
തിരുവനന്തപുരം: തലസ്ഥാനത്ത് അനധികൃതമായി പ്രവർത്തിക്കുന്ന സ്‌പാകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് തിരുവനന്തപുരം മേയർ വി വി രാജേഷ്. സ്‌പാകളുടെ മറവിൽ ക്രോസ് മസാജിംഗ് വ്യാപകമായി നടക്കുന്നുവെന്ന് മേയര്‍ വി വി രാജേഷ് പറഞ്ഞു. ഒത്താശ ചെയ്യുന്ന ഡോക്ടറെക്കുറിച്ചുള്ള വിവരം മെഡിക്കൽ കൗണ്‍സിലിനെ അറിയിക്കുമെന്നും മാഫിയകളുമായി ചില പൊലീസുകാര്‍ക്ക് സൗഹൃദമുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും മേയർ വ്യക്തമാക്കി.
'തിരുവല്ലയിൽ സ്പാ സെന്ററിന്റെ മറവിൽ നടന്ന സംഭവം കേരള മനഃസാക്ഷിയെ മുഴുവൻ ഞെട്ടിപ്പിച്ചിരിക്കുകയാണ്. കേരളത്തിലെ വിവിധയിടങ്ങളിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഇത്തരം സെന്ററുകൾ പ്രവർത്തിക്കുന്നത് വലിയ ആഘാതമുണ്ടാക്കും. ഈ പശ്ചാത്തലത്തിൽ പൊലീസുകാരുമായി ഒരു ചർച്ച നടത്തിയിരുന്നു. തിരുവനന്തപുരവും ഇതിൽ നിന്ന് മുക്തമല്ലയെന്നുള്ള വിവരമാണ് ലഭിച്ചത്. തിരുവനന്തപുരം കോർപറേഷൻ കൊടുത്തിരിക്കുന്ന എല്ലാ സ്പാകളുടെയും ലൈസൻസ് പരിശോധിക്കാൻ പറഞ്ഞിട്ടുണ്ട്. അവിടങ്ങളിൽ പരിശോധനയും നടത്തും.
കോർപറേഷനും പൊലീസും സംയുക്തമായി ഈ മേഖലയിൽ ചില ഇടപെടലുകൾ നടത്താൻ ആലോചിക്കുന്നുണ്ട്. ഉന്നതപൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിക്കും. ക്രോസ് മസാജിംഗ് വ്യാപകമായി നടക്കുകയാണ്. സെന്ററുകളിൽ മാസിയർ, ഡോക്ടർ എന്നിവർ വേണം. ചില ഡോക്ടർമാർ ഇത്തരം കാര്യങ്ങൾക്ക് ഒത്താശ ചെയ്യുന്നുണ്ടെന്ന വിവരവും ലഭിച്ചിട്ടുണ്ട്. അവർ കോർപറേഷന്റെയും പൊലീസിന്റെയും കർശന നിരീക്ഷണത്തിലാണ്. മെഡിക്കൽ കൗൺസിലിനെ വിവരമറിയിക്കും. ഇത്തരം കേന്ദ്രങ്ങളുമായി ബന്ധം സ്ഥാപിച്ചിട്ടുള്ള പൊലീസുകാരുടെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്'- മേയർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |