
തിരുവനന്തപുരം: എസ്.എഫ്.ഐ പ്രതിഷേധം അതിരുവിട്ടതോടെ കേരള സർവകലാശാല യൂണിയൻ അസാധുവാക്കി വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. തിരഞ്ഞെടുപ്പിനുള്ള ജനറൽ കൗൺസിൽ രൂപീകരിച്ച് വിജ്ഞാപനവുമിറക്കി. തിരഞ്ഞടുപ്പിനായി 171 യു.യു.സിമാർ അംഗങ്ങളായ വോട്ടർപട്ടികയും പ്രസിദ്ധീകരിച്ചു. 28 വരെയാണ് നിലവിലെ യൂണിയന്റെ കാലാവധി.
വി.സിക്കെതിരെ ഇന്നലെ രാവിലെ സർവകലാശാല ആസ്ഥാനത്തേക്ക് എസ്.എഫ്.ഐ നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്. പൊലീസ് ബാരിക്കേഡ് മറികടന്ന് പ്രവർത്തകർ സർവകലാശാല ആസ്ഥാനം വളഞ്ഞു. സർവകലാശാല കലോത്സവം നടത്തുക, കായികതാരങ്ങൾക്കുള്ള ഫണ്ട് അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്.
പ്രധാന കവാടത്തിനു മുന്നിലെ ബാരിക്കേട് പ്രവർത്തകർ തള്ളിയിടാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകരെ പൊലീസ് തള്ളിമാറ്റാൻ ശ്രമിച്ചതും സംഘർഷത്തിനിടയാക്കി. ഒരു വിഭാഗം പ്രവർത്തകർ മതിൽചാടി സർവകലാശാല വളപ്പിലെത്തി.
രജിസ്ട്രാറുടെ ഓഫീസിന് മുന്നിൽ ലാത്തിച്ചാർജ്
ഇതിനിടെ പുറത്തുണ്ടായിരുന്ന പ്രവർത്തകർ ബാരിക്കേടിന്റെ കെട്ടഴിച്ച് പ്രധാനഗേറ്റ് തള്ളിത്തുറന്ന് സർവകലാശാലയിലേക്ക് ഇരച്ചുകയറി. വി.സിയുടേയും രജിസ്ട്രാറുടെയും ചേംബറിൽ കയറാനുള്ള നീക്കം ഗ്രില്ലടച്ച് പൊലീസ് തടഞ്ഞു. രജിസ്ട്രാറുടെ ഓഫീസുള്ള ഒന്നാം നിലയിലേക്ക് ചാടിക്കയറിയ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമായി. പൊലീസ് ലാത്തിവീശി.
പ്രവർത്തകർ പൊലീസിന്റെ ഷീൽഡ് പിടിച്ചുവാങ്ങി തറയിലെറിഞ്ഞു. തുടർന്ന് രജിസ്ട്രാർ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. വനിതകളുൾപ്പെടെ കൂടുതൽ പൊലീസുകാരെ ആസ്ഥാനത്ത് വിന്യസിച്ചിരുന്നു. ഉച്ചകഴിഞ്ഞും പ്രവർത്തകർ പിരിഞ്ഞു പോകാത്തതിനെ തുടർന്ന് നേതാക്കളെ അറസ്റ്റ് ചെയ്യാൻ തുടങ്ങിയത് വീണ്ടും സംഘർഷത്തിനിടയാക്കി. നേതാക്കളുമായി നീങ്ങിയ പൊലീസ് വാഹനം ബാരിക്കേടുകളിട്ട് പ്രവർത്തകർ തടഞ്ഞു. കവാടത്തിന്റെ ഗേറ്റടച്ചെങ്കിലും പൊലീസ് ബലം പ്രയോഗിച്ച് തുറന്ന് വാഹനം കടത്തിവിട്ടു. തുടർന്ന് എസ്.എഫ്.ഐ പ്രവർത്തകർ കന്റോൺമെന്റ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |