
തിരുവനന്തപുരം: അടുത്ത അഞ്ചു വർഷത്തിനുള്ളിൽ കേരളത്തിന്റെ വികസനം എങ്ങനെയായിരിക്കണമെന്ന് ആലോചിക്കാൻ സംസ്ഥാന ആസൂത്രണ ബോർഡ് സംഘടിപ്പിക്കുന്ന 'വിഷൻ 2031' അന്താരാഷ്ട്ര കോൺഫറൻസ് നാളെ വൈകിട്ട് 4ന് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കോൺഫറൻസിൽ 120ഓളം ആഗോള പ്രശസ്തരായ നയരൂപീകരണ വിദഗ്ദ്ധരും അക്കാഡമിക് പണ്ഡിതരും ഭരണകർത്താക്കളും പങ്കെടുക്കുമെന്ന് പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി.കെ.രാമചന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഉദ്ഘാടനചടങ്ങിൽ മന്ത്രി കെ.രാജൻ അദ്ധ്യക്ഷനാകും. നൊബേൽ ജേതാവ് അമർത്യ സെൻ, പ്രശസ്ത ചരിത്രകാരി പ്രൊഫ. റൊമില ഥാപ്പർ എന്നിവർ ഓൺലൈനായി പങ്കെടുക്കും. വേൾഡ് ഫുഡ് പ്രൈസ് ജേതാവ് ഡോ.ശകുന്തള ഹരക്സിംഗ് തിൽസ്തദ്, മന്ത്രിമാരായ റോഷി അഗസ്റ്റിൻ,കെ.കൃഷ്ണൻകുട്ടി,പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ഇന്ത്യയിലെ പാലസ്തീൻ അംബാസഡർ അബ്ദുള്ള അബു ഷാവേസ് എന്നിവർ സംസാരിക്കും. ചീഫ് സെക്രട്ടറി ഡോ. എ.ജയതിലക് സ്വാഗതം ആശംസിക്കും.
തിങ്കളാഴ്ച എട്ട് വേദികളിലായി 18 വിഷയാധിഷ്ഠിത സെഷനുകളുണ്ടാവും. 17ന് സമാപന സമ്മേളനവും 'മതനിരപേക്ഷത, ജനാധിപത്യം, സംവേദനാത്മക സർക്കാർ' എന്ന വിഷയത്തിൽ സെമിനാറും നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, ജമ്മുകാശ്മീർ മുൻ മുഖ്യമന്ത്രി ഡോ. ഫാറൂഖ് അബ്ദുള്ള, ജസ്റ്റിസ് എ.പി. ഷാ, സൈദ് അക്തർ മിർസ, പ്രകാശ് കാരാട്ട്, എൻ.റാം എന്നിവർ പങ്കെടുക്കും. മന്ത്രി കെ.എൻ. ബാലഗോപാൽ അദ്ധ്യക്ഷനാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |