
ന്യൂഡൽഹി: രാജ്യത്തെ കാർഷിക, ക്ഷീര മേഖലയുടെ താത്പര്യങ്ങൾ പൂർണമായും സംരക്ഷിച്ചാവും അമേരിക്കയുമായി വ്യാപാരക്കരാറെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ.
കരാറുമായി ബന്ധപ്പെട്ട് പാർലമെന്റിലെ ഇരു സഭകളിലും പ്രസ്താവന നടത്തുകയായിരുന്നു ഗോയൽ. എണ്ണ ഇറക്കുമതിയിലും പൗരന്മാരുടെ താത്പര്യമാണ് പ്രധാനം. സാങ്കേതിക പ്രക്രിയകൾ പൂർത്തിയാക്കിയ ശേഷം കരാറിന്റെ വിശദമായ രൂപരേഖ പ്രഖ്യാപിക്കും.
2025 ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ് സന്ദർശനമാണ് കരാറിന് അടിത്തറയിട്ടത്. തുടർന്ന് ഇരു രാജ്യങ്ങളിലെയും പ്രതിനിധികൾ നിരന്തരം ചർച്ചകൾ നടത്തി. കാർഷിക, ക്ഷീര മേഖലയെ സംരക്ഷിക്കണമെന്ന കാഴ്ചപ്പാടിലാണ് ഇന്ത്യ ചർച്ചകളെ സമീപിച്ചത്. യു.എസിനും സമാന താത്പര്യങ്ങളുള്ള മേഖലകളുണ്ടായിരുന്നു. ഒരു വർഷം നീണ്ട നിരവധി റൗണ്ട് ചർച്ചകളിൽ ഇരുപക്ഷത്തിനും അഭിപ്രായവ്യത്യാസങ്ങൾ ഗണ്യമായി കുറയ്ക്കാനും ഉഭയകക്ഷി വ്യാപാര കരാറിന്റെ നിരവധി മേഖലകൾ അന്തിമമാക്കാനും കഴിഞ്ഞു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഫോണിൽ സംസാരിച്ചതോടെയാണ് കരാർ ഉറപ്പാക്കിയത്. ഫോൺ സംഭാഷണത്തിന് പിന്നാലെ പ്രസിഡന്റ് ട്രംപ് യു.എസിലേക്കുള്ള ഇന്ത്യൻ കയറ്റുമതി തീരുവ 18 ശതമാനമായി കുറച്ചു. നിരവധി രാജ്യങ്ങൾക്ക് മേൽ അമേരിക്ക ചുമത്തിയതിനെക്കാൾ കുറവാണിത്. ഇത് യു.എസ് വിപണിയിൽ ഇന്ത്യയുടെ കയറ്റുമതിയുടെ മത്സരശേഷി വർദ്ധിപ്പിക്കും. തൊഴിൽ മേഖലകളിലും ഉത്പാദനത്തിലും കരാർ പ്രയോജനപ്പെടും.
സംരംഭകർക്ക്
അവസരം തുറക്കും
ഭക്ഷ്യ, കൃഷി മേഖലകളിൽ ഇന്ത്യൻ താത്പര്യം സംരക്ഷിക്കപ്പെട്ടതായി പാർലമെന്റിന് ഉറപ്പു നൽകുകയാണെന്ന് പിയൂഷ് ഗോയൽ
എം.എസ്.എം.ഇകൾ, സംരംഭകർ, വിദഗ്‌ദ്ധ തൊഴിലാളികൾ, വ്യവസായം എന്നിവയ്ക്ക് പുതിയ അവസരങ്ങൾ തുറക്കും. നൂതന സാങ്കേതികവിദ്യകളിലേക്ക് പ്രവേശനം സാധ്യമാകും
ലോകത്തിനായി ഇന്ത്യയിൽ നിർമ്മിക്കാനും രൂപകല്പന ചെയ്യാനും നവീകരിക്കാനും അവസരമൊരുങ്ങും
ഊർജ്ജ സുരക്ഷയ്ക്ക്
കൈകോർക്കും
യു.എസിൽ നിന്ന് എണ്ണ ഇറക്കുമതി വിഷയത്തിൽ 140 കോടി ഇന്ത്യക്കാരുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കലാണ് ലക്ഷ്യം. വിപണിയിലെയും അന്താരാഷ്ട്ര തലത്തിലെയും സാഹചര്യങ്ങൾക്ക് അനുസൃതമായി ഊർജ്ജ സ്രോതസ്സുകൾ വൈവിധ്യവത്കരിക്കും. ഇരു രാജ്യങ്ങളും പരസ്പര പൂരക സമ്പദ്‌വ്യവസ്ഥകളാണ്. വികസിത ഭാരത പാതയിൽ മുന്നേറാൻ ഊർജ്ജം, വ്യോമയാനം, ഡാറ്റാ സെന്ററുകൾ, ആണവോർജ്ജം തുടങ്ങിയ മേഖലകളിൽ ശേഷി വളരെയേറെ വർദ്ധിപ്പിക്കേണ്ടതുണ്ട്. ഈ മേഖലകളിൽ ലോകത്ത് മുൻനിരയിലുള്ള യു.എസുമായുള്ള വ്യാപാരം ഇന്ത്യയ്‌ക്ക് പ്രയോജനം ചെയ്യുമെന്ന് ഗോയൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |