SignIn
Kerala Kaumudi Online
Thursday, 05 February 2026 10.26 PM IST

ബഡ്ജറ്റ് കാലം; പഴയതും പുതിയതും

Increase Font Size Decrease Font Size Print Page
s

ഇത് ബഡ്ജറ്റ് സമ്മേളന കാലം. പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും ബഡ്ജറ്റ് ചർച്ചകളാണിപ്പോൾ. കേന്ദ്ര ബഡ്ജറ്റും കേരള ബഡ്ജറ്റും കഴിഞ്ഞ ദിവസങ്ങളിൽ അവതരിപ്പിച്ചു കഴിഞ്ഞു. മറ്റു ചില സംസ്ഥാന നിയമ സഭകളിലും. ഇത് കേന്ദ്ര ബഡ്ജറ്റിന്റെയോ സംസ്ഥാന ബഡ്ജറ്റിന്റെയോ വിശകലനമോ വിലയിരുത്തലോ അല്ല. സാമ്പത്തിക വിദഗ്ദ്ധരെയും വ്യവസായ, വാണിജ്യ രംഗങ്ങളിലും ഓഹരി വിപണിയിലും പ്രവർത്തിക്കുന്നവരെയും, പിന്നെ കുറെ ധനതത്വശാസ്ത്ര വിദ്യാർത്ഥികളെയും ഒഴിവാക്കിയാൽ സാധാരണക്കാരായ ശരാശരി പൗരന്മാരെ ബഡ്ജറ്റോ,​ ബഡ്ജറ്റ് ചർച്ചകളോ ആകർഷിക്കാറില്ല. പക്ഷെ ആർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും മാദ്ധ്യമങ്ങൾ വമ്പിച്ച പ്രാധാന്യമാണ് ബഡ്ജറ്റ് വാർത്തകൾക്കും വിശകലനത്തിനും നൽകി വരുന്നത്.

വില കുറയുമോ കൂടുമോ, ശമ്പള വർദ്ധന ഉണ്ടാവുമോ, പ്രയോജനകരമായ പദ്ധതികൾ പുതിയതായി ഉണ്ടോ എന്നിങ്ങനെയുള്ള ഉപരിപ്ലമായ കാര്യങ്ങൾ മാത്രം അറിയാനാണ് പൊതുജനത്തിന് താല്പര്യം. ചുരുക്കത്തിൽ, 'ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം ഗുണം" എന്നതാണ് പൊതുവായ സമീപനം. മാദ്ധ്യമ രംഗത്തെ സാങ്കേതിക വിപ്ലവം, ബഡ്ജറ്റ് വാർത്തകളുടെ സമാഹരണത്തിലും സംപ്രേഷണത്തിലും പ്രസാധനത്തിലും അനുഭവപ്പെട്ടിരുന്ന സംഘർഷം നന്നേ കുറച്ചിട്ടുണ്ട്. സാങ്കേതിക സൗകര്യങ്ങൾ തീരെ പരിമിതമായിരുന്ന പഴയ കാലത്തും അവയൊക്കെ ലഭ്യമായ പിന്നീടുള്ള കാലത്തും ബഡ്ജറ്റുകൾ 'കവർ" ചെയ്തിട്ടുള്ള ഈയുള്ളവനെപ്പോലുള്ള മുതിർന്ന മാദ്ധ്യമ പ്രവർത്തകർക്കു മാത്രമേ അന്നും ഇന്നും തമ്മിലുള്ള അന്തരം അറിയാനിടയുള്ളൂ.

ഇന്റർനെറ്റും ഇ-മെയിലും മൊബൈൽ ഫോണും; എന്തിന്,​ കമ്പ്യൂട്ടർ പോലും അജ്ഞാതമായ കാലം. ടെലി പ്രിന്ററിലൂടെയും ടെലിഫോണിലൂടെയും മാത്രം വാർത്ത എത്തിച്ചിരുന്ന കാലം. ടെലിവിഷനും വാർത്താ ചാനലുകളും ഇല്ലാത്ത കാലം. ആ കാലത്ത് ബഡ്ജറ്റ് റിപ്പോർട്ടിംഗ് ഒരു വലിയ വെല്ലുവിളി തന്നെ ആയിരുന്നു.

സംഗതി കൂടുതൽ സങ്കീർണ്ണമാക്കിയിരുന്നത് ബഡ്ജറ്റ് സഭയിൽ അവതരിപ്പിക്കുന്നതിന്റെ സമയമാണ്. ഇന്നത്തെപ്പോലെ രാവിലെയല്ല, വൈകിട്ട് അഞ്ചു മണിക്കു മാത്രമാണ് ലോക്സഭയിൽ ആയാലും നിയമസഭയിൽ ആയാലും ധനമന്ത്രി ബഡ്ജറ്റ് അവതരിപ്പിച്ചിരുന്നത്. ബഡ്ജറ്റ് പ്രസംഗം മുഴുവൻ സഭയിൽ വായിച്ച ശേഷം പ്രസംഗത്തിന്റെ പകർപ്പും ബഡ്ജറ്റ് രേഖകളും മാദ്ധ്യമ പ്രവർത്തകർക്ക് ലഭ്യമാക്കുമ്പോൾ മണിക്കൂറുകൾ രണ്ട് പിന്നിട്ടിട്ടുണ്ടാവും. അതുംകൊണ്ട് തങ്ങളുടെ ആസ്ഥാനങ്ങളിലേക്ക് അക്ഷരാർത്ഥത്തിൽ പായുകയാവും മിക്ക മാദ്ധ്യമ പ്രവർത്തകരും.

ഇന്ന് മന്ത്രി ബഡ്ജറ്റ് പ്രസംഗം നടത്തിക്കഴിഞ്ഞാലുടൻ അത് ഇന്റർനെറ്റിൽ ലഭ്യമാണ്. എത്ര അനായാസം! ഒപ്പം,​ബഡ്ജറ്റ് 'ഹൈലൈറ്റ്സും!" അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങളും. പക്ഷെ സാങ്കേതിക സൗകര്യങ്ങൾ എത്ര പുരോഗമിച്ചിട്ടും, അന്നത്തെപ്പോലെ ഇന്നും ബഡ്ജറ്റ് വാർത്തകൾ ധനമന്ത്രി വായിക്കുന്ന പ്രസംഗത്തെ മാത്രം അടിസ്ഥാനമാക്കി മാത്രമാണ് മിക്കവരും റിപ്പോർട്ട്‌ ചെയ്യുന്നത്. നിർണായകവും വിശദവുമായ ബഡ്ജറ്റ് രേഖകൾ പരിശോധിക്കാൻ അധികമാരും മിനക്കെടാറില്ല. അധികം കാലമായിട്ടില്ല, ബജറ്റ് അവതരണം രാവിലെയാക്കിയിട്ട്. ബ്രിട്ടീഷ് മേലാളരുടെ സൗകര്യം മാത്രം കണക്കിലെടുത്താണ്, ഇവിടെ ഇന്ത്യയിൽ വൈകിട്ട് അഞ്ചു മണിക്ക് ബഡ്ജറ്റ് അവതരിപ്പിച്ചിരുന്നത്. പക്ഷെ ഇന്ത്യ സ്വതന്ത്രമായി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും നാം സമയം മാറ്റിയില്ല.

അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ ധനമന്ത്രി യശ്വന്ത്‌ സിൻഹയാണ് അഞ്ചു മണി എന്ന പതിവ് ആദ്യമായി മാറ്റി, പാർലമെന്റിൽ രാവിലെ പതിനൊന്നു മണിക്ക് ബഡ്ജറ്റ് അവതരിപ്പിച്ചത്- 1991ൽ, ഫെബ്രുവരി 27ന്. ആ സമയം ഇപ്പോഴും തുടർന്നു വരുന്നു. സംസ്ഥാന നിയമസഭകളിലും അഞ്ചുമണി സമയം മാറ്റി, അവതരണം രാവിലെ ആക്കിയിട്ടുണ്ട്. കേരളത്തിൽ അത് രാവിലെ 9 മണിക്കാണ്. പാർലമെന്റിൽ കേന്ദ്ര ബഡ്ജറ്റ് രാവിലെ 11 മണിക്കും. സാമ്പത്തിക വർഷത്തിന്റെ അവസാനം മാത്രം ബഡ്ജറ്റ് അവതരിപ്പിക്കുക എന്ന ബ്രിട്ടീഷ് കൊളോണിയൽ രീതി മാറ്റി,​ ആദ്യമായി ഫെബ്രുവരി ഒന്നിന് ബഡ്ജറ്റ് അവതരിപ്പിച്ചത് നരേന്ദ്ര മോദി മന്ത്രിസഭയിലെ അരുൺ ജെയ്റ്റ്ലി ആണ്. ഇക്കുറി നിർമ്മലാ സീതാരാമൻ കേന്ദ്ര ബ‌‌ഡ്ജറ്റ് അവതരിപ്പിച്ചത് ഫെബ്രുവരി ഒന്നാം തീയതി തന്നെ. അന്ന് ഞായറാഴ്ചയായിരുന്നു. അങ്ങനെ, ആദ്യത്തെ ഞായറാഴ്ച ബഡ്ജറ്റ് നിർമ്മല സീതാരാമന്റേതായി.

ഇന്ത്യയിൽ ആദ്യ ബ‌ഡ്ജറ്റ് ആർ.കെ. ഷണ്മുഖം ചെട്ടിയുടേതായിരുന്നു. അദ്ദേഹം അത് കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിൽ അവതരിപ്പിച്ചത് 1947 നവംബർ 26-ന്. ആദ്യ ബഡ്ജറ്റ് ഷണ്മുഖം ചെട്ടിയുടേത് ആണെങ്കിലും ഇന്ത്യയിലെ ബഡ്ജറ്റിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത് പി.സി. മഹലനോബിസ് ആണ്. മഹലനോബിസ് ആണ് ഇന്ത്യൻ ബ‌ഡ്ജറ്റിംഗിന് അടിത്തറ പാകിയത്; ഒപ്പം,​ പഞ്ചവത്സര പദ്ധതിയുടെയും. ആദ്യ റെയിൽവേ ബഡ്ജറ്റ് അവതരിപ്പിച്ചത് ഒരു മലയാളി. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ റെയിൽവേ മന്ത്രി ജോൺ മത്തായി. അദ്ദേഹം പിന്നീട് ധനമന്ത്രി ആയ ശേഷം രണ്ട് പൊതു ബഡ്ജറ്റുകൾ കൂടി അവതരിപ്പിച്ചു. പൊതു ബഡ്ജറ്റും റെയിൽവേ ബഡ്ജറ്റും 2017 മുതലാണ് പൊതു ബ‌ഡ്ജറ്റും റെയിൽവേ ബ‌ഡ്ജറ്റും ഒന്നായി അവതരിപ്പിച്ചു തുടങ്ങിയത്. അതിനു മുമ്പുവരെ അവ രണ്ടും രണ്ടു ദിവസം രണ്ട് മന്ത്രിമാരാണ് അവതരിപ്പിച്ചിരുന്നത്.

കേരളത്തിന്റെ കന്നി ബഡ്ജറ്റ് ആദ്യ ഇ.എം.എസ് മന്ത്രിസഭയ്ക്കു വേണ്ടി നിയമസഭയിൽ അവതരിപ്പിച്ചത് അന്നത്തെ ധനമന്ത്രി സി. അച്ചുതമേനോൻ. പക്ഷെ, ആ ബഡ്ജറ്റ് അവതരണം വിവാദമായി. കാരണം ബഡ്ജറ്റ് ചോർന്നതായി ആരോപണമുയർന്നു. ബഡ്ജറ്റിന്റെ രത്നച്ചുരുക്കം, അവതരണത്തിന്റെ തലേന്നാൾ ആർ.എസ്‌.പി നേതാവ് കൂടിയായിരുന്ന പ്രഗത്ഭ പത്രപ്രവർത്തകൻ കെ. ബാലകൃഷ്ണന്റെ പത്രാധിപത്യത്തിലുള്ള 'കൗമുദി" പ്രസിദ്ധീകരിച്ചു. പത്രാധിപർ കെ. ബാലകൃഷ്ണനും ലേഖകൻ ജി. വേണുഗോപാലിനും മറ്റും എതിരെ കേസെഎടുത്തു. പത്രത്തിന്റെ ഓഫീസിൽ 'സെർച്ച്‌" നടത്തി.

ബഡ്ജറ്റ് ചോർത്തുന്നത് ഗുരുതരമായ കുറ്റവും,​ ചോരുന്നത് സർക്കാരിന്റെ വലിയ വീഴ്ചയുമാണ്. കേരള ബഡ്ജറ്റ് ചരിത്രത്തിലെ ഏറ്റവും കടുത്ത സംഘർഷത്തിന് കേരള നിയമസഭ സാക്ഷ്യം വഹിച്ചത് ആരോപണ വിധേയനായ രാഷ്ട്രീയ ഭീഷ്മാചാര്യൻ കെ.എം. മാണി ഉമ്മൻചാണ്ടി മന്ത്രിസഭയ്ക്കു വേണ്ടി ബഡ്ജറ്റ് അവതരിപ്പിച്ചപ്പോഴാണ്. ആ ദിവസം, 2015 മാർച്ച്‌ 27, കേരള നിയമസഭയുടെ കറുത്ത ദിനമായി. ഒമ്പത് സംസ്ഥാന ബഡ്ജറ്റുകൾ, വിഭിന്ന മന്ത്രി സഭകൾക്കു വേണ്ടി അവതരിപ്പിച്ച മാണി സാറിന്റെ ഹംസഗാനമായി മാറി,​ സംഘർഷഭരിതമായ ആ ബഡ്ജറ്റ് അവതരണം. കേന്ദ്ര ബഡ്ജറ്റുകൾ ഏറ്റവും കൂടുതൽ അവതരിപ്പിച്ചത് മൊറാർജി ദേശായി - ഒമ്പത് ബഡ്ജറ്റുകൾ.

TAGS: BUDGET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.