
തൃശൂർ: കവി സച്ചിദാനന്ദന് പിന്നാലെ സംസ്ഥാനത്ത് ഭരണമാറ്റം അനിവാര്യമെന്ന് പറഞ്ഞ് എഴുത്തുകാരി സാറാ ജോസഫും. ഒന്നു മാറിനിന്ന് പ്രതിപക്ഷത്തിരിക്കുന്നത് ഭരണവർഗത്തിന് നല്ലതാണ്. തുടർഭരണം കിട്ടിയപ്പോൾ ജനാധിപത്യത്തിന്റെ സംരക്ഷകരാകും ഇടതുപക്ഷമെന്നാണ് എല്ലാവരും വിചാരിച്ചത്. എന്നാൽ, അങ്ങനെ ഉണ്ടായില്ല.
എല്ലാ ഭരണവർഗങ്ങൾക്കും ആവശ്യം വർഗീയ ശക്തികളെയാണ്, മതശക്തികളെയാണ്. അവരെ കൂട്ടുപിടിച്ചാണ് ജനാധിപത്യ, മതേതര ഇന്ത്യ എന്ന സങ്കൽപ്പത്തെ ഈ ഭരണവർഗങ്ങൾ തകർക്കുന്നത്. നിശ്ചയമായും സംസ്ഥാനത്ത് ഒരു ഭരണമാറ്റം ആവശ്യമാണ്. അധികാരം നിലനിറുത്താൻ ഏത് പിശാചുമായും കൂട്ടുകൂടുമെന്ന് പറഞ്ഞ ഒരു പാരമ്പര്യം ഇടതുപക്ഷത്തിനുണ്ട്. അങ്ങനെയാണ് ലീഗിനെ ഒപ്പം കൂട്ടാൻ തീരുമാനിച്ചത്.
ഭരണം നിലനിറുത്താൻ മതങ്ങളെയും വർഗീയ ശക്തികളെയും കൂട്ടുപിടിക്കുകയെന്നുള്ളതാണ് സി.പി.എം ലക്ഷ്യം. അധികാരമാണ് അവർക്ക് മുഖ്യം. അല്ലാതെ ജനാധിപത്യമല്ല.
പിണറായി വിജയൻ എന്ത് സംഭാവന ചെയ്തുവെന്ന് അവർ വിലയിരുത്തട്ടെ. ഭരണാധികാരത്തിലേക്ക് വന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്, മറിച്ച് പിണറായി വിജയനല്ല.
എല്ലാ കമ്മ്യൂണിസ്റ്റ് പാർട്ടികളും നശിക്കുന്നത് അതിന്റെ ഏകാധിപത്യ സ്വഭാവത്തിലേക്ക് സഞ്ചരിക്കുമ്പോഴാണ്. പാർട്ടിയിൽ നിന്ന് വിട്ട് ഒറ്റ വ്യക്തി ഏകാധിപത്യത്തിലേക്ക് പോകുന്നു. പാർട്ടിയുടെ നാശമാണ് ഇതോടെ സംഭവിക്കുകയെന്നും സാറാ ജോസഫ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |