങളിൽ സമാന ഈണങ്ങൾ ആവർത്തിക്കാം. ശാസ്ത്രീയ സംഗീതത്തിന്റെ 'ഗമഗ" പ്രയോഗങ്ങളും രാഗത്തിന്റേതായ സഞ്ചാരങ്ങളും ഇവയുടെ മിശ്രിതവും പാട്ടിലുണ്ടാവും. ഇംഗ്ലീഷ്, അറബിക് രാഗങ്ങളുമുണ്ടാവാം. സിനിമാഗാനങ്ങളുടെ ആത്യന്തിക ലക്ഷ്യം ഭാവം നൽകുകയെന്നതാണ്. എന്തെല്ലാം സ്വരങ്ങളുപയോഗിച്ചാണ് ട്യൂണുണ്ടാക്കിയതെന്ന് വേർതിരിച്ചാണ് പാട്ട് ഡീ കോഡ് ചെയ്യുന്നതെന്ന് മാളവിക പറയുന്നു.
സ്വരസ്ഥാനങ്ങളിലൂടെ പാടുമ്പോഴാണ് പാട്ടിന്റെ പൂർണത എനിക്ക് ലഭിക്കുന്നത്. ഇത് മറ്റുള്ളവർക്ക് പകർന്നു നൽകാൻ സോഷ്യൽ മീഡിയയിൽ നിരവധി വീഡിയോകളും ചെയ്യുന്നുണ്ട്.
- മാളവിക അനിൽകുമാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |