SignIn
Kerala Kaumudi Online
Wednesday, 18 February 2026 2.43 PM IST

അമൃതകിരണം ക്ഷമിക്കൽ; മുമ്പോട്ടുള്ള ഗമിക്കൽ

Increase Font Size Decrease Font Size Print Page
d

ഒരു ദിവസം, ഒരു കൊച്ചു കുടുംബത്തിൽ ഭാര്യയും ഭർത്താവും അവരുടെ ഏകമകനും അത്താഴം കഴിക്കാനിരുന്നു. ആദ്യം ഭാര്യ മൂന്നുപേരുടെയും പ്ലേറ്റിൽ ഭക്ഷണം വിളമ്പി. ഭർത്താവിന്റെ പ്ലേറ്റിൽ വച്ച ദോശയിൽ രണ്ടെണ്ണം കരിഞ്ഞതായിരുന്നു. എങ്കിലും അദ്ദേഹം ഒന്നും മിണ്ടാതെ കരിഞ്ഞ ദോശ കഴിച്ചുതുടങ്ങി. ദോശ കരിഞ്ഞുപോയതിന് ഭാര്യ ഭർത്താവിനോട് ക്ഷമ ചോദിച്ചു. അദ്ദേഹം ചിരിച്ചുകൊണ്ട്, 'ഓ അതിനെന്താ, എനിക്ക് നന്നായി മൊരിഞ്ഞ ദോശ ഇഷ്ടമാണെന്ന് നിനക്കറിയില്ലേ..." എന്നു പറഞ്ഞ് ഭാര്യയെ ആശ്വസിപ്പിച്ചു.

യാതൊരു ഭാവഭേദവും കൂടാതെ അദ്ദേഹം ഇടയ്ക്കിടെ ഭാര്യയോടും മകനോടും സംസാരിച്ചുകൊണ്ടിരുന്നു. മകൻ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അന്നു രാത്രി, അച്ഛൻ ഒറ്റയ്ക്കിരിക്കുമ്പോൾ മകൻ അച്ഛനോടു ചോദിച്ചു: 'അച്ഛന് കരിഞ്ഞ ദോശ ശരിക്കും ഇഷ്ടമാണോ?" അച്ഛൻ പറഞ്ഞു: 'മോനേ. നിന്റെ അമ്മ ഇന്ന് ജോലിസ്ഥലത്ത് ഓവർടൈം ചെയ്ത് വൈകിയാണ് വീട്ടിലെത്തിയത്. അവൾ ശരിക്കും ക്ഷീണിച്ചായിരിക്കും വന്നിട്ടുണ്ടാകുക. എന്നിട്ടും യാതൊരു മടിയുമില്ലാതെ നമുക്കെല്ലാവർക്കും ഭക്ഷണം തയ്യാറാക്കി. അവളുടെ കഷ്ടപ്പാടും നമ്മളോടുള്ള സ്‌നേഹവും നമ്മൾ കാണാതെ പോകരുത്.

മാത്രമല്ല,​ ഒരു കരിഞ്ഞ ദോശയ്ക്ക് ആരെയും വേദനിപ്പിക്കാനാവില്ല. സ്വല്പനേരം കഴിഞ്ഞാൽ നമ്മൾ അക്കാര്യം മറന്നുപോവുകയും ചെയ്യും. എന്നാൽ നമ്മൾ ആരോടെങ്കിലും ദേഷ്യപ്പെട്ട് സംസാരിച്ചാൽ അത് അവരുടെ മനസിൽ ഏല്പിക്കുന്ന മുറിവ് പൊറുക്കാൻ വളരെ സമയമെടുക്കും. ഈ ലോകത്തിൽ എല്ലാം തികഞ്ഞവരായി ആരുമില്ല, എല്ലാവരിലും എന്തെങ്കിലും കുറ്റങ്ങളും കുറവുകളുമുണ്ടാകും. എനിക്കും എത്രയോ തെറ്റുകൾ പറ്റാറുണ്ട്. അതുകൊണ്ടാണ് അച്ഛൻ ഒന്നും പറയാതെ കരിഞ്ഞ ദോശ കഴിച്ചത്."

ക്ഷമിക്കലാണ് മുമ്പോട്ടുള്ള ഗമിക്കൽ. അന്യരുടെ കുറ്റങ്ങളും കുറവുകളും ക്ഷമിക്കാനും, സകല ന്യൂനതകളോടും കൂടി അവരെ സ്വീകരിക്കാനും മനസുള്ളവർ ഇന്ന് അപൂർവമാണ്. അതുകൊണ്ടാണ് ഈ കഥയിലെ ഗൃഹനാഥൻ നമുക്ക് മാതൃകയാവുന്നത്. എല്ലാവരിലും കുറ്റങ്ങളും കുറവുകളുമുണ്ട്. മറ്റുള്ളവർ തെറ്റു ചെയ്യുമ്പോൾ അവരെ തിരുത്തുന്നതിൽ തെറ്റില്ല. എന്നാൽ അതോടൊപ്പം അവരുടെ തലത്തിൽ ചെന്ന് സാഹചര്യങ്ങളെ നോക്കിക്കാണാനും തയ്യാറാകണം. അവരുടെ സ്ഥാനത്ത് നമ്മളായിരുന്നെങ്കിൽ നമുക്കും ഒരുപക്ഷേ അതേ തെറ്റ് സംഭവിച്ചെന്നിരിക്കാം. ഈ തിരിച്ചറിവുണ്ടായാൽ മറ്റുള്ളവരുടെ കൊച്ചു കൊച്ചു കുറ്റങ്ങളും കുറവുകളും പൊറുക്കാനും മറക്കാനും കഴിയും.

മറ്റുള്ളവരെ സ്വാർത്ഥതയുടെ കണ്ണുകളിലൂടെ മാത്രം കാണാതെ അവരിലെ നന്മ തിരിച്ചറിയാൻ കഴിയുകയാണെങ്കിൽ പരസ്പരസ്‌നേഹവും വിശ്വാസവും ശക്തിപ്പെടും. അത് ജീവിതത്തിന് സൗന്ദര്യവും സൗരഭ്യവും പകരും. ആഹാരം കഴിക്കുന്നതിനിടയിൽ അറിയാതെ നാവു കടിച്ചുപോയാൽ പല്ലിനോട് നമുക്ക് ദേഷ്യം വരുമോ? പല്ലും നാക്കുമെല്ലാം ഒരേ ശരീരത്തിന്റെ ഭാഗമാണ്. അതുപോലെ, നമുക്ക് ജീവൻ പകരുന്ന അതേ ഈശ്വരചൈതന്യം തന്നെയാണ് എല്ലാവരിലും കുടികൊള്ളുന്നത് എന്ന കാഴ്ചപ്പാട് നമ്മളിൽ ദൃഢമായാൽ മറ്റുള്ളവരുടെ തെറ്റുകളും കുറവുകളും ക്ഷമിക്കുക എന്നത് നമ്മളിൽ സ്വാഭാവികമാകും. ആ ഒരു അവസ്ഥയിലേക്ക് ഉയരുവാനാണ് പരിശ്രമിക്കേണ്ടത്. മനുഷ്യജീവിതം തന്നെ അതിനുവേണ്ടിയുള്ളതാണ്.

TAGS: AMRITA KIRANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.