
കോഴിക്കോട്ടെ ഓട്ടോക്കാരുടെ നന്മയും സ്നേഹവും പണ്ടേക്കുപണ്ടേ പേരുകേട്ടതാണ്. എന്നാൽ കുറച്ചു കാലമായി ഈ പെരുമയ്ക്ക് കോട്ടം തട്ടുന്ന പ്രവണതകളാണ് ഇവരിൽ നിന്നുണ്ടാകുന്നത്. ദിവസങ്ങൾ കൂടുന്ന പോലെ നഗരത്തിലെ ഓട്ടോകളുടെ എണ്ണവും പെരുകി. ഇതോടെ പല പ്രശ്നങ്ങളുമാണ് തലപൊക്കിത്തുടങ്ങുന്നത്. ഓട്ടോക്കാരുടെ തോന്നുംപോലെയുള്ള പാർക്കിംഗും ഓട്ടവും പെരുമാറ്റവുമെല്ലാം ആക്ഷേപത്തിന് വഴിയൊരുക്കുകയാണ്. പലപ്പോഴും പൊലീസ് നിർദ്ദേശങ്ങളും നിയമങ്ങളും കാറ്റിൽ പറത്തിയാണ് ഇക്കൂട്ടരുടെ ചീറിപ്പാച്ചിൽ. പൊലീസ് കൺവെട്ടത്തിൽ പോലും ഓട്ടോക്കാരുടെ നിയമലംഘനം തുടരുകയാണ്. സിറ്റി ട്രാഫിക് പൊലീസും കോർപ്പറേഷനും അനുവദിച്ച പാർക്കിംഗ് സ്പോട്ടുകൾ ഉണ്ടായിട്ടും നഗരത്തിന്റെ പല ഭാഗങ്ങളിലും തോന്നുന്നപോലെ സ്റ്റാൻഡുകളാക്കുകയാണ് ഓട്ടോക്കാർ.ബസുകൾ നിർത്തുന്നിടത്തെല്ലാം ഓട്ടോകൾ വരിവരിയായി എത്തി യാത്രക്കാരെ കയറ്റുന്നതും പതിവ് കാഴ്ച. രാവിലെയും വൈകിട്ടുമുള്ള തിരക്കേറിയ സമയത്താണ് നിയമലംഘനങ്ങൾ ഏറെയും. ഇവരെ ചോദ്യം ചെയ്താലോ പുച്ഛഭാവവും നോക്കി പേടിപ്പിക്കലും.
കഴിഞ്ഞ ഒരു മാസമായി പൊലീസ് അനുമതിയില്ലാതെ മാനാഞ്ചിറ ബഷീർ റോഡ് ഓട്ടോക്കാർ കെെയടക്കിയിരിക്കുകയാണ്. കാൽനട യാത്ര ദുർഘടമാക്കിയും ഗതാഗതം തടസപ്പെടുത്തിയുമാണ് ഓട്ടോകളുടെ നീണ്ട നിര. ലെെബ്രറിയ്ക്ക് ചുറ്റും ബഷീർ റോഡ് - ഖാദി പരിസരം വരെ നീളുകയാണ് ഓട്ടോകൾ നിർത്തിയിടൽ. ഈ ഭാഗങ്ങളിൽ തന്നെയാണ് വരിവരിയായി ബെെക്കുകളും പാർക്ക് ചെയ്യുന്നത്. ഓട്ടോകൾ നിറുത്തിയിടുന്നതിനാൽ ബെെക്കുകൾ എടുക്കാൻ ബുദ്ധിമുട്ടുകയും ചെയ്യുന്നു. ഇടംവലം നോക്കാതെയാണ് ഇവിടെ നിന്ന് ഓട്ടോകൾ യാത്രക്കാരെ കയറ്റി മുന്നോട്ടെടുക്കുന്നത്.ഇത് അപകടത്തിന് വഴിയൊരുക്കുകയാണ്. കഴിഞ്ഞ ദിവസം സ്കൂട്ടറിൽ സഞ്ചരിച്ച ദമ്പതികളെ മുന്നോട്ടെടുത്ത ഓട്ടോ ഇടിക്കാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് സമീപത്തെ കച്ചവടക്കാർ പറഞ്ഞു. ഈ ഭാഗത്തെ ഫുട്പാത്തിലും നിറയെ വാഹനങ്ങൾ നിറുത്തുന്നതിനാൽ കാൽനടയാത്രക്കാർക്ക് റോഡിന് നടുവിലിറങ്ങി വേണം നടക്കാൻ. മാനാഞ്ചിറ റോഡ് നവീകരണത്തിന് മുൻപ് സ്പോർട്സ് കൗൺസിൽ ഹാളിന് മുന്നിൽ ഒരു വരിയായിട്ടായിരുന്നു ഓട്ടോകൾ നിർത്തിയത്.എന്നാൽ നവീകരണം കഴിഞ്ഞ റോഡിൽ ഓട്ടോകൾ നിറുത്തുകയാണ്.
മാവൂർ റോഡ് ജംഗ്ഷനിലും ഇതേ സ്ഥിതിയാണ്. ജംഗ്ഷനോട് ചേർന്ന് ഇടുങ്ങിയ റോഡിന്റെ ഇരുവശവും ഓട്ടോകൾ നിർത്തിയിടുന്നതിനാൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്രാൻഡിലേക്കും മൊഫ്യൂസൽ ബസ് സ്റ്റാൻഡിലേക്കും ബസുകൾക്ക് തിരിഞ്ഞുപോകാൻ കഴിയാത്ത സ്ഥിതിയാണ്. സി.എസ്.ഐ പള്ളിയ്ക്കു മുൻവശം, ടൗൺഹാൾ പരിസരം തുടങ്ങി ബസ് സ്റ്റോപ്പിനോട് ചേർന്ന ഇടങ്ങളെല്ലാം ഓട്ടോകൾ നിയമം ലംഘിച്ച് നിറുത്തിയിടൽ തുടരുകയാണ്. മാനാഞ്ചിറ ആദായ നികുതി ഓഫീസ് പരിസരം ഓട്ടോ പാർക്കിംഗ് സ്പോട്ടാണെങ്കിലും പലപ്പോഴും ആദായ നികുതി ഓഫീസിലേക്കുള്ള വഴി തടസപ്പെടുത്തിയാണ് ഓട്ടോകൾ നിർത്തിയിടുന്നതെന്ന ആക്ഷേപവുമുണ്ട്.
കൂലിത്തർക്കവും പതിവ്
അമിത ചാർജ് ഈടാക്കി സാധാരണക്കാരനെ കൊള്ളയടിക്കുന്നതും പതിവ് കാഴ്ചയാണ്.
പലയിടത്തും മീറ്റർ ഇടാതെ ഓടുന്നതും, മീറ്റർ ഇട്ടാൽ തന്നെ കൂടുതൽ കൂലി ചോദിക്കുന്നതും, കൂലി കൂടുതലാണെന്ന് യാത്രക്കാർ വാദിക്കുന്നതുമെല്ലാം തർക്കത്തിനിടയാക്കാറുണ്ട്. ദീർഘ ദൂരമല്ലാതെ കുറഞ്ഞ ദൂരത്തേക്ക് ഓട്ടം വരാനും മടിക്കുന്നവർ ധാരാളം. ചാർജിന്റെ പേരിൽ അടിപിടി കൂടി മാന്യമായി സവാരി നടത്തുന്ന ഡ്രൈവർമാരുടെ പേരുകളയുകയാണ് ചിലർ.മാനാഞ്ചിറയിൽ നിന്ന് പുതിയ സ്റ്റാൻഡിലേക്ക് പോകണമെങ്കിൽ മിനിമം ചാർജായ 30 രൂപ നൽകിയാൽ മതി. പക്ഷേ, 40 രൂപ വരെ വാങ്ങുന്നവരുണ്ട്. സാധാരണ ഒന്നര കിലോമീറ്ററിന് 30 രൂപയാണ് മിനിമം ചാർജ്. കിലോമീറ്ററിന് 12 രൂപ കണക്കാക്കി ചാർജ് വർധിക്കുകയും ചെയ്യും. മീറ്ററിൽ 36 രൂപയായാൽ 40 വാങ്ങുന്നതാണ് മിക്കവരുടെയും രീതി. സ്ഥലം പരിചയമില്ലാത്തവരും സ്ത്രീകളുമാണ് കബളിപ്പിക്കപ്പെടുന്നവരിൽ കൂടുതലും. നഗരം പരിചയമില്ലാത്ത യാത്രക്കാരെ വളഞ്ഞവഴിക്ക് കൊണ്ടുപോയി കൂടുതൽ തുക വാങ്ങുന്നതും ചില ഓട്ടോക്കാർ വിനോദമാക്കിയിട്ടുണ്ട്. രാത്രി പത്ത് മണി കഴിഞ്ഞാൽ പകുതി ചാർജ്ജ്കൂടി അധികം വാങ്ങാൻ വ്യവസ്ഥയുണ്ടെങ്കിലും സമയപരിധിക്കു മുമ്പെ കൂടുതൽ ചാർജ്ജ് ആവശ്യപ്പെടുന്ന ഓട്ടോക്കാരുമുണ്ട്. തിരിച്ച് ഓട്ടം കിട്ടില്ലെന്നതാണ് അതിനുള്ള ന്യായം.മീറ്റർ ഇല്ലാതെയാണ് പല ഓട്ടോകളുടെയും സവാരി. ഉള്ളതാവട്ടെ പ്രവർത്തനക്ഷമവുമല്ല. ചിലർ മീറ്ററിട്ട് ഓടിയാലും വാങ്ങുന്നത് മീറ്ററിലുള്ളതിനേക്കാൽ കൂടിയ തുക.
എവിടെ പാർക്ക് ചെയ്യും
7000 ത്തോളം ഓട്ടോകളാണ് നിലവിൽ കോർപ്പറേഷൻ പരിധിയിൽ കോർപ്പറേഷന്റെ സി.സി പെർമിറ്റോടെ ഓടുന്നത്. എന്നാൽ ഇവ പാർക്ക് ചെയ്യാൻ ഇടമില്ലാത്തതാണ് ഇവരെ പ്രതിസന്ധിയിലാഴ്ത്തുന്നത്. പുതിയ വാഹനങ്ങൾക്ക് പെർമിറ്റ് നൽകുന്നതിന് മുൻപ് തന്നെ ഇത്രയും വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം കൂടെ ഉറപ്പുവരുത്തണമെന്ന് വിവിധ സംഘടനകൾ കോർപ്പറേഷനോടും ട്രാഫിക് പൊലീസിനോടും ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതർ ചെവികൊണ്ടില്ലന്ന മട്ടാണ്. നഗരത്തിൽ ഓട്ടോ സ്റ്റാൻഡും പാർക്കിംഗ് സൗകര്യവും വേണ്ട സ്ഥലങ്ങളുടെ പട്ടിക പൊലീസിനും കോർപ്പറേഷനും തൊഴിലാളികൾ കൈമാറിയിട്ടുണ്ട്. ഓട്ടോ തൊഴിലാളികൾക്ക് കംഫർട്ട് സ്റ്റേഷൻ സ്ഥാപിക്കാനായി കോർപ്പറേഷൻ ബജറ്റിൽ തുക അനുവദിച്ചിട്ടുണ്ട്. എന്നാൽ സ്ഥലം കണ്ടെത്താനാവാത്തതാണ് ഇപ്പോൾ നേരിടുന്ന വെല്ലുവിളി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |