തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് കലാശക്കൊട്ടിന് ഇനി മൂന്നു പകലുകൾ മാത്രം ശേഷിക്കെ, അഞ്ച് മണ്ഡലങ്ങളിലും വിജയപ്രതീക്ഷയോടെ പ്രചാരണം കൊഴുപ്പിക്കുകയാണ് മുന്നണികൾ. ശനിയാഴ്ച വൈകിട്ട് അഞ്ചിന് പരസ്യപ്രചാരണം അവസാനിക്കും. വട്ടിയൂർക്കാവിൽ യു.ഡി.എഫിനായി രംഗത്തിറങ്ങിക്കഴിഞ്ഞ എൻ.എസ്.എസ് നേതൃത്വം ഇന്നലെ ഒരിക്കൽകൂടി ശരിദൂര നിലപാട് ആവർത്തിച്ചതോടെ, അതിനെ ചുറ്റിപ്പറ്റിയായി രാഷ്ട്രീയമർമ്മരങ്ങൾ. വട്ടിയൂർക്കാവിലെ എൻ.എസ്.എസ് സമീപനത്തോടുള്ള നീരസം ഇടത്, ബി.ജെ.പി കേന്ദ്രങ്ങളിലുണ്ടെങ്കിലും പ്രകോപനപരമായ പ്രതികരണങ്ങളിൽ നിന്ന് ബോധപൂർവം അകന്നുനിൽക്കുകയാണ്. ബി.ജെ.പിയാകട്ടെ, ഒരു പടികൂടി കടന്ന് എൻ.എസ്.എസ് നേതൃത്വവുമായി സമവായത്തിന് ശ്രമമാരംഭിക്കുകയും ചെയ്തു. കുമ്മനം രാജശേഖരനാണ് ഇതിന് മുൻകൈയെടുക്കുന്നത്. എന്നാൽ, ബി.ജെ.പിക്കൊപ്പം പോകുന്നത് നന്നാവില്ലെന്ന വിലയിരുത്തലിലാണ് എൻ.എസ്.എസ് നേതൃത്വം.
ശരിദൂരത്തിന് കാരണം ശബരിമലവിഷയം മാത്രമല്ലെന്നും വിശ്വാസത്തെ ഇല്ലാതാക്കാനാണ് സംസ്ഥാനസർക്കാർ ശ്രമിക്കുന്നതെന്നും കേന്ദ്രസർക്കാർ വിശ്വാസികളെ വഞ്ചിച്ചെന്നും ഇന്നലെ സുകുമാരൻ നായർ ആവർത്തിച്ച് വ്യക്തമാക്കി. രാഷ്ട്രീയപ്പാർട്ടി രൂപീകരിക്കാതെ സമുദായ സംഘടനകൾ രാഷ്ട്രീയത്തിലിടപെടുന്നത് ശരിയല്ലെന്ന് ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇതിന് മറുപടി നൽകി. എൻ.എസ്.എസിലെ കോൺഗ്രസുകാരാണ് വട്ടിയൂർക്കാവിൽ യു.ഡി.എഫിനായി വോട്ട് തേടിയതെന്നും എൻ.ഡി.പി ഉണ്ടായിരുന്നപ്പോഴും എൽ.ഡി.എഫ് കേരളത്തിൽ ജയിച്ചിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. എൻ.എസ്.എസ് നിലപാടിനോട് മൗനം തുടരുന്ന മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ, ശബരിമലയിൽ ചെയ്ത പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞാണ് വിശ്വാസികൾക്കൊപ്പം നിൽക്കുന്ന സർക്കാരാണ് തന്റേതെന്ന് സ്ഥാപിക്കുന്നത്. ജാതിസംഘടനകൾ പരസ്യമായി രാഷ്ട്രീയകക്ഷികൾക്കായി വോട്ട് ചോദിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന മുന്നറിയിപ്പ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയും നൽകിയിട്ടുണ്ട്.
വട്ടിയൂർക്കാവിൽ യു.ഡി.എഫിനായി കളത്തിലിറങ്ങിയ എൻ.എസ്.എസ് നേതൃത്വം രണ്ടും കല്പിച്ച് തന്നെയെന്നാണ് നയം വ്യക്തമാക്കിയിരിക്കുന്നത്. കോന്നിയിലും അവർ പ്രാദേശികമായി സർക്കുലർ ഇറക്കി. സമദൂരം വിട്ട് ശരിദൂരത്തിലേക്ക് വരുന്ന എൻ.എസ്.എസ് നേതൃത്വം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പോലും കാണിക്കാത്ത 'റിസ്ക്' ഉപതിരഞ്ഞെടുപ്പുകളിൽ ഏറ്റെടുത്ത് നിൽക്കുമ്പോൾ രാഷ്ട്രീയകേരളം അതിന്റെ അനന്തരഫലത്തെ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്. എൻ.എസ്.എസ് നിലപാടിനോട് യു.ഡി.എഫ് പരസ്യമായൊന്നും പറഞ്ഞില്ലെങ്കിലും അത് ബോണസായി ഭവിക്കുമെന്ന പ്രതീക്ഷയാണ് നേതാക്കൾക്കുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |