SignIn
Kerala Kaumudi Online
Monday, 23 February 2026 7.08 AM IST

ലളിതാംബിക അന്തർജ്ജനം ഓർമ്മയായിട്ട് 39 വർഷം ............................................................................................... ചന്ദനത്തിരിയിലെ തീപ്പൊരികൾ

Increase Font Size Decrease Font Size Print Page
s

അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും നെടുംകോട്ട തകർത്തെറിഞ്ഞ് പുതിയ സാമൂഹ്യ മാറ്റത്തിന്റെ വെളിച്ചം തെളിച്ച വിപ്ലവകാരിയായ ലളിതാംബിക അന്തർജ്ജനം വിടവാങ്ങിയിട്ട് 39 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു (ഫെബ്രു. 06)​. 'അഗ്നിസാക്ഷി" മാത്രമല്ല, അവരുടെ മിക്ക കൃതികളും സമർപ്പിതമായത് സ്വന്തം രാജ്യത്തിന്റെ വിമോചന ചരിത്രത്തിനാണ്. സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ചും സമൂഹത്തിലെ താഴ്ത്തപ്പെട്ടവരെക്കുറിച്ചും രാജ്യാഭിമാനത്തെക്കുറിച്ചും അവർ പ്രസംഗിച്ചുകൊണ്ടേയിരുന്നു.

സ്ഫുടം ചെയ്‌തെടുത്ത ഒരു സ്ത്രീജീവിതത്തിന്റെ ഹോമാഗ്നിയാണ് 'അഗ്നിസാക്ഷി". അതുവരെയുള്ള ആഖ്യാനങ്ങളിൽനിന്നു വേറിട്ട ഒരു നോവൽപാത തന്നെ അന്തർജ്ജനം ഇതിലൂടെ സൃഷ്ടിച്ചു. ലളിതാംബിക അന്തർജ്ജനത്തിന്റെ പേരിനോട് സഹൃദയലോകം ഒട്ടിച്ചുചേർത്ത മറ്റൊരു പേരാണ് 'അഗ്നിസാക്ഷി." രണ്ടും പരസ്പരപൂരകം പോലെ വേർപെടുത്താനാവാത്ത അക്ഷരക്കൂട്ടുകൾ മാത്രമല്ല, സാഹിത്യപഥത്തിൽ ഇന്നും തിളങ്ങിനിൽക്കുന്ന- സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ചരിത്രവും സംസ്‌കാരവുമുള്ള നക്ഷത്രക്കൂട്ടുകളാണ്.

പദങ്ങളുടെ

മന്ത്രശക്തി


വാചാലമായ മഹാമൗനത്തെ രുദ്രഗീതമാക്കി മാറ്റുന്ന പദങ്ങളിലൂടെ മന്ത്രശക്തിയുണർത്തിയാണ് ലളിതാംബിക അന്തർജ്ജനം 'അഗ്നിസാക്ഷി" എഴുതിയത്. നിദ്ര മറന്ന മനുഷ്യമനസിന്റെ അവിരാമമായ സത്യാന്വേഷണമാണ് അത്. ഓർമ്മകളിൽ നിന്ന് സത്യത്തിലേക്കും അവിടെ നിന്ന് ഹൃദയത്തിലേക്കുമുള്ള ഒരു തീർത്ഥയാത്ര. അഗ്നിസാക്ഷിയായി വേളികഴിച്ച് ഇല്ലത്തിന്റെ നാലു ചുവരുകൾക്കുള്ളിലൽ തളച്ചിട്ട അത്തേന്മാരുടെ ഗദ്ഗദങ്ങളുടെ തുടിപ്പുകളാണിത്. ഗംഗയിലെ തീർത്ഥഘട്ടിൽ നീരാജനം ഉഴിയുന്ന തേജസ്വിനിയായി അമ്മയെ-സുമിത്രനന്ദയെ കണ്ടപ്പോളുണ്ടായ,​ മിസിസ് തങ്കം നായരുടെ ഭൂതകാല സ്മൃതികളിലൂടെയാണ് ഒരു കാലഘട്ടത്തിന്റെ ഐതിഹാസികവും വേദനാമയവുമായ ഈ ചിത്രം അനാവരണം ചെയ്യപ്പെടുന്നത്.

സ്വന്തം ധർമ്മപത്‌നിയുടെ കിടപ്പറയിൽ കിടക്കാൻ നല്ലനേരം നോക്കുന്ന ഉണ്ണിയേട്ടന്റെ പത്‌നിയായി മാനമ്പള്ളി സ്വരൂപത്തിൽ വന്ന തേതിക്കുട്ടിക്കാവിന് പഴയ ആചാരങ്ങളിൽ കുമിഞ്ഞുകിടന്ന ആ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനായില്ല. ഒരക്ഷരം വായിക്കാനില്ലാതെ, ഒരാളോടും മിണ്ടാനില്ലാതെ മരിച്ചതു പോലുള്ള ജീവിതത്തിൽ അവളുടെ ഉള്ളുരുകി. സമുദായത്തെ ഉദ്ധരിക്കണമെന്ന് മോഹമുദിച്ചു. നാടിനെ ഉദ്ധരിക്കണമെന്നു മോഹിച്ചു. ആദർശസുരഭിലമായ ഒരു നവലോകം കെട്ടിപ്പടുക്കണമെന്നു മോഹിച്ചു. തന്റെ മാത്രമല്ല; തന്റെ സമുദായത്തിന്റെയും രാജ്യത്തിന്റെയും മോചനത്തിനായും അവൾ കൊതിച്ചു. പരിവർത്തനത്തിനായി കൊതിക്കുന്ന ഒരു ഏകാന്തദുഃഖത്തിന്റെ തേങ്ങൽ അവൾക്ക് അനുഭവപ്പെട്ടു. ഒക്കെ എറിഞ്ഞു തകർത്തുകളയാനുള്ള ക്രോധം, വിഷാദം, നിസഹായത... എറിയാൻ ഒന്നേ കൈയിലുണ്ടായിരുന്നുള്ളൂ- ഞെരിഞ്ഞു തകർന്ന സ്വന്തം ജീവിതം!

അതും കൈയിലെടുത്ത് അലഞ്ഞലഞ്ഞ് സാമൂഹ്യ പ്രവർത്തനത്തിൽ വളരെ പേരെടുത്ത സ്ത്രീയായി. സ്വന്തം ജീവിതം പടക്കമാക്കിയെടുത്ത് ചുറ്റുപാടുമുള്ള ചവറുകൾക്കു തീ കൊടുക്കുന്നതിൽ അവർ സന്തോഷിച്ചു. പുരോഗതിക്കു മുന്നിലുള്ള സകല പ്രതിബന്ധങ്ങളെയും അടിച്ചു പറത്തിക്കൊണ്ട് തേതിക്കുട്ടി,​ ദേവകി മാനമ്പള്ളിയായി. അവർ ഉണ്ണിയേട്ടന്റെ ആരുമല്ലാതായി. സമുദായത്തിന്റെയും രാജ്യത്തിന്റേതുമായി, വ്യക്തിയിൽനിന്ന് പ്രസ്ഥാനമായി. ഗാന്ധിജിയുടെ പ്രിയപ്പെട്ട അന്തേവാസിനിയായി, ദേവീബഹനായി.
അതോടുകൂടി ഉണ്ണിയേട്ടന്റെ ജീവിതം ശ്രീകോവിലിലെ പ്രതിഷ്ഠയായി മാറി!

ആത്മബലിയുടെ

അർച്ചനകൾ

ഇഷ്ടദേവതയുടെ വിഗ്രഹത്തെ ചുമലിലേറ്റി സുരക്ഷിത സ്ഥാനത്തെത്തിക്കുവാൻ അദ്ദേഹം ശ്രമിച്ചു. സ്വന്തം സുഖത്തേക്കാൾ മറ്റുള്ളവരിലും പുരാണങ്ങളിലും വിശ്വസിച്ചു. അദ്ദേഹം നിശ്ചലജ്ഞാനിയും ധ്രുവനക്ഷത്രത്തെപ്പോലെ തിളക്കമുള്ളവനും ഇളക്കമില്ലാത്തവനുമായിരുന്നു. ജന്മബന്ധങ്ങളെ രൂപപ്പെടുത്തിയെടുത്ത കർമ്മബന്ധങ്ങളുണ്ടല്ലോ- അവയ്ക്ക് അജ്ഞാതമായൊരു ആകർഷണമുണ്ടെന്നും അദ്ദേഹം വിശ്വസിച്ചു. വ്യർത്ഥമായ ചില വിശ്വാസങ്ങൾക്കുവേണ്ടി ജീവിതത്തിന്റെ സൗഭാഗ്യം മുഴുവനായും തള്ളിമാറ്റി ഈശ്വരനിലൂടെ പ്രപഞ്ചത്തെ സ്‌നേഹിക്കുന്ന ഉണ്ണിയേട്ടനും സ്വാതന്ത്ര്യബോധത്തിൽ ജനിച്ചുവളർന്ന തേതിക്കുട്ടിയും ധർമ്മരോഷത്താൽ തിളച്ചുരുകി സ്വന്തം ജീവരക്തം ബലിയർപ്പിച്ച കഥാപാത്രങ്ങളാണ്.

സ്വാതന്ത്ര്യലബ്ധിക്കുശേഷം യാതനയുടെ വേദനയും പറഞ്ഞ് മുന്നോട്ടു വന്നവരുടെ കൂട്ടത്തിലൊന്നും ദേവീബഹനെ കണ്ടില്ല. ആ വീരനായിക അവസാനം പുണ്യനഗരത്തിലെത്തി സന്യസിക്കാൻ തീരുമാനിച്ചു. ഗാന്ധിജിക്കു ശേഷം,​ പാപങ്ങൾ ഏറ്റെടുത്ത് പ്രായശ്ചിത്തം ചെയ്തതുപോലെ സേവാശ്രമത്തിലെ അമ്മയായി. പണ്ട് ഉണ്ണിയേട്ടനിൽ ദോഷമായി കണ്ടതെല്ലാം ഇന്ന് ഈ അമ്മയ്ക്ക് ഗുണമായി തോന്നുന്നു. ജന്മപഥത്തിലെന്നതു പോലെ കർമ്മപഥത്തിലും അവർ ഒന്നായിത്തീരുന്നതാണ് 'അഗ്നിസാക്ഷി'യിലെ പ്രമേയം.

സമുദായ സംസ്‌കാരത്തിനെതിരെ ഉയരുന്ന അനാചാരങ്ങളിൽ അമർഷംകൊണ്ട് തന്റെ വരായുധമായ വാക്കുകളെ വാളിന്റെ വായ്ത്തലപോലെ മിനുക്കി മൂർച്ചകൂട്ടി വരച്ചുവച്ച രണ്ട് കഠിനശില്പങ്ങളാണ് ഇവർ. സ്‌നേഹത്തിലും വിശ്വാസത്തിലും സദാചാരബോധത്തിലും ഉറപ്പിച്ചു നിറുത്തിക്കൊണ്ടുതന്നെ ഈ ദമ്പതികളെ സമുദായത്തിന്റെയും രാജ്യത്തിന്റെയും ഒരു കാലഘട്ടത്തിന്റെ വിഷാദത്തുടിപ്പുകളോടുകൂടി സമൂഹജീവിതാഗ്നിക്ക് സാക്ഷിയാക്കി മാറ്റുകയായിരുന്നു ലളിതാംബിക അന്തർജ്ജനം.

കഥകളിലെ

സങ്കടക്കടൽ

സ്വാതന്ത്ര്യ സമരകാലത്തെ നിർഭരപ്രതീക്ഷകൾ, വിഭജനത്തിന്റെ പേരിലുണ്ടായ മനുഷ്യക്കുരുതിയെ നിനച്ചുള്ള അഗാധസങ്കടമൊക്കെ അന്തർജ്ജനത്തിന്റെ കഥകളിൽ കാണാം. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെയും ഹിന്ദു-മുസ്ലിം കലാപത്തിന്റെയും കൊടിയ സ്വാർത്ഥതയുടെയും ജാതീയവും മതപരവുമായ വിദ്വേഷത്തിന്റെ പിടിയിൽപ്പെട്ട് ഞെരിയുന്ന മനുഷ്യത്വമാണ് 'കൊടുങ്കാറ്റിൽപ്പെട്ട ഒരില" എന്ന കഥയിൽ ചിത്രീകൃതമാകുന്നത്. വിഭജനം എന്ന വിധിയുടെ ദൃഢമായ നിശ്ചയങ്ങൾക്കു നേരെ മല്ലടിക്കാൻ ഹതഭാഗ്യയായ മാതൃഭൂമിക്ക് കഴിയാതെ പോയതും ഇന്ത്യൻ ജനതയുടെ തേങ്ങിക്കരച്ചിലുകളുമാണ് ഈ കഥയിൽ കാണുന്നത്.

'ധീരേന്ദു മജുംദാരുടെ അമ്മ" എന്ന കഥയിൽ ആ അമ്മ പൊട്ടിക്കരഞ്ഞു: 'രാജ്യത്തെക്കാൾ വലുതാണ് മകനേ,​ അമ്മ. അമ്മയ്ക്ക് ഹൃദയമുണ്ട്. അത് പൊട്ടിപ്പോകും. രാജ്യമെന്നത് വെറും കല്ലും മണ്ണുമാണല്ലോ."

'അല്ലമ്മേ; രാജ്യമെന്നത് അമ്മയെപ്പോലെയുള്ള കോടിക്കോടി അമ്മമാരുടെ ഹൃദയങ്ങൾ ചേർന്നതാണ്. അവർക്ക് വേദനയുണ്ട്,​ വീർപ്പുമുട്ടലുണ്ട്,​ കണ്ണീരുണ്ട്. ദുഃഖിതയായ ഈ മാതൃഭൂമിയുടെ മോചനത്തിനുവേണ്ടി ഞാൻ മരിച്ചാൽ അമ്മ വന്ദമാതരം പാടിക്കൊണ്ട് ചിരിക്കണം. ചിരിക്കാമെന്നു പറയൂ,​ അമ്മേ!""

ജീവിതത്തിന്റെ

മഷിപ്പാത്രം


അന്തർജ്ജനത്തിന്റെ ചെറുകഥയിലെ പ്രമേയങ്ങൾക്ക് വൈവിദ്ധ്യമേറെയാണ്. സാമുദായിക നവോത്ഥാനത്തിൽ നിന്ന് സാമൂഹിക പരിവർത്തനത്തിലേക്കും പരിസ്ഥിതിബോധത്തിലേക്കും പ്രമേയങ്ങൾ പടർന്നു ചെല്ലുന്നു. സ്ത്രീ എന്ന നിലയിൽ നേരിട്ട അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ തീക്ഷ്ണതയോടെ ലളിതാംബിക അന്തർജ്ജനം സമുദായാവസ്ഥയുടെ ദുഃസ്ഥിതി മാത്രമല്ല എഴുതിയത്- ഒരമ്മയിൽ ട്രാജഡി മുഴുവൻ കേന്ദ്രീകരിച്ചു നില്ക്കുന്ന സ്ത്രീജീവിതമാണ് അവർ എഴുതിത്തീർത്തത്.

അവയിൽ മലയാളത്തിലെ സ്ത്രീവാദ കഥകളുടെ ആദ്യമുഖങ്ങൾ തെളിയുകയായിരുന്നു. അവയിൽ നമ്പൂതിരി സ്ത്രീകളുടെ ആജന്മദുഃഖങ്ങളും അതിനു കാരണമായ വ്യവസ്ഥിതിയോടുള്ള തീവ്രപ്രതിഷേധവും കാണാവുന്നതാണ്. അവസാന ദഹനാഗ്നിക്കുപോലും വെളിപ്പെടുത്താൻ കഴിയാത്ത ചില മഹാരഹസ്യങ്ങൾ സ്ത്രീഹൃദയത്തിൽ ഒളിഞ്ഞിരിക്കുന്നു എന്നതിന്റെ പ്രതീകമാണ് 'മൂടുപട"ത്തിലെ പാപ്പി.

''മരണമെന്നത് നാമാരും വിചാരിക്കുന്നതുപോലെ ഒരു വേദനാനുഭവമല്ല. അതൊരു വിലയനം മാത്രം. നദി കടലിൽ ചേരുംപോലെ,​ സൗരഭ്യം കാറ്റിൽ അലിയുംപോലെ സ്വയമേവ അത് സംഭവിക്കുന്നു. നരനെ നാരായണനിലേക്ക്, വ്യഷ്ടിയെ സമഷ്ടിയിലേക്ക്, തന്നെ ഈശ്വരനിലേക്ക് സമർപ്പിക്കാൻ കഴിവുള്ളവർക്ക് ഇതൊരു പൂജാവിധി മാത്രം."" പുരാണേതിവൃത്തങ്ങളിലെ അനാവൃത സാദ്ധ്യതകൾ അതിവർത്തിക്കുന്ന ഭാവഗീതങ്ങളുടെ ചാരുതയുള്ള ധ്യാനശില്പങ്ങൾ അവരുടെ രചനകളിൽ വ്യക്തമാണ്. സാഹിത്യജീവിതത്തിലുടനീളം കാവ്യരചന കൈവിടാതിരുന്ന ലളിതാംബിക അന്തർജ്ജനത്തിന്റെ മികച്ച ചെറുകഥകളെല്ലാം ഗദ്യത്തിലുള്ള കാവ്യഭാഷകളാണ്.


ചന്ദനത്തിരിയിലെ തീപ്പൊരി പോലെ മനസിൽ എന്നും എരിഞ്ഞു കയറുന്ന വാക്കുകൾ! ആ എഴുത്തിൽ ഒരു ഏകാകിയെ എന്നും,​ എപ്പോഴും കാണാം. ഒരു സന്യാസിനിയെയും അതേ അവസരത്തിൽ ഒരു ജീവിതപ്രേമിയെയും കാണാം. മഹാദുഃഖത്തിന്റെ അടിത്തട്ടിൽ ശ്വാസംമുട്ടി നീങ്ങുമ്പോഴും ആർജ്ജിത സംസ്‌കാരത്തിന്റെ ഉൾക്കരുത്തോടെ, തനി നിസഹായിയെപ്പോലെയെന്നാലും പുഞ്ചിരിക്കുന്ന ഒരു അപരാജിതയെയും കാണാം. സർവോപരി,​ ഏത് ക്രൂരതയുടെ കൂരിരുട്ടിലും 'ദീപം... ദീപം..." എന്നതു പോലെ 'നന്മ... നന്മ..." എന്ന് ഉരുവിടുന്ന, കണ്ണീർമണികളെ മുത്താക്കിയ വെളിച്ചത്തിന്റെ ആരാധികയെയും കാണാം.

TAGS: KATHA, LITERATURE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.