SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.48 PM IST

വിമാനത്തിന് കറുപ്പ് നിറം നൽകുന്ന ഒരേയൊരു രാജ്യം; വെള്ളയുടെയും കറുപ്പിന്റെയും വ്യത്യാസമെന്ത്?

Increase Font Size Decrease Font Size Print Page
flight

ലോകത്താകമാനമുള്ള യാത്രാവിമാനങ്ങളിൽ 98 ശതമാനവും വെള്ള നിറത്തിലുള്ളവയായിരിക്കും. അവയുടെ ചിറകുകളിലെയും വാലിലെയും നിറങ്ങൾ മാത്രമായിരിക്കും വ്യത്യസ്തം. വ്യോമയാന മേഖലയിൽ പരമ്പരാഗതമായി പിന്തുടരുന്ന പ്രക്രിയയാണിത്. എന്നാൽ ഈ അലിഖിത നിയമത്തെ വെല്ലുവിളിക്കുകയാണ് ന്യൂസിലാൻഡ്. എയർ ന്യൂസിലാൻഡ് തങ്ങളുടെ മിക്കവാറും വിമാനങ്ങൾക്ക് കറുത്ത നിറമാണ് നൽകിയിരിക്കുന്നത്. ആദ്യം എന്തുകൊണ്ടാണ് വിമാനങ്ങൾക്ക് വെള്ള നിറം നൽകുന്നതെന്ന് മനസിലാക്കാം.

  • വെള്ളനിറം സൂര്യപ്രകാശത്തെ ആഗിരണം ചെയ്യുന്നതിന് പകരം പ്രതിഫലിപ്പിക്കും. കറുത്ത നിറമാണെങ്കിൽ വളരെ വേഗത്തിൽ ചൂടിനെ ആഗിരണം ചെയ്യും. ഇത് ക്യാബിനിനെ താപനില കൂട്ടുകയും എയർ കണ്ടീഷനുകളുടെ പ്രവർത്തനം വർദ്ധിപ്പിക്കുകും ചെയ്യും. ഇത് ഇന്ധനം അമിതമായി ഉപയോഗിക്കുന്നതിനും കാരണമാകും. അതേസമയം, വെള്ളനിറം തണുപ്പ് നിലനിർത്താൻ സഹായിക്കുകയും വിമാനത്തിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെട്ടതാക്കുകയും ചെയ്യും.
  • വെള്ള പെയിന്റിന് മറ്റുള്ളവയേക്കാൾ കട്ടി കുറവാണ്. ഇത് വിമാനത്തിന്റെ ഭാരത്തെ ബാധിക്കില്ല. എന്നാൽ കറുപ്പ് നിറം കൂടുതൽ കട്ടിയുള്ളതാണ്. മാത്രമല്ല, പൂർണമായും നിറം ലഭിക്കാൻ രണ്ടുമൂന്ന് കോട്ട് പെയിന്റ് ചെയ്യേണ്ടതായും വരും.
  • വെള്ള പ്രതലത്തിൽ വിമാനത്തിന്റെ പൊട്ടലുകൾ, അഴുക്ക്, ഇന്ധനച്ചോർച്ച തുടങ്ങിയവ പെട്ടെന്ന് കണ്ടെത്താൻ സാധിക്കും.
  • ഉയരങ്ങളിൽ സ്ഥിരമായി പറക്കുമ്പോൾ ചൂടുകാരണം വിമാനത്തിന്റെ നിറം മങ്ങാറുണ്ട്. എന്നാൽ വെള്ളനിറത്തിലെ ഈ ആശങ്കകൾ അധികം ഉണ്ടാകില്ല.
  • വെള്ളനിറത്തിലെ വിമാനങ്ങളെ പക്ഷികൾക്ക് പെട്ടെന്ന് കാണാൻ സാധിക്കും.

ന്യൂസിലാൻഡിന്റെ കറുത്ത വിമാനങ്ങൾ

2007 മുതലാണ് ന്യൂസിലാൻഡ് തങ്ങളുടെ വിമാനങ്ങൾക്ക് കറുപ്പ് നിറം നൽകാൻ ആരംഭിച്ചത്. അക്കൊല്ലം ഫ്രാൻസിൽ നടന്ന റഗ്‌ബി ലോകകപ്പിൽ തങ്ങളുടെ ടീം ആയ 'ദി ഓൾ ബ്ളാക്ക്‌സിന്' ആദരവെന്നോണം കറുത്ത പെയിന്റടിച്ച ഒരു ബോയിംഗ് വിമാനം എയർ ന്യൂസിലാൻഡ് ഡെലിവറി ചെയ്തിരുന്നു. ഇത് ലോകശ്രദ്ധ നേടിയതാണ് വഴിത്തിരിവായത്. പിന്നീട് തങ്ങളുടെ പ്രധാന വിമാനങ്ങളിൽ ഏതെങ്കിലുമൊന്നിന് കറുത്ത നിറം നൽകാൻ ന്യൂസിലാൻഡ് ശ്രദ്ധിച്ചു. നിലവിൽ എയർ ന്യൂസിലാൻഡിന് 115 വിമാനങ്ങളാണുള്ളത്. 12 എണ്ണത്തിന് ഓർഡർ നൽകിയിട്ടുമുണ്ട്. എയർ ന്യൂസിലാൻഡിന്റെ ബോയിംഗ് 777- 300 ഇആർ ആണ് കറുത്ത പെയിന്റടിച്ച ലോകത്തിലെ ഏറ്റവും വലിയ വിമാനം. 2022 ഓഗസ്റ്റിൽ, സ്റ്റാർ അലയൻസ് ഫ്ലീറ്റിലെ ആദ്യത്തെ പൂർണമായും കറുത്ത വിമാനമായ എയർബസ് എ321 നിയോ ഇസെഡ്കെ -ഒ വൈ ബി എയർ ന്യൂസിലാൻഡ് പുറത്തിറക്കി ചെയ്തു.

വെള്ള, കറുപ്പ് വിമാനങ്ങൾ തമ്മിൽ പ്രകടനത്തിലോ കൈകാര്യം ചെയ്യുന്നതിലോ വ്യത്യാസമില്ലെന്നാണ് എയർ ന്യൂസിലാൻഡ് അവകാശപ്പെടുന്നത്. സംരക്ഷണമാണ് പെയിന്റിന്റെ പ്രധാന കർത്തവ്യമെന്നും കറുപ്പ് ഇതുവരെ പ്രവർത്തനത്തിൽ പ്രശ്‌നങ്ങൾക്ക് ഇടവരുത്തിയിട്ടില്ലെന്നും കമ്പനി ചൂണ്ടിക്കാട്ടി. കറുപ്പ് കിവി നിറമാണ്. സ്‌പോർട്ട്‌സ് ജേഴ്‌സി മുതൽ ഗംബൂട്ട്‌സ് വരെ ന്യൂസിലാൻഡിന്റെ ദേശീയത ഐഡന്റിറ്റിയിൽ കറുപ്പ് ഉൾപ്പെട്ടിരിക്കുന്നു. ഏറെ അഭിമാനത്തോടെയാണ് ന്യൂസിലാൻഡുകാർ കറുപ്പിനെ അണിയുന്നതെന്നും കമ്പനി വ്യക്തമാക്കി.

TAGS: BLACK AIR CRAFT, AIR NEWZEALAND, NEW ZEALAND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY