
തിരുവനന്തപുരം: സ്വകാര്യ ഭൂമിയിലെ ചന്ദനമരം മുറിച്ച് വനം വകുപ്പ് മുഖേന വിൽക്കാൻ അനുവദിക്കുന്ന 2025ലെ കേരള വന (ഭേദഗതി) ബിൽ നിയമമായി. പുതിയ നിയമം നിലവിൽ വന്നു. നിയമം നടപ്പിലാക്കാനാവശ്യമായ ചട്ടങ്ങൾ ഉടൻ പുറപ്പെടുവിക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.
വില്പന നടത്തുന്ന ചന്ദനമരത്തിന്റെ വില ഭൂഉടമയ്ക്ക് ലഭിക്കും. സംസ്ഥാനത്ത് ചന്ദനക്കൃഷി നടത്തി കർഷകർക്ക് വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കാനുള്ള അവസരമുണ്ടായതായും ചന്ദന മരങ്ങൾ വച്ചുപിടിപ്പിക്കാൻ പ്രോത്സാഹനം നൽകുന്ന ട്രീ ബാങ്കിംഗ് പദ്ധതി ഇതിനോടകം ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ഭൂ ഉടമകൾക്ക് സ്വന്തം ഭൂമിയിലെ ചന്ദനമരം മുറിച്ച് വിൽക്കാൻ ഇതുവരെ അധികാരമില്ലായിരുന്നു. സ്വന്തം ഭൂമിയിൽ നിന്ന് ചന്ദനമരം മോഷണം പോയാൽ സ്ഥല ഉടമയ്‌ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഉണങ്ങിയതും അപകടകരമായതുമായ ചന്ദന മരങ്ങളും സ്വന്തം ആവശ്യത്തിന് വീട് വെക്കുന്ന സ്ഥലത്തുള്ള മരങ്ങളും മാത്രം മുറിക്കാനായിരുന്നു അനുമതി. അത് തന്നെ ഒരു സമിതി പരിശോധിച്ച് ശുപാർശ ചെയ്താൽ മാത്രം അനുവാദം നൽകാം എന്നായിരുന്നു വ്യവസ്ഥ. കോടതിയിൽ എത്തുന്ന കേസുകൾ കോടതിയുടെ അനുമതിയോടെ പിഴയടച്ച് കേസ് അവസാനിപ്പിക്കുന്ന വിധത്തിലാണ് പുതിയ നിയമത്തിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |