SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.19 PM IST

പാഴ്ഭൂമി​യി​ൽ പൊന്ന് വിളയിച്ച് സജീവ്; ഒരു ദിവസം 1000 രൂപവരെ വരുമാനം

Increase Font Size Decrease Font Size Print Page
sajeev

അയൽക്കാരന്റെ ഒരേക്കർ ഭൂമി ഒൻപത് വർഷം മുമ്പ് കൃഷി​ക്കുവേണ്ടി​ സജീവ് (55) പാട്ടത്തിനെടുക്കുമ്പോൾ അത് പാഴ്ച്ചെടികളുടെ വി​ളനി​ലമായി​രുന്നു. വീട്ടാവശ്യങ്ങൾക്ക് മാത്രം പച്ചക്കറി കൃഷി ചെയ്തിരുന്ന സജീവ് വിഷരഹിതമായ ജൈവപച്ചക്കറി നാട്ടുകാർക്കും ലഭ്യമാക്കണം എന്ന ചിന്തയോടെയാണ് ഭൂമി​ ഏറ്റെടുത്തത്. സ്ഥലമി​പ്പോൾ കണ്ടാൽ ഉടമ പോലും അദ്ഭുതപ്പെടും. 80 സെന്റി​ൽ ഒട്ടുമി​ക്ക പച്ചക്കറി​കൾക്കും പുറമേ ചെണ്ടുമല്ലിയും ഭംഗി വി​തറി​ നി​റഞ്ഞു നി​ൽക്കുന്നു.

എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ കൗൺസിലറും എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗവുമായ കിളികൊല്ലൂർ എം.ജി നഗർ 87 മാധവമന്ദിരത്തിൽ എം.സജീവാണ് കൃഷി​ക്കാരൻ. ചാർട്ടേഡ് അക്കൗണ്ടന്റ് ദിലീപാണ് ഭൂമി​ വി​ട്ടുകൊടുത്തത്. വഴുതന, പാലക്ക്ചീര, മുളക്, റാഡ‌ിഷ്, തക്കാളി എന്നിവ തുടക്കത്തി​ൽ നട്ടു. അന്ന് കിളികൊല്ലൂർ കൃഷി ഓഫീസറായിരുന്ന പ്രീതയായി​രുന്നു പ്രോത്സാഹനം. വി​ജയി​ച്ചതോടെ കാബേജും കോളിഫ്ലവറും ചീരയും പച്ചമുളകുമൊക്കെ രംഗത്തി​റങ്ങി​. പതിയെ ചെണ്ടുമല്ലിയും വന്നു. 1000 മൂട് ചെണ്ടുമല്ലിയാണ് വിളവെടുപ്പിന് പാകമായി നിൽക്കുന്നത്. ഭാര്യ ഉഷസ്, മക്കളായ എബിൻ,ആർച്ച എന്നിവരും കൃഷിക്ക് പൂർണ പിന്തുണ നൽകി ഒപ്പമുണ്ട്. ദിവസവും കുറഞ്ഞത് 1000 രൂപയുടെ ജൈവപച്ചക്കറി വിൽക്കുന്നുമുണ്ട്.

പലചരക്ക് കട നടത്തി​പ്പി​നും യൂണിയൻ പ്രവർത്തനങ്ങൾക്കുമിടയിൽ രാവിലെയും വൈകിട്ടും സജീവ് പച്ചക്കറി തോട്ടത്തിലുണ്ടാവും. രാവിലെ ഏഴോടെ കൃഷി സ്ഥലത്തേക്ക് പോകും. 10ന് നേരെ കടയിലേക്ക്. വൈകിട്ട് 3.30 മുതൽ ആറ് വരെ വീണ്ടും കൃഷിയിടത്തിൽ. സുഹൃത്ത് മഞ്ജുലാലിന്റെ ഫാമിൽ നിന്നുള്ള കോഴിവളവും പരിചയക്കാരനായ സുബിൻ എത്തിക്കുന്ന ചാണകവുമാണ് പ്രധാന വളം. കോർപ്പറേഷന്റെ ഉൾപ്പെടെ മികച്ച കർഷകനുള്ള അവാർഡും ജി​ല്ലാതല അവാർഡും സജീവിനെ തേടിയെത്തിയിട്ടുണ്ട്.


വില്പന വാട്ട്സാപ്പ് ഗ്രൂപ്പി​ൽ


കിളികൊല്ലൂരിലെ ഇക്കോഷോപ്പിലായിരുന്നു ആദ്യകാല വി​ല്പന. പിന്നീട് സമീപത്തുള്ളവരെ ചേർത്ത് 'ജൈവകൃഷി' എന്ന പേരിൽ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ച് വില്പന തുടങ്ങി. കൃഷിയുമായി ബന്ധപ്പെട്ട മറ്റ് ഗ്രൂപ്പുകളിലൂടെയും വില്പന ആരംഭി​ച്ചു. ക്യു.എ.സി റോഡിൽ പ്രവർത്തിക്കുന്ന ഇക്കോഷോപ്പിലും പച്ചക്കറികൾ കൊടുക്കാറുണ്ട്. എല്ലാ ദിവസവും ഏതെങ്കിലും ഒരു ഇനമെങ്കിലും വിളവെടുക്കാൻ കഴിയുന്നുണ്ടെന്ന് സജീവ് പറയുന്നു.

TAGS: AGRICULTURE, AGRICULTURE NEWS, AGRICULTURE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY