
കേരളത്തിന്റെ വ്യവസായ ഭാവിയിലേക്ക് ഒരു സുവർണ്ണ ജാലകം തുറക്കുന്ന നിമിഷമാണ് മട്ടന്നൂരിൽ ഇപ്പോൾ സാക്ഷാത്കരിക്കാൻ പോകുന്നത്. കണ്ണൂർ ജില്ലയുടെ ഭൂപടത്തിൽ കേവലം ഒരു വ്യവസായ പാർക്ക് എന്ന നിലയിൽ മാത്രമല്ല, ആഗോള സ്വർണ്ണ വ്യവസായത്തിന്റെ കേന്ദ്രബിന്ദുവായി രൂപാന്തരപ്പെടാൻ പോകുന്ന ഒരു സ്വപ്നകേന്ദ്രമായാണ് മട്ടന്നൂർ കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്ക് മാറുന്നത്.
സ്ഥലമേറ്റെടുപ്പിനു മുൻപേ നിക്ഷേപം
അടിസ്ഥാന സൗകര്യ വികസനം പൂർത്തിയാകുന്നതിനു വളരെ മുൻപുതന്നേ വൻ നിക്ഷേപകർ വാതിൽക്കൽ എത്തിയിരിക്കുകയാണ് എന്നതാണ് മട്ടന്നൂർ പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. സ്ഥലം ഏറ്റെടുക്കുന്ന പ്രവൃത്തികൾ ഇനിയും പൂർണമായും പൂർത്തീകരിക്കാത്ത ഈ ഘട്ടത്തിൽത്തന്നെ, ഹൈദരാബാദ് ആസ്ഥാനമായ ഗോൾഡ്സിക്ക കമ്പനി ഇവിടെ 'ഗ്ലോബൽ ഗോൾഡ് സിറ്റി " സ്ഥാപിക്കുന്നതിനായി മുന്നോട്ടുവന്നിരിക്കുകയാണ്.
ആയിരം ഏക്കർ വിസ്തൃതിയിലാണ് ഈ പദ്ധതിക്കായി ഭൂമി അഭ്യർത്ഥിച്ചിട്ടുള്ളത്. വിവിധ ഘട്ടങ്ങളിലായി 3.5 ലക്ഷം കോടി രൂപയുടെ നിക്ഷേപവും പത്ത് ലക്ഷത്തോളം തൊഴിലവസരങ്ങളും സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. തിരുവനന്തപുരത്തുവച്ച് ഈ പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രം കൈമാറ്റം ചെയ്തുകഴിഞ്ഞു.
സ്വർണ്ണനഗരത്തിന്റെ വിഭാവനം
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഖനനം ചെയ്‌തെടുക്കുന്ന സ്വർണ്ണ അയിര് എത്തിച്ചേരുന്നതു മുതൽ ആഭരണ നിർമ്മാണം വരെയുള്ള സമസ്ത കാര്യവും ഒരേ മേൽക്കൂരയ്ക്ക് കീഴിലായിരിക്കുമെന്നതാണ് ഗ്ലോബൽ ഗോൾഡ് സിറ്റിയുടെ പ്രത്യേകത. ശുദ്ധീകരണം, ഗുണമേന്മ പരിശോധന, ഡിസൈനിംഗ്, നിർമ്മാണം, പാക്കേജിംഗ് എന്നിങ്ങനെ സ്വർണ്ണാഭരണ വ്യവസായവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ഇവിടെ നടക്കും. ആഗോള സ്വർണ്ണ വ്യവസായ രംഗത്ത് ശക്തമായ സാന്നിധ്യമുള്ള ഗോൾഡ്സിക്ക കമ്പനി അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങൾ മട്ടന്നൂരിൽ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. കണ്ണൂർ വിമാനത്താവളത്തിന്റെ സാന്നിധ്യം മികച്ച രീതിയിൽ പ്രയോജനപ്പെടുത്താൻ സഹായകമാകും.
നിലവിലെ സ്ഥിതി
128 ഏക്കർ വിസ്തൃതിയിലാണ് കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്ക് ഇപ്പോൾ പ്രവർത്തിക്കുന്നത്. സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറിയിൽ 16 സംരംഭങ്ങൾ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. മട്ടന്നൂർ നഗരത്തിനും അന്താരാഷ്ട്ര വിമാനത്താവളത്തിനും മൂന്ന് കിലോമീറ്റർ ചുറ്റളവിനുള്ളിലാണ് പാർക്ക് സ്ഥിതി ചെയ്യുന്നത്. ലാൻഡ് ബാങ്ക് രൂപീകരിക്കാനായി മൂന്ന് പാഴ്സലുകളായി 1,054 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ 2,018 കോടി രൂപ ചെലവഴിച്ച് അടിസ്ഥാന സൗകര്യ വികസനം നടത്തുന്നു.
ഒന്നാം ലാൻഡ് പാഴ്സലായി വെള്ളപ്പറമ്പ്, പട്ടന്നൂർ, കീഴല്ലൂർ വില്ലേജുകളിലായി 474 ഏക്കർ ഭൂമി 842 കോടി രൂപയ്ക്ക് ഏറ്റെടുത്തു കഴിഞ്ഞു. രണ്ടാം പാഴ്സലായി പനയത്താംപറമ്പ്, അഞ്ചരക്കണ്ടി, പടുവിലായി, കീഴല്ലൂർ വില്ലേജുകളിലായി 500 ഏക്കർ ഭൂമി 1,076 കോടി രൂപയ്ക്ക് ഏറ്റെടുക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഇതിൽ 170 ഏക്കർ ഇതിനോടകം ഏറ്റെടുത്തു.
'ഭൂമി ഏറ്റെടുക്കൽ പൂർത്തിയാകും മുൻപുതന്നെ ഇവിടെ വലിയൊരു നിക്ഷേപത്തിന് വാഗ്ദാനമുണ്ടായത് കേരളത്തിന്റെ വ്യവസായിക അന്തരീക്ഷത്തോട് നിക്ഷേപകർ പുലർത്തുന്ന വിശ്വാസത്തിന്റെ തെളിവാണ് " എന്ന് വ്യവസായ മന്ത്രി പി. രാജീവ് അഭിപ്രായപ്പെട്ടു.
തന്ത്രപ്രധാനമായ നേട്ടങ്ങൾ
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമീപ സ്ഥാനം ഈ പദ്ധതിയുടെ ഏറ്റവും വലിയ നേട്ടമാണ്. കയറ്റുമതിക്ക് അനുയോജ്യമായ രീതിയിലുള്ള വിമാനത്താവളത്തിന്റെ സാന്നിധ്യം പദ്ധതിയെ ഏറെ സഹായിക്കും. അസംസ്‌കൃത വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിനും പൂർത്തിയായ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിനും ആവശ്യമായ ലോജിസ്റ്റിക് സൗകര്യം ലഭ്യമാകും. 50 ഏക്കർ സ്ഥലത്ത് സയൻസ് ആൻഡ് ഐ.ടി പാർക്ക് സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സാങ്കേതിക മേഖലയിലെ സംരംഭങ്ങൾക്കും ഇത് അവസരമൊരുക്കും. നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ വികസിപ്പിച്ച് 5,000 ഏക്കർ വിസ്തൃതിയുള്ള ഒരു വൻ വ്യവസായ ഹബ്ബായി മട്ടന്നൂർ പാർക്കിനെ പരിവർത്തനം ചെയ്യുകയാണ് ലക്ഷ്യം. ഉൽപ്പാദനം, ടെക്സ്റ്റൈൽസ്, ഇലക്ട്രോണിക്സ്, ഐ.ടി തുടങ്ങിയ വിവിധ മേഖലകളിലെ സംരംഭകരെ ആകർഷിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രവാസികൾക്കായി പ്രത്യേക നിക്ഷേപ അവസരങ്ങളും ഇവിടെ ഒരുക്കും. കേരളത്തിന്റെ വ്യവസായിക മേഖലയിൽ ഒരു പുതിയ അദ്ധ്യായമാണ് മട്ടന്നൂർ കിൻഫ്ര പാർക്കിലെ ഗോൾഡ്സിക്ക നിക്ഷേപം രചിക്കാൻ പോകുന്നത്. 3.5 ലക്ഷം കോടി രൂപയുടെ നിക്ഷേപവും 10 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കുന്ന ഈ പദ്ധതി കണ്ണൂർ മാത്രമല്ല, കേരളത്തിന് മുഴുവൻ നേട്ടമാകും. ആഗോള സ്വർണ്ണ വ്യവസായത്തിന്റെ കേന്ദ്രമായി മട്ടന്നൂർ പരിണമിച്ചാൽ, അത് കേരളത്തിന്റെ വ്യവസായിക ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായി രേഖപ്പെടുത്തപ്പെടും. കണ്ണൂർ വിമാനത്താവളത്തിനും പദ്ധതി വലിയ നേട്ടമാകും. കണ്ണൂർ വിമാനത്താവളം അന്താരാഷ്ട്ര ശ്രദ്ധയാകർഷിക്കുന്നത് കണ്ണൂരിന്റെ പ്രത്യേകിച്ച് ഉത്തര മലബാറിന്റെ ടൂറിസം വികസനത്തിനും ഗുണകരമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |