SignIn
Kerala Kaumudi Online
Wednesday, 18 February 2026 8.27 PM IST

10 കോടിയുടെ ഭൂമി തട്ടിപ്പിന് ഒത്താശ, സബ് രജിസ്ട്രാർ ലക്ഷ്മി അറസ്റ്റിൽ, പ്രതിഫലമായി വാങ്ങിയത് 10 ലക്ഷം, 10 മൊബൈൽ

Increase Font Size Decrease Font Size Print Page
lekshmi

തിരുവനന്തപുരം: അമേരിക്കയിൽ സ്ഥിരതാമസമാക്കിയ സ്ത്രീയുടെ തിരുവനന്തപുരം ജവഹർനഗറിലെ പത്ത് കോടിയിലധികം വിലവരുന്ന ഭൂമിയും വീടും വ്യാജരേഖകളുണ്ടാക്കി തട്ടിയെടുത്ത് മറിച്ചുവിൽക്കാൻ ഒത്താശചെയ്ത വനിത സബ് രജിസ്ട്രാറെ മ്യൂസിയം പൊലീസ് അറസ്റ്രുചെയ്തു. ശാസ്തമംഗലം സബ് രജിസ്ട്രാർ കള്ളിക്കാട് സ്വദേശി കെ.ലക്ഷ്മിയാണ് അറസ്റ്റിലായത്. ആൾമാറാട്ടം നടത്തിയും വ്യാജരേഖ ചമച്ചും രേഖകളിൽ കൃത്രിമം കാട്ടിയും ഭൂമി തട്ടിയെടുക്കാൻ ആധാരമെഴുത്തുകാരൻ ഉൾപ്പെട്ട സംഘത്തിന് കൂട്ടുനിന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.

പ്രതിഫലമായി 10 ലക്ഷവും 10 മൊബൈൽ ഫോണും ലക്ഷ്‌മി കൈപ്പറ്റിയിരുന്നു. സംഭവത്തിൽ ആധാരമെഴുത്തുകാരനും മുൻ ഡി.സി.സി അംഗവുമായ അനന്തപുരി മണികണ്ഠൻ, വ്യവസായി അനിൽതമ്പി എന്നിവരടക്കം എട്ടുപേർ നേരത്തെ അറസ്റ്റിലായിരുന്നു. വ്യാജ പ്രമാണത്തിൽ ഒപ്പിട്ടവരിൽ അനിൽ തമ്പി ഒഴികെ മൂന്നുപേരും ആൾമാറാട്ടം നടത്തിയവരാണ്. ഇക്കാര്യം മറ്റാരും മനസിലാക്കാതിരിക്കാൻ രജിസ്ട്രാർ ഓഫീസിന് പുറത്തുവച്ചാണ് പ്രമാണത്തിന്റെ രജിസ്‌ട്രേഷൻ നടത്തിയത്.

രജിസ്ട്രേഷന് മുമ്പും ശേഷവും ലക്ഷ്‌മിയും മണികണ്ഠനും തമ്മിൽ നിരന്തരം ഫോൺ സംഭാഷണം നടത്തിയിരുന്നതായി കണ്ടെത്തിയിരുന്നു. അമേരിക്കയിലുള്ള ഡോറ അസറിയ ക്രിപ്‌സിന്റെ ഉടമസ്ഥതയിലുള്ള ജവഹർനഗറിലെ 14.5 സെന്റ് സ്ഥലവും 6,000 ചതുരശ്രയടി വിസ്തീർണമുള്ള 10 മുറികളുള്ള വീടുമാണ് തട്ടിയെടുത്തത്. അനിൽ തമ്പിക്കുവേണ്ടി ആൾമാറാട്ടത്തിലൂടെ വ്യാജ ഇഷ്ടദാന കരാർ ഉൾപ്പെടെ തയ്യാറാക്കിയത് മണികണ്ഠനാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

രൂപസാദൃശ്യമുള്ളവരെ

കണ്ടെത്തി തട്ടിപ്പ്

അനിൽ തമ്പി വിഴിഞ്ഞത്തു വസ്തുവാങ്ങാൻ ശ്രമിക്കുന്നത് സുഹൃത്തിൽ നിന്നു മനസിലാക്കിയ മണികണ്ഠൻ, ജവഹർ നഗറിലെ വസ്തു രണ്ടുകോടി രൂപയ്ക്ക് വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പു നടത്തിയത്. തുടർന്ന് ഡോറയുടേയും ചെറുമകളുടേയും രൂപസാദൃശ്യമുള്ളവരെ കണ്ടെത്തി ആൾമാറാട്ടത്തിലൂടെ പ്രമാണം ചെയ്‌തു നൽകുകയായിരുന്നു. ഡോറ എന്നപേരിൽ വട്ടപ്പാറ സ്വദേശി വസന്തയെയും ചെറുമകൾ എന്നപേരിൽ പുനലൂർ സ്വദേശി മെറിനെയും ഹാജരാക്കി. ഡോറയുമായി രൂപസാദൃശ്യമുള്ള വസന്തയെ ഹാജരാക്കി ചെറുമകൾ മെറിനു ഭൂമി ഇഷ്ടദാനം ചെയ്തുവെന്ന രേഖയുണ്ടാക്കി. തുടർന്ന് ഇത് അനിൽ തമ്പിയുടെ ബന്ധുവിന് വിറ്റതായി രേഖയുണ്ടാക്കി പ്രമാണം രജിസ്റ്റർ ചെയ്യുകയായിരുന്നു.

ആധാരമെഴുത്തുകാരന്

പ്രതിഫലം രണ്ടുകോടി

വ്യാജരേഖകൾ ചമയ്ക്കാനും ആൾമാറാട്ടം നടത്താനും ആധാരമെഴുത്തുകാരൻ മണികണ്ഠൻ അനിൽതമ്പിയിൽ നിന്ന് കൈപ്പറ്റിയത് രണ്ടു കോടിയാണ്. 40 ലക്ഷം രൂപ അഡ്വാൻഡ് കൈപ്പറ്റിയാണ് പ്രാഥമിക നടപടികൾ ചെയ്തത്.

TAGS: LEKSHMI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY