SignIn
Kerala Kaumudi Online
Wednesday, 18 February 2026 2.47 PM IST

സുരക്ഷിത പ്രവാസം ഉറപ്പാക്കണം

Increase Font Size Decrease Font Size Print Page
s

ഗൾഫിൽ ഉൾപ്പെടെ സ്വന്തം വീട് വാങ്ങാനും താമസിക്കാനുമുള്ള നിയമങ്ങൾ വന്നതോടെ കേരളത്തിൽ നിന്ന് അന്യരാജ്യങ്ങളിലേക്ക് കുടിയേറുന്ന പ്രവണത കൂടിവരികയാണ്. പണ്ടൊക്കെ വർഷങ്ങൾ കഴിഞ്ഞാലും സ്വന്തം നാട്ടിലേക്ക് തിരിച്ചുവരണമെന്ന ആഗ്രഹത്തോടെയാണ് മലയാളികൾ കേരളം വീട്ടിരുന്നത്. ഇന്നങ്ങനെയല്ല. പുതിയ തലമുറയിലുള്ളവർ വിദ്യാഭ്യാസത്തിനായി വിദേശ രാജ്യങ്ങളിലേക്ക് പോകുന്നതുതന്നെ വിദേശത്ത് ഒരു ജോലി കണ്ടെത്തി അവിടെത്തന്നെ ഒരു ജീവിതം തുടരാനാണ്. ഈ പശ്ചാത്തലത്തിലാണ് സുരക്ഷിത കുടിയേറ്റമെന്നത് സംസ്ഥാനത്തെ സംബന്ധിച്ച് ഒരു പ്രധാന വിഷയമായി മാറിയിരിക്കുന്നത്. സംസ്ഥാനം സംഘടിപ്പിച്ച അഞ്ചാം ലോക കേരള സഭയിലും ഈ വിഷയം ഗൗരവത്തോടെ ചർച്ചചെയ്യപ്പെട്ടു. ഈ സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ മറുപടി പ്രസംഗത്തിൽ സുരക്ഷിത കുടിയേറ്റമെന്നത് പ്രധാനമാണെന്നും ഇക്കാര്യത്തിൽ നിയമ നിർമ്മാണം നടത്തേണ്ടത് കേന്ദ്ര സർക്കാരിന്റെ ചുമതലയാണെന്നും ചൂണ്ടിക്കാട്ടി. എന്നാൽ പ്രവാസികളുടെ സുരക്ഷാപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സംസ്ഥാന തലത്തിൽ ചെയ്യാൻ കഴിയുന്ന നടപടി എന്ന നിലയിൽ ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി തുടങ്ങിയവർ അംഗങ്ങളായ ഹൈ പവർ കമ്മിറ്റി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഈ കമ്മിറ്റി മാസത്തിലൊരിക്കൽ യോഗം ചേർന്ന് സ്ഥിതിഗതികൾ അവലോകനം ചെയ്യും. ഇതിന് പുറമെ ലോക കേരള സഭയിൽ പ്രവാസികൾ സമർപ്പിച്ച നിർദ്ദേശങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകാനായി സ്റ്റാൻഡിംഗ് കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. തിരികെ വന്ന പ്രവാസികൾക്ക് ആരോഗ്യ ഇൻഷ്വറൻസ് നടപ്പാക്കണമെന്നത് ലോക കേരള സഭയിൽ ഉയർന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു. താരതമ്യേന ഉയർന്ന പ്രായത്തിലാണ് ഭൂരിപക്ഷം പേരും പ്രവാസ ജീവിതം മതിയാക്കി വരുന്നത് എന്നതിനാൽ അവർക്ക് നിരവധി ആരോഗ്യപ്രശ്നങ്ങൾ നേരിട്ടേക്കാം. ഇത് കണക്കിലെടുത്ത് സംസ്ഥാന സർക്കാർ പ്രത്യേക ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കിയാൽ അത് കേരളത്തിൽ സ്ഥിരമായി താമസിക്കാനായി മടങ്ങിയെത്തുന്ന പ്രവാസികൾക്ക് വലിയ അനുഗ്രഹമായിരിക്കും. പ്രത്യേകിച്ചും നാട്ടിലെ ചികിത്സാ ചെലവുകൾ പതിൻമടങ്ങ് വർദ്ധിച്ചിട്ടുള്ള സാഹചര്യത്തിൽ. ഈ ആവശ്യം പരിശോധിക്കാമെന്നാണ് മുഖ്യമന്ത്രി മറുപടി പ്രസംഗത്തിൽ പറഞ്ഞത്. പ്രവാസികൾക്കായുള്ള സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷയായ നോർക്ക കെയർ പദ്ധതിയിൽ, തിരിച്ചെത്തിയ പ്രവാസികളെയും കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തിയാലും ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്.

വിദേശ ഭാഷാ പഠനത്തിനായുള്ള നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫോറിൻ ലാംഗ്വേജസിൽ ജർമ്മന് പുറമെ ജാപ്പനീസ് ഉൾപ്പെടെയുള്ള മറ്റ് ഭാഷകൾ പഠിപ്പിക്കുന്നതിന് അവസരമൊരുക്കുമെന്ന പ്രഖ്യാപനവും വിവിധ വിദേശ രാജ്യങ്ങളിൽ പഠനത്തിനായി അവസരങ്ങൾ തേടുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസം നൽകുന്നതാണ്.

തിരിച്ചെത്തിയവരുടെ തൊഴിൽ നൈപുണ്യം പ്രയോജനപ്പെടുത്താൻ തദ്ദേശ സ്ഥാപനങ്ങൾ വഴി സ്‌കിൽ മാപ്പിംഗ് നടത്തുക, പ്രവാസികളുടെ ക്ഷേമത്തിനായി 'പ്രവാസി ഗ്രാമസഭ" പോലുള്ള നൂതന ആശയം നടപ്പാക്കുക, കുറഞ്ഞ സിബിൽ സ്‌കോറുള്ളവർക്കും കേരള ബാങ്ക് വഴി വായ്‌പ ലഭ്യമാക്കുക തുടങ്ങിയ നിരവധി നിർദ്ദേശങ്ങളാണ് ലോക കേരള സഭയിൽ ഉയർന്നുവന്നത്.

പുതുതായി സ്ഥാപിക്കുന്ന നോർക്ക പൊലീസ് സ്റ്റേഷനിൽ ഏതു പ്രവാസിക്കും നേരിട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ സൗകര്യമുണ്ടാകും എന്നതും തിരികെയെത്തുന്നവരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ഉതകുന്നതാണ്.

TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.