തിരുവനന്തപുരം: വട്ടിയൂർക്കാവും കോന്നിയും അഭിമാനപ്രശ്നമായെടുത്ത് യു.ഡി.എഫിനായി പരസ്യമായി ഇറങ്ങുന്ന എൻ.എസ്.എസിന്റെ നീക്കത്തിൽ സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പ് രാഷ്ട്രീയം കൗതുകമുണർത്തുന്ന വഴിത്തിരിവിൽ. മുമ്പ് എൻ.ഡി.പി എന്ന രാഷ്ട്രീയപ്പാർട്ടി രൂപീകരിച്ച ഘട്ടത്തിലല്ലാതെ തിരഞ്ഞെടുപ്പുകളിൽ ഏതെങ്കിലും മുന്നണിക്കായി എൻ.എസ്.എസ് നേതൃത്വം പരസ്യമായി രംഗത്തിറങ്ങിയിട്ടില്ലെന്നിരിക്കെ, ഇപ്പോഴത്തെ സംഭവഗതികളെ മുന്നണികൾ ഉറ്റുനോക്കുകയാണ്.
എൻ.എസ്.എസിന്റെ പരസ്യനിലപാടോടെ, ഉപതിരഞ്ഞെടുപ്പിൽ സാമുദായിക രാഷ്ട്രീയത്തിന്റെ പ്രതിഫലനം എത്രത്തോളമാകുമെന്നതിലേക്ക് ചർച്ചകൾ വഴിമാറിയിട്ടുണ്ട്. മൂന്ന് മുന്നണികളോടും ഒരേ നിലപാടെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും എസ്.എൻ.ഡി.പി പിന്തുണ ആർക്കൊപ്പമാകുമെന്നതിലുമുണ്ട് ആകാംക്ഷ. പാലായിൽ കിട്ടിയ എസ്.എൻ.ഡി.പി പിന്തുണ വരുന്ന ഉപതിരഞ്ഞെടുപ്പുകളിലും കിട്ടുമെന്ന പ്രതീക്ഷ ഇടതുമുന്നണിക്കുണ്ട്. ക്രൈസ്തവസഭാ തർക്കത്തിലെ മുന്നണികളുടെ നിലപാടും എറണാകുളവും കോന്നിയും വട്ടിയൂർക്കാവുമടക്കമുള്ള മണ്ഡലങ്ങളിൽ ചർച്ചാവിഷയമാണ്.
വട്ടിയൂർക്കാവിൽ എൻ.എസ്.എസ് നേതൃത്വം കരയോഗങ്ങളിൽ ജനറൽബോഡി വിളിച്ചുചേർത്ത് യു.ഡി.എഫിനായി പരസ്യമായി ആഹ്വാനം ചെയ്യുന്നതാണ് കഴിഞ്ഞദിവസങ്ങളിൽ കണ്ടതെങ്കിൽ ഇന്നലെ തൊട്ട് സ്ക്വാഡ് പ്രവർത്തനത്തിലേക്ക് അവരുടെ പ്രചരണം നീങ്ങിയിരിക്കുന്നു. ശരിദൂരം എന്നത് ഇന്നത്തെ സാഹചര്യത്തിൽ യു.ഡി.എഫിനെ തുണയ്ക്കലാണെന്നാണ് എൻ.എസ്.എസ് തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രസിഡന്റ് എം. സംഗീത് കുമാർ ഇന്നലെ ദൃശ്യമാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
എന്നാൽ, കരയോഗങ്ങളിൽ ഈ നിലപാട് പ്രഖ്യാപിക്കുമ്പോൾ ഇടതുമുന്നണിയെയും ബി.ജെ.പിയെയും തുണയ്ക്കുന്നവരുടെ എതിർപ്പ് ഉയരുന്നുമുണ്ട്. ചിലേടത്ത് വലിയ തർക്കമായി വരെ അത് വളരുന്നു. എങ്കിലും അത് ഗൗനിക്കാതെ നീങ്ങുകയാണ് നേതൃത്വം. മണ്ഡലത്തിൽ 40 ശതമാനം നായർവോട്ടുകളാണ്. എൻ.എസ്.എസ് നീക്കം മറ്റ് സമുദായങ്ങളിൽ ധ്രുവീകരണത്തിനുള്ള സാദ്ധ്യത തള്ളാനാവില്ലെന്ന കണക്കുകൂട്ടൽ മറ്റ് മുന്നണികളിലുണ്ട്.
തിരുവനന്തപുരത്തേത് ഒറ്റപ്പെട്ട സംഭവമായി ലഘൂകരിക്കാൻ ഇടത്, ബി.ജെ.പി നേതാക്കൾ ശ്രമിക്കുന്നുണ്ട്. ശരിദൂരം എന്നത് ഏതെങ്കിലും കക്ഷിയെ തുണയ്ക്കാനുള്ള എൻ.എസ്.എസിന്റെ ആഹ്വാനമല്ലെന്ന വാദമാണ് ഇടതുനേതാക്കളുടേത്. നായർസമുദായത്തിലെ എല്ലാവരും യു.ഡി.എഫിനൊപ്പമാകില്ലെന്നും അവർ പറയുന്നു.
ശബരിമല വിവാദത്തിൽ തുടങ്ങിയതാണ് ഇടതു സർക്കാരിനെതിരായ എൻ.എസ്.എസ് നേതൃത്വത്തിന്റെ കലാപം. ശബരിമല യുവതീപ്രവേശന വിധിയുണ്ടായപ്പോൾ സംഘപരിവാർ ശക്തികൾ പോലും ചിന്തിക്കുന്നതിനു മുമ്പ് നാമജപ ഘോഷയാത്രയുമായി ഇറങ്ങിയത് എൻ.എസ്.എസ് ആഹ്വാനമനുസരിച്ചായിരുന്നു. പിന്നീട് നവോത്ഥാന സമിതി രൂപീകരണത്തിന് മുന്നോടിയായി സമുദായ സംഘടനകളുമായുള്ള ചർച്ചയ്ക്ക് മുഖ്യമന്ത്രി നേരിട്ട് ക്ഷണിച്ചിട്ടും എൻ.എസ്.എസ് നേതൃത്വം വിട്ടുനിന്നു.
നവോത്ഥാന മൂല്യസംരക്ഷണ സമിതി രൂപീകരണത്തിന് ശേഷം അതിന് സംഘടിതരൂപം നൽകിക്കൊണ്ടുള്ള ആസൂത്രിതനീക്കമാണ് സർക്കാർ ഭാഗത്തു നിന്ന് ഉണ്ടായത്. സവർണ- അവർണ ചേരിതിരിവിന് സർക്കാർ ശ്രമിക്കുന്നു എന്ന് എൻ.എസ്.എസ് നേതൃത്വം ആരോപിച്ചത്, ഇതു കണ്ടിട്ടാണ്. എന്നാൽ, നവോത്ഥാന പ്രസ്ഥാനത്തിൽ മന്നത്തിന്റെ പാരമ്പര്യമുൾപ്പെടെ ഓർമ്മിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെയും ഇടതുനേതാക്കളുടെയും മറുപടി. നവോത്ഥാന മൂല്യസംരക്ഷണസമിതിയിലേക്ക് ക്ഷണിച്ചിട്ടും വരാതിരുന്നിട്ട് പഴി പറയുകയാണ് എൻ.എസ്.എസ് നേതൃത്വം എന്നതാണ് ഇടതുവാദം.
എൻ.എസ്.എസിന്റെ വാദമുഖങ്ങളേറ്റെടുത്ത് യു.ഡി.എഫ് കളത്തിലിറങ്ങുകയായിരുന്നു. ബി.ജെ.പി- സംഘപരിവാർ ശക്തികളെ തുണയ്ക്കുന്നത് ഗുണമാവില്ലെന്ന തിരിച്ചറിവിൽ കൂടിയാണിപ്പോൾ എൻ.എസ്.എസ് നേതൃത്വം യു.ഡി.എഫിന് ശക്തമായ പിന്തുണയുമായി നിലയുറപ്പിച്ചിരിക്കുന്നതും. എന്നാൽ, എൻ.എസ്.എസ് നേതൃത്വത്തെ ഒട്ടും പ്രകോപിപ്പിക്കാതെയും അതേസമയം നവോത്ഥാന മൂല്യസംരക്ഷണ സമിതിയിലൂടെ പിന്നാക്ക, ദളിത് വിഭാഗങ്ങളെ പൂർണമായി ഒപ്പം നിറുത്താൻ ശ്രമിച്ചും മുഖ്യമന്ത്രിയടക്കമുള്ള ഇടതുനേതാക്കൾ നീങ്ങുന്നു എന്നതും ശ്രദ്ധേയം.
തലസ്ഥാനനഗരിയിലെ വി.ജെ.ടി ഹാളിന് മഹാത്മാ അയ്യങ്കാളിയുടെ പേര് നൽകാനുള്ള രാഷ്ട്രീയതീരുമാനവും ഇതോട് ചേർത്തുവായിക്കണം. ഇപ്പോഴത്തെ ഉപതിരഞ്ഞെടുപ്പിനേക്കാളുപരി, ഒന്നര വർഷത്തിനപ്പുറം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പു തന്നെയാണ് ഉന്നം. സാമുദായിക ശാക്തിക ബലാബലം ഉപതിരഞ്ഞെടുപ്പിൽ ആർക്ക് തുണയാകുമെന്ന ചോദ്യം അതുകൊണ്ടുതന്നെ നിർണായകം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |