SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.32 PM IST

നിത്യപ്രകാശമേ,നയിച്ചാലും!

Increase Font Size Decrease Font Size Print Page
d

ഇന്ന് നമുക്ക് ചില വ്യക്തികളെ കണ്ടാലോ! അതോ, വ്യക്തിത്വങ്ങളെയാണോ കാണേണ്ടത്? അത് വ്യക്തിയാണോ പ്രധാനം, അതോ, വ്യക്തിത്വമാണോ പ്രധാനം എന്നതിനെ ആശ്രയിച്ചിരി ക്കുമല്ലേ! എന്താണ് വ്യക്തിത്വമെന്ന് പരിശോധിച്ചാലോ? വലിയ കോട്ടും, സ്യൂട്ടും ധരിച്ച് മുന്തിയ കാറിൽ നാലുജനം കാണുന്നിടത്തു വന്നിറങ്ങുന്നവരൊക്കെ നല്ല വ്യക്തികളോ, നല്ല വ്യക്തിത്വത്തിന് ഉടമകളാണെന്നോ നമ്മൾ കണ്ണുമടച്ചങ്ങുസമ്മതിച്ചുകൊടുക്കുമോ?, ഇല്ലല്ലോ, അയാളുടെ കോട്ടും, സ്യൂട്ടും മുന്തിയ ബ്രാൻഡ് ആണെന്നും, അത് കൊള്ളാമെന്ന് ചിലപ്പോളാരെങ്കിലും വിലയിരുത്തിയാൽ, അതെന്താണ് സൂചിപ്പിക്കുന്നത്?
നേരായ വഴിയിലൂടെയോ, അല്ലാതെയോ അയാളുടെ കൈവശം കുറെ സാമ്പത്തികമുണ്ട് എന്നല്ലേ? അതുമാത്രമല്ല, അയാൾ ഒരു നല്ല വ്യക്തിയാണെന്നോ? അയാൾ നല്ല ഒരു വ്യക്തിത്വത്തിന് ഉടമയാണ് എന്നൊക്കെ നമ്മൾ വിലയിരുത്തുന്നതിന്
അളവുകോലുകളും വ്യത്യസ്തമല്ലേ? അപ്പോൾ, എന്താണ് വ്യക്തിത്വം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്? ഒരു വ്യക്തിയുടെ സ്വഭാവം, പെരുമാറ്റം, ചിന്താരീതികൾ, വൈകാരികതലങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന സവിശേഷമായ സവിശേഷതകളുടെ ആകെത്തുകയാണ് വ്യക്തിത്വം (Personality). മറ്റൊരാളിൽ നിന്ന് ഒരാളെ വ്യത്യസ്തനാക്കുന്ന മാനസികവും, പെരുമാറ്റപരവുമായ പ്രത്യേകതകളാണിത്. ഇത് സ്ഥിരതയുള്ളതാണെങ്കിലും അനുഭവങ്ങളിലൂടെ, കാലക്രമേണ മാറാം.

വ്യക്തിത്വത്തിന്റെ പ്രധാനവശങ്ങൾ: സ്വഭാവ സവിശേഷതകൾ, പെരുമാറ്റം, സംസാരരീതി, സാഹചര്യങ്ങളോട് പ്രതികരിക്കുന്ന രീതി. ആന്തരിക ഗുണങ്ങൾ, ചിന്തകൾ, വികാരങ്ങൾ, മൂല്യങ്ങൾ, പ്രചോദനം ഇവയാണ് തനതായ വ്യക്തിത്വം. ഓരോരുത്തരിലും വ്യത്യസ്തമായിരിക്കുന്ന വ്യക്തിത്വ സവിശേഷതകൾ കാണാൻ കഴിയും. 'പേഴ്സണാലിറ്റി" എന്നത്, ലാറ്റിൻ വേരുള്ള വാക്കാണ്. 'പേഴ്സണ" (Persona) എന്ന വാക്കിൽ നിന്നാണ് അത് ഉത്ഭവിച്ചത്. അതി ന്റെ അർത്ഥമെന്തെന്നു ചോദിച്ചാൽ അത്, നടൻ ധരിക്കുന്ന 'മുഖംമൂടി" എന്നാണ്. ലളിതമായി പറഞ്ഞാൽ, 'നിങ്ങളെ, നിങ്ങളാക്കുന്ന സ്വഭാവ വിശേഷങ്ങൾ" ആണ് വ്യക്തിത്വം. എന്താണ് 'സ്വഭാവം" എന്നറിയാമോ? 'സ്വന്തംഭാവം" എന്നതുതന്നെ! ഉള്ളിലുള്ളത്, കണ്ണിൽ തെളിയും - സാധാരണ മനുഷ്യർക്ക്. കള്ളന്മാർക്കും, കൊള്ളക്കാർക്കും തെളിയണമെന്നില്ല!അപ്പോൾ, ഇനി പറയു, വ്യക്തിയാണോ പ്രധാനം, അതോ, വ്യക്തിത്വമാണോ പ്രധാനം?" ഇത്രയും പറഞ്ഞുകൊണ്ട്, പ്രഭാഷകൻ, സദസ്യരെ നോക്കിയപ്പോൾ, മിക്കവരും, തങ്ങളിലെ വ്യക്തിത്വത്തെ, തിരയുന്നൊരു ആത്മപരിശോധനയുടെ ഭാവത്തിലായിരുന്നു. എല്ലാവരേയും നോക്കി വാത്സല്യപൂർവം പുഞ്ചിരിച്ചുകൊണ്ട്, പ്രഭാഷകൻ ഇപ്രകാരം തുടർന്നു: 'സോവിയറ്റ് യൂണിയൻ"(യു.എസ്.എസ്.ആർ.) 1991ൽ തകർന്നതിനുശേഷവും, ലോകത്തിലെ ഏറ്റവും വലിയ രാജ്യം, റഷ്യ തന്നെയാണ്.(17,075,400 sq.km ). നമ്മുടെ ഇന്ത്യയുടെ വിസ്തീർണ്ണം 3,28,7263 sq. km. ആണ്. 1947ൽ നമ്മുടെ രാജ്യം വിഭജിച്ച് രൂപംകൊണ്ട പാകിസ്ഥാന്റെ വിസ്തീർണ്ണം 881913sq.km. പിന്നീട്, പാകിസ്ഥാൻ വിഭജിച്ച് 1971ൽ നിലവിൽ വന്ന ബംഗ്ളാദേശിന്റെ വിസ്തീർണ്ണം 1,47,570sq.km. എന്നാൽ, അപ്രകാരം, നമ്മുടെ രാജ്യം വിഭജിക്കപ്പെട്ടപ്പോൾ ഏറ്റവും ദുഖിതനായിരുന്ന ഒരു മഹത് വ്യക്തിത്വമുണ്ടായിരുന്നു. കോട്ടും, സ്യൂട്ടുമെന്നല്ല ഒരു ഷർട്ടുപോലും അന്ന് ധരിച്ചിരുന്നില്ലെങ്കിലും, ലോകം മുഴുവനും ഇന്നും ആരാധകരുള്ളൊരു വ്യക്തിത്വം. അതാണ് നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജി. ഇന്ത്യയുടെ വിഭജനത്തെ ഏറ്റവും ശക്തമായി എതിർത്ത പ്രധാന നേതാവ് മഹാത്മാഗാന്ധിയാണ്. ഗാന്ധിജിയെ കൂടാതെ, അതിർത്തി ഗാന്ധി എന്നറിയപ്പെടുന്ന ഖാൻ അബ്ദുൾ ഗഫാർ ഖാൻ, മൗലാന അബുൾ കലാം ആസാദ്, സെയ്‌ഫുദ്ദീൻ കിച്ച്‌ലു തുടങ്ങിയവരും വിഭജനത്തെ ശക്തമായി എതിർത്തിരുന്നു. ലോകം മുഴുവനും ഇന്നും ഗാന്ധിയൻ മാർഗ്ഗങ്ങളിലൂടെ സമാധാനത്തിന്റെ പ്രാണവായുവിന് ദാഹിച്ച് നിൽക്കുമ്പോൾ, നമ്മൾ, നമ്മുടെ മഹാത്മാവിന്റെ നെഞ്ചിൽ ഇനിയും നിറയൊഴിക്കാൻ അവസരം നോക്കി നടക്കുകയല്ലേ!" ഇപ്രകാരം പ്രഭാഷകൻ നിർത്തിയപ്പോൾ, സദസ്യരിൽ പലരും ഗാന്ധിജിയുടെ പാവനസ്മരണയിലായിരുന്നു.

TAGS: COLUMNS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY