
തിരുവനന്തപുരം: കേന്ദ്രത്തിൽ ഐ.ജി പദവിയിലെ നിയമനത്തിനും എംപാനൽ ചെയ്യാനും എസ്.പി, ഡി.ഐ.ജി റാങ്കിലുള്ളവർക്ക് രണ്ടുവർഷം കേന്ദ്രഡെപ്യൂട്ടേഷൻ നിർബന്ധമാക്കിയതോടെ കേരളത്തിൽ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ക്ഷാമം രൂക്ഷമാവും. 172ഐ.പി.എസുകാർ ആവശ്യമായ കേരളത്തിൽ നിലവിൽ 139പേരേയുള്ളൂ. ഇതിൽ 24പേർ കേന്ദ്രഡെപ്യൂട്ടേഷനിലാണ്. 2011ബാച്ച് മുതലുള്ളവർക്ക് സ്ഥാനക്കയറ്റത്തിന് ഡെപ്യൂട്ടേഷൻ നിർബന്ധമാക്കിയതോടെ ഉദ്യോഗസ്ഥർ കൂട്ടത്തോടെ കേന്ദ്രത്തിലേക്ക് പോവുന്ന സ്ഥിതിയുണ്ടാവും.
കേന്ദ്ര സായുധസേനകളിൽ എസ്.പി, ഡി.ഐ.ജി റാങ്കിലുള്ളവരുടെ കുറവ് നികത്താനാണ് രണ്ടുവർഷത്തെ നിർബന്ധിത ഡെപ്യൂട്ടേഷൻ. കേന്ദ്രത്തിൽ അനുവദിക്കപ്പെട്ട 229 എസ്.പി തസ്തികകളിൽ 104 എണ്ണവും 256 ഡി.ഐ.ജി തസ്തികകളിൽ 69 എണ്ണവും കാലിയാണ്. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാലുടൻ കേന്ദ്രഡെപ്യൂട്ടേഷനുള്ള എൻ.ഒ.സി അനുവദിക്കണമെന്ന് ചീഫ്സെക്രട്ടറിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കത്തുനൽകി. നിലവിൽ സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ (എൻ.ഒ.സി) കേന്ദ്രഡെപ്യൂട്ടേഷന് അപേക്ഷിക്കാനാവില്ല. കേന്ദ്രം അനുവദിച്ചാലും സംസ്ഥാനം വിടുതൽ ഉത്തരവിറക്കാതെ പോകാനുമാവില്ല.
സംസ്ഥാനങ്ങളിലെ കേഡർ തസ്തികകളിൽ 40ശതമാനം ഡെപ്യൂട്ടേഷൻ റിസർവാണ്. അതായത് കേന്ദ്രം ആവശ്യപ്പെടുമ്പോൾ വിട്ടുനൽകാനുള്ളത്. ഡെപ്യൂട്ടി സെക്രട്ടറി മുതൽ സെക്രട്ടറി വരെ കേന്ദ്രത്തിലെ തസ്തികകളെല്ലാം ഓപ്പൺ തസ്തികകളാണ്. ഏത് കേഡറിൽ നിന്നും സർവീസിൽ നിന്നും യോഗ്യരായവരെ നിയമിക്കാം. കരാർ നിയമനവുമാവാം. മുൻപ് ഊർജ്ജ സെക്രട്ടറിയായി റിലയൻസിൽ നിന്ന് വിരമിച്ചയാളെ നിയമിച്ചിട്ടുണ്ട്. ഉത്തരേന്ത്യക്കാർ കേന്ദ്രഡെപ്യൂട്ടേഷൻ തരപ്പെടുത്തി പോകാനൊരുങ്ങിയാൽ സംസ്ഥാനത്തിന് തടയാനാവില്ല. ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലെങ്കിൽ അധികചുമതല നൽകേണ്ടിവരും. മികച്ച ഉദ്യോഗസ്ഥരെ കേന്ദ്രസർവീസിൽ ലഭിക്കുന്നില്ലെന്നും സുപ്രധാന തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നെന്നുമാണ് കേന്ദ്രത്തിന്റെ വിശദീകരണം.
കേന്ദ്രഡെപ്യൂട്ടേഷന്
താത്പര്യമേറും
ഉത്തരേന്ത്യക്കാരായ ഉദ്യോഗസ്ഥർക്ക് ഡൽഹിയിൽ പ്രവർത്തിക്കാൻ താല്പര്യം
കേന്ദ്രത്തിൽ ആഭ്യന്തരമന്ത്രാലയത്തിലും സായുധസേനകളിലും മികച്ച പദവികൾ
കേന്ദ്രഡെപ്യൂട്ടേഷനിൽ ക്വാർട്ടേഴ്സും വാഹനങ്ങളുമടക്കം എല്ലാസൗകര്യങ്ങളും
''മുതിർന്ന പദവികളിലേക്ക് ഉദ്യോഗസ്ഥരെ പരിഗണിക്കുംമുൻപ് മതിയായ പരിചയം ഉറപ്പാക്കാനാണ് ഡെപ്യൂട്ടേഷൻ നിർബന്ധമാക്കുന്നത്''
-ആഭ്യന്തരമന്ത്രാലയം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |