
പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുമ്പോഴും അതിശക്തരായ ചില വ്യക്തികൾ മറ്റുള്ളവരെ സംരക്ഷിക്കുവാൻ മുന്നിട്ടുനിൽക്കുമെന്നത് ഒരു മഹദ് വചനം മാത്രമല്ല, കൺമുന്നിലുള്ളൊരു യാഥാർത്ഥ്യമാണ്. അത്തരത്തിലുള്ളൊരു വ്യക്തിത്വമാണ് സൂര്യതേജസ്സോടു കൂടി 89 വയസ് പിന്നിടുന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കഴിഞ്ഞുപോയ ദീർഘമായ കാലഘട്ടത്തിൽ മറ്റാർക്കും നേടിയെടുക്കുകയോ തിരുത്തിയെഴുതുകയോ ചെയ്യാൻ സാധിക്കാത്ത തരത്തിൽ തന്റേതു മാത്രമായ നിരവധി ചരിത്ര മുഹൂർത്തങ്ങൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു പ്രകാശപൂരിതമായ ആ ജൈത്രയാത്ര.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായും, ശ്രീനാരായണ ട്രസ്റ്റിന്റെ സെക്രട്ടറിയായും, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജരായും നീണ്ട 30 വർഷങ്ങൾ. കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റായി ദീർഘമായ 60 വർഷങ്ങൾ... കാലചക്രത്തിൽ ഒരിക്കലും മായ്ക്കപ്പെടാൻ സാധിക്കാത്ത രീതിയിൽ തിളങ്ങിനിൽക്കുന്ന മികവാർന്ന സാരഥ്യത്തിന്റെ ചരിത്ര രേഖകൾ. ഇതൊരു മാനേജ്മെന്റ് വൈദഗ്ദ്ധ്യം തന്നെയാണ്. താഴെയുള്ള വരികൾ വിശകലനം ചെയ്യുന്നതും ജന്മസിദ്ധിയെന്ന പോലെ ഇദ്ദേഹം അനായാസം നിർവഹിക്കുന്ന ഇത്തരം വൈദഗ്ദ്ധ്യത്തെക്കുറിച്ചാണ്. ഉന്നത തലത്തിലുള്ള മാനേജ്മെന്റ് തത്വങ്ങൾ ഏറ്റവും അനുയോജ്യമായി ഉപയോഗിക്കുന്നത് ജീവിതയാത്രയിൽ തനിക്കു ലഭിച്ച അനുഭവത്തിൽ നിന്നു മാത്രം നേടിയതാണെന്ന് വെള്ളാപ്പള്ളി നടേശൻ എന്ന നേതാവ് പറയുന്നു.
പരിശീലന
പുസ്തകം!
എങ്ങനെയാണ് ചെറിയ കാര്യങ്ങൾ പോലും സൂക്ഷ്മമായി ഗ്രഹിക്കുന്നത്, വലിയ കാര്യങ്ങൾക്ക് നിഷ്പ്രയാസം പരിഹാരം കണ്ടെത്തുന്നത് എന്നതിനെല്ലാം ഏതൊരു മാനേജ്മെന്റ് വിദഗ്ദ്ധനും പ്രായോഗിക പരിജ്ഞാനം ആർജ്ജിക്കുവാൻ കഴിയുന്ന ഒരു പരിശീലന പുസ്തകമാണ് മനസുറപ്പുള്ള ഈ സാരഥി. ആത്മവിശ്വാസം തെളിഞ്ഞുനിൽക്കുന്ന ഊർജ്ജസ്വലമായ പുഞ്ചിരിയോടെ എല്ലാവരെയും സ്വാഗതംചെയ്യുന്നു. അദ്ദേഹത്തിന്റെ ചിരിയുടെ കോണുകളിൽ ഒളിഞ്ഞിരിക്കുന്ന കൂർമ്മബുദ്ധിയിലൂടെ മുന്നിലെത്തുന്ന ഏതൊരു വ്യക്തിയുടെയും ഒരു രേഖാചിത്രം മനസിലാക്കിക്കഴിഞ്ഞിരിക്കും.
രാഷ്ട്രീയ നേതാക്കൾക്ക് ശാസിച്ചും കണ്ണുരുട്ടിയും അണികളെ ഒപ്പം നിറുത്തുവാൻ സാധിക്കാറുണ്ട്. ഇതിനൊന്നും സ്ഥാനമില്ലാത്ത ബൃഹത്തായ ഒരു സാമുദായിക സംഘടനയിലെ അംഗങ്ങളെ എങ്ങനെയാണ് ശക്തമായ ഒരു ചരടിൽ കോർത്തിണക്കി മുപ്പത് വർഷക്കാലം കൊണ്ടുനടക്കാൻ കഴിയുന്നത്? എസ്.എൻ.ഡി.പിക്ക് ഇന്ന് ആർക്കും കണ്ടും അനുഭവിച്ചും മനസിലാക്കാവുന്ന രീതിയിലുള്ള അഭിവൃദ്ധിയും കൂട്ടായ്മയും സംഘടനാ ബലവും രൂപപ്പെട്ടുകഴിഞ്ഞു. സാമൂഹ്യ, സാമ്പത്തിക, വിദ്യാഭ്യാസ നിലവാരങ്ങളിൽ വിവിധ ആശയങ്ങളും രാഷ്ട്രീയ ചിന്തകളുമുള്ള സമുദായ അംഗങ്ങൾ ഉൾക്കൊള്ളുന്ന ഈ സമുദായ സംഘടനയെ മൂന്ന് ദശാബ്ദക്കാലം തന്നിലേക്ക് ചേർത്തു നിറുത്തുവാൻ ഈ ജനകീയ നേതാവിന് സാധിച്ചെങ്കിൽ അതും ഒരു വിജയം തന്നെയാണ്.
ഊർജ്ജസ്വലത
ഒഴിയാതെ
മഹദ് വ്യക്തികളെയും സാധാരണക്കാരെയും സ്വീകരിക്കുന്നത് ഒന്നുപോലെ. പ്രതിസന്ധികൾക്ക് നടുവിൽ നിൽക്കുമ്പോഴും ഊർജ്ജസ്വലതയോടെയുള്ള ഒരു പുഞ്ചിരിയും, നർമ്മം കലർത്തിയ സംഭാഷണവും എപ്പോഴും കൂടെയുണ്ടാകും. എപ്പോഴും സന്തോഷമുള്ള മുഖഭാവമാണ് മറ്റുള്ളവർക്ക് കാണുവാൻ സാധിക്കുക. ഒരിക്കൽപ്പോലും ദേഷ്യമോ ഉത്കണ്ഠയോ നിറഞ്ഞ മുഖത്തോടെ അദ്ദേഹത്തെ കാണുവാൻ സാധിക്കുകയില്ല. ഉത്കണ്ഠയോടുകൂടി അദ്ദേഹത്തിനെ ആദ്യമായി കാണുവാൻ എത്തുന്നവർ മടങ്ങുന്നത് അത്ഭുതവും ആശ്വാസവും സ്നേഹവും നിറഞ്ഞ മനസോടെയായിരിക്കും. ഇതാണ് അദ്ദേഹത്തിന്റെ പെരുമാറ്റ രീതി. മുന്നിലെത്തുന്നവർ പറയുന്ന കാര്യങ്ങൾ അതീവ ശ്രദ്ധയോടെ കേൾക്കും. പ്രസക്തമായ ഒന്നോ രണ്ടോ ചോദ്യങ്ങൾ തിരികെ ചോദിക്കുന്നതിൽനിന്ന് എല്ലാം ഗ്രഹിച്ചെടുക്കും. ഒരിക്കലും നിസംഗതയോടെയോ അശ്രദ്ധമായോ ഒരാളുമായും സംസാരിക്കില്ല. ആവശ്യം നടന്നില്ലെങ്കിൽപ്പോലും കാരണം അർത്ഥശങ്കയില്ലാതെ ബോദ്ധ്യപ്പെടുത്തി വിടുന്നതാണ് രീതി.
നാട്ടുകാർക്കും നാട്ടിലെ പരിപാടികൾക്കും ആഘോഷങ്ങൾക്കും മുൻഗണന. അതുകഴിഞ്ഞേയുള്ളൂ മറ്റ് പരിപാടികൾ. ജാതി-മത ഭേദമെന്യേ നാട്ടുകാർ ഇത്രയധികം സ്നേഹിക്കുന്ന അതിസമ്പന്നനും ജനകീയനുമായ ഈ നേതാവ് ആബാലവൃദ്ധം ജനങ്ങൾക്ക് പ്രിയങ്കരനാണ്. സ്നേഹവും ബഹുമാനവും നൽകി അത് പതിന്മടങ്ങായി തിരികെ നേടുന്ന ഇദ്ദേഹം ഗുരുദേവൻ അരുൾചെയ്ത സഹാനുഭൂതി, കരുണ, ദയ, സ്നേഹം എന്നിവ നിർലോഭം നൽകുക എന്നത് പ്രായോഗികമാക്കിയ ഒരു സാരഥിയാണ്. നാട്ടിലുള്ള ഓരോ കുടുംബത്തെയും അവരുടെ നാല് തലമുറ വരെയുള്ളവരെയും അദ്ദേഹത്തിനറിയാം. സമീപിക്കുന്നവരെ സ്നേഹത്തോടെ സ്വീകരിക്കും, ശ്രദ്ധിച്ചു കേൾക്കും. അർഹമെങ്കിൽ പരിഹാരം ഉറപ്പ്. ഇല്ലെങ്കിൽ ബോദ്ധ്യപ്പെടുത്തി, വിദ്വേഷമോ വിഷമമോ ഇല്ലാത്തവരായി തിരിച്ചയയ്ക്കും. എന്നാൽ ദശാബ്ദങ്ങൾക്കു മുമ്പ് നടന്ന ചെറിയ കാര്യങ്ങൾ പോലും ഒരു കമ്പ്യൂട്ടറിൽ എന്നതു പോലെ ഓർമ്മയിൽ സൂക്ഷിക്കുകയും തിരിച്ചെടുക്കുകയും ചെയ്യുന്ന അസാധാരണമായ കഴിവാണ് ഇദ്ദേഹത്തിന്റെ മുതൽക്കൂട്ട്.
ഏതു പ്രശ്നത്തിനും
ഉടൻ പരിഹാരം
ഒരു പ്രശ്നത്തിൽ എല്ലാവരും ചിന്തിക്കുകയും പരിഹാരം കാണാൻ ശ്രമിക്കുകയും ചെയ്യുന്ന ഘട്ടങ്ങളിൽ നിന്നും മാറി, നൂതനമായ ഒരു പരിഹാരമായിരിക്കും അദ്ദേഹം നിർദ്ദേശിക്കുന്നത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ എല്ലാ വശങ്ങളും പഠിച്ച്, പഴുതുകളില്ലാത്ത ഒരു നിർദ്ദേശം പുറത്തേക്കുവരുന്നത് ഈ ഒരു തലച്ചോറിൽ നിന്നു മാത്രമായിരിക്കും. ഈശ്വരാനുഗ്രഹം ഏറെയുള്ളതിൽ ഒന്നാണ് നാവിൻതുമ്പിലെ സരസ്വതി. എങ്ങനെയാണ് ഇത്രയും അവസരോചിതമായി ഗൗരവവും ഫലിതവും ഇണക്കിച്ചേർത്ത് പ്രാസമൊപ്പിച്ച് നാട്ടുചൊല്ലുകൾ യുക്തിസഹമായി ചേർത്ത് പ്രസംഗിക്കുവാൻ കഴിയുന്നത് എന്നു ചോദിച്ചാൽ അദ്ദേഹത്തിന്റെ മറുപടിയും 'ഈശ്വരാനുഗ്രഹം" എന്നാണ്!
'ഉള്ളത് പറയണം, ഒത്തു പറയരുത്" എന്ന് അദ്ദേഹം ആവർത്തിച്ച് പറയാറുണ്ട്. താൻ വലിയ പണ്ഡിതനോ വാഗ്മിയോ ഒന്നുമല്ലെന്നും ഉള്ളത് പറയുന്നതുകൊണ്ടാണ് തന്നോട് എതിർപ്പെന്നും വെള്ളാപ്പള്ളി നടേശൻ പറയും. പറയുന്നത് സത്യങ്ങളായതിനാലാണ് കേൾക്കുവാൻ ജനലക്ഷങ്ങൾ ആവേശഭരിതരായി ഒഴുകിയെത്തുന്നത്. രാഷ്ട്രീയ പിൻബലമില്ലാതെ, അധികാര കവചങ്ങളില്ലാതെ ഇത്രയും ആളുകളെ ഒരു വേദിയിലേക്ക് ആകർഷിക്കാൻ കഴിയുന്ന ഈ സമുദായ നേതാവ് നടത്തുന്നതും ഒരു മാന്ത്രികസ്പർശം തന്നെയല്ലേ? ഏകദേശം പത്ത് വർഷം മുമ്പ് പത്രപ്രവർത്തന രംഗത്ത് വളരെയേറെ ബഹുമതികൾ കരസ്ഥമാക്കിയ ഒരു പത്രപ്രവർത്തകൻ പറഞ്ഞത്, 'കേരളത്തിലെ മുൻപും ഇപ്പോഴും ഉള്ള ഏത് രാഷ്ട്രീയ നേതാവിനെയും ചോദ്യങ്ങളിൽ കുടുക്കുവാൻ സാധിക്കും. പക്ഷേ, അങ്ങനെ കെണിയിൽപ്പെടുത്തുവാൻ സാധിക്കാത്ത ഒരേ ഒരു നേതാവാണ് വെള്ളാപ്പള്ളി" എന്നാണ്.
കുളിമുറിയിലും
ഫോണെടുക്കും!
ചോദ്യങ്ങൾക്ക് സ്വതസിദ്ധമായ ശൈലിയിൽ കൃത്യമായി ഉത്തരവും ചിരിക്കുവാനുള്ള വകയും ഇട്ടുതരും. കാണാൻ എത്തുന്നവരെയെല്ലാം രാപകൽ വ്യത്യാസമില്ലാതെ ക്ഷമയോടെ കേൾക്കുക, ആശ്വാസമോ നിർദ്ദേശമോ പരിഹാരമോ നൽകുക എന്ന ശീലം ഒരു നിർബന്ധബുദ്ധിയോടെ അദ്ദേഹം നടപ്പാക്കുന്നു. ഇനി ആരും കാണുവാൻ കാത്തുനിൽപ്പില്ല എന്നു മാത്രമല്ല, ആരെങ്കിലും വന്നുകൊണ്ടിരിക്കുകയാണെങ്കിൽ അവർക്കുവേണ്ടി കാത്തിരിക്കുകകൂടി ചെയ്ത ശേഷമേ എത്ര രാത്രിയായാലും അദ്ദേഹം വിശ്രമിക്കുവാൻ പോകാറുള്ളൂ. മീറ്റിംഗുകളുടെ സമയത്തല്ലാതെയുള്ള എല്ലാ ഫോൺ വിളികളും നേരിട്ട് എടുക്കുക എന്നതാണ് ശീലം. ബന്ധപ്പെടാൻ സാധിക്കാതെ പോയവരുടെ ഫോണിലേക്ക് വിട്ടുപോകാതെ തിരികെ വിളിക്കും. ഉന്നതനായ ഒരു വ്യക്തിയിൽനിന്ന് തിരികെ ഒരു ഫോൺ വിളി എന്നത് പലർക്കും അവിശ്വസനീയമായി തോന്നാം. അദ്ദേഹം പറയാറുണ്ട്: 'കുളിമുറിയിൽപ്പോലും ഞാൻ ഫോൺ എടുക്കാറുണ്ട്. ജനങ്ങളാണ് എന്നെ നേതാവാക്കുന്നത്. അപ്പോൾ അവരെയല്ലേ ഞാൻ കേൾക്കേണ്ടതും സേവിക്കേണ്ടതും?"
സ്ഥാനത്തിന് ഉതകുന്ന വ്യക്തിയെ യഥാസ്ഥാനത്ത് നിയോഗിക്കുക എന്ന മാനേജ്മെന്റ് തത്വം നടപ്പാക്കുന്നതാണ് അദ്ദേഹത്തിന്റെ തീരുമാനങ്ങൾ വിജയിക്കുന്നതിന്റെ പ്രധാന ഘടകം. വ്യക്തികളെ നല്ലവണ്ണം വിലയിരുത്തിയ ശേഷം മാത്രമേ ഒരു അധികാര സ്ഥാനത്തേക്കോ നേതൃനിരയിലേക്കോ നിയോഗിക്കുകയുള്ളൂ. അസാമാന്യമായ ഉൾക്കാഴ്ച. എത്തുന്ന ഓരോ വ്യക്തിയെയും ഒരു ജ്യോതിഷിയെപ്പോലെ മനസ്സിലാക്കിയെടുക്കുന്ന ഈ കഴിവാണ് മൂന്ന് ദശാബ്ദക്കാലത്തെ വിജയത്തിന്റെ മറ്റൊരു ഘടകം.
അതിസമ്പന്നതയുടെ മടിത്തട്ടിൽ ജനിച്ചുവളർന്ന വ്യക്തി. റോഡ്- റെയിൽ കരാർ പണിയിലൂടെയും, മറ്റ് അനുബന്ധ വ്യവവസായങ്ങളിലൂടെയും ധനം വാരിക്കൂട്ടി. കൊങ്കൺ റെയിൽവേയുടെ കരാർ പണികൾ ചെയ്തത് പ്രഗത്ഭനായ ഇ. ശ്രീധരന്റെ സ്നേഹപൂർണമായ ആവശ്യപ്രകാരമായിരുന്നു. തൊണ്ണൂറുകളിൽ അദ്ദേഹത്തിന്റെ വീട്ടിൽ പരിശോധന നടത്തിയ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ സ്വർണ്ണത്തിന്റെ കണക്കെഴുതിക്കൊടുത്തപ്പോൾ അദ്ദേഹം ഒപ്പിടാൻ വിസമ്മതിച്ചു. 'ഇത് കുറവാണ്. ഇതിലധികം സ്വർണം എനിക്ക് പരമ്പരാഗതമായി ലഭിച്ചത് ഇവിടെയുണ്ട്. അതു കൂടി കണക്കിലുൾപ്പെടുത്തണം" എന്നാണ് ധൈര്യപൂർവ്വം അദ്ദേഹം ആവശ്യപ്പെട്ടത്.
വിദ്യാഭ്യാസ
മേഖലയിൽ
വർഷങ്ങളുടെ പാരമ്പര്യമുള്ളതും മുന്തിയ നിലവാരത്തിൽ പ്രവർത്തിക്കുന്നതുമായ സ്ഥാപനങ്ങളോട് കിടപിടിക്കത്തക്ക രീതിയിൽ ശ്രീനാരായണ സ്ഥാപനങ്ങളെ ഉയർത്തിക്കൊണ്ടുവരുവാൻ അദ്ദേഹത്തിന് സാധിച്ചു. ശ്രീനാരായണ കോളേജുകൾക്ക് സമാനമായ ചില സ്ഥാപനങ്ങളിലെ അദ്ധ്യാപകരും പ്രിൻസിപ്പൽമാരും പറയാറുണ്ട് - 'നിങ്ങൾക്ക് ശക്തനായ ഒരു മാനേജർ ഉള്ളതാണ് ഈ മികവിന് കാരണം." സംഘടന എങ്ങനെ താഴെത്തട്ടിൽ നിന്നും സംയോജിപ്പിച്ച് ദൃഢതയോടെ കെട്ടിപ്പടുക്കണമെന്ന് വ്യക്തമായ അറിവും കാഴ്ചപ്പാടുമുണ്ട്, അദ്ദേഹത്തിന്. ശാഖകളിലും യൂണിയനുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും താഴെ നിന്നും മുകളിൽ വരെയുള്ള നിരകളിൽ എന്ത് ചലനമുണ്ടായാലും ആദ്യം അറിയുവാൻ കഴിയുന്ന രീതിയിലുള്ള സമ്പർക്ക ശൃംഖല. ഇടപെടേണ്ട സമയത്ത് മാത്രം കൃത്യമായ ഇടപെടലും പ്രശ്നപരിഹാരവും.
സമുദായത്തിന് പുറത്തുള്ളവർ അദ്ദേഹത്തെ ആക്രമിക്കുന്നത് സമുദായത്തിന്റെ കെട്ടുറപ്പ് നശിപ്പിക്കുവാനും അദ്ദേഹത്തിന്റെ മനോവീര്യം തകർക്കുവാനും ഉദ്ദേശിച്ചുകൊണ്ടാണ്. എന്നാൽ, ഇത്തരം ആക്രമണങ്ങൾക്ക് അദ്ദേഹത്തിന്റെ മനോവീര്യം കൂട്ടുവാനും സമുദായ പിൻബലം വർദ്ധിപ്പിക്കുവാനും മാത്രമേ സാധിച്ചിട്ടുള്ളൂ എന്നതാണ് ചരിത്രസത്യം. തന്ത്രപരമായ രാഷ്ട്രീയ ചുവടുകളിലൂടെ സമുദായത്തിന് അർഹമായ പരിഗണന നേടിയെടുക്കൽ, സംസ്ഥാനത്തുടനീളമുള്ള സഞ്ചാരങ്ങൾ, പ്രസംഗവേദികൾ.... ഇവയെല്ലാം എല്ലാ ദിവസവും മടികൂടാതെ ദിനചര്യപോലെ ചെയ്യുന്ന ഒരു അത്ഭുത മനുഷ്യൻ. ഇത്തരം കാര്യങ്ങളൊന്നും അറിയാതെയാണ് വെള്ളാപ്പള്ളി നടേശനെന്ന വ്യക്തിയെ അടുത്തറിയുക പോലും ചെയ്തിട്ടില്ലാത്ത ചില സമുദായാംഗങ്ങൾ വിമർശിക്കുന്നത്!
മറവില്ലാതെ,
തുറന്ന മനസ്
കാര്യങ്ങൾ തുറന്നു പറയുന്ന അദ്ദേഹത്തിന്റെ ശൈലി എല്ലാ രാഷ്ട്രീയക്കാർക്കും ഇഷ്ടമാണ്. നല്ല കാര്യങ്ങൾക്ക് പ്രത്യേക പരാമർശം ഉണ്ടാകും, എന്നാൽ അവരിൽ നിന്നുണ്ടാകുന്ന മോശം പ്രവൃത്തികൾക്ക് യാതൊരു ദാക്ഷിണ്യവുമില്ലാതെ വിമർശനവും നടത്തും. ചില സന്ദർഭങ്ങളിൽ സമുദായാംഗങ്ങളുടെ വ്യത്യസ്ത വികാരം മാനിച്ച്, യുക്തിക്കനുസരിച്ച് പ്രവർത്തിച്ചുകൊള്ളാനാണ് ആവശ്യപ്പെടാറുള്ളത്. ശാഖാംഗങ്ങൾ മുതൽ മുകളിൽ പ്രവർത്തിക്കുന്ന അംഗങ്ങളെയും, അവരുടെ അനുബന്ധ വിവരങ്ങളും കമ്പ്യൂട്ടറിലെന്നപോലെ അറിയുന്ന ആളാണ് ഈ ജനറൽ സെക്രട്ടറി. ബന്ധങ്ങൾ ആത്മാർത്ഥവും സ്നേഹപൂർണവുമാണ്. ഇത്രയും ഹൃദയബന്ധം നിലനിറുത്തുമ്പോൾ സ്വാധീനം എത്രത്തോളം എന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ഒരു നിയോഗംപോലെ എത്തിച്ചേർന്ന പ്രവർത്തന മേഖലയിലെ ആത്മാർത്ഥമായ ജനസേവനവും സംഘടനാ മികവും ഇന്ന് ദേശീയതലത്തിൽ ശ്രദ്ധ നേടിയിരിക്കുന്നു. ഇന്ത്യാ മഹാരാജ്യം ആദരപൂർവം നൽകിയ പത്മഭൂഷൺ എന്ന ഉന്നത സിവിലിയൻ ബഹുമതി തന്നോടൊപ്പമുള്ള ജനങ്ങൾക്കും തന്നെ അനുഗ്രഹിക്കുന്ന ശക്തികൾക്കും വിനയപൂർവം സമർപ്പിക്കുമ്പോൾ, മറുപടിയായി എണ്ണിയാലൊടുങ്ങാത്ത ജനഹൃദയങ്ങളിൽ നിന്നുള്ള പ്രാർത്ഥനകൾ കേൾക്കാം.
(ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി മുൻ പ്രോ വൈസ് ചാൻസിലർ ആണ് ലേഖകൻ. ഫോൺ : 98460 26464)
കാഥികനെപ്പോലെ എന്റെ ജോലി
സമാനതകളില്ലാത്ത, രസകരമായ ഒരു രീതിയാണ് വെള്ളാപ്പള്ളി നടേശന്റെ പൊതുപരിപാടികളുടെ ക്രമീകരണം. ക്ഷണിക്കുന്നവർ തന്നെ അദ്ദേഹത്തിന്റെ ഡയറിയിൽ എഴുതിവയ്ക്കുകയാണ് ചെയ്യുക. മുൻപുള്ള ദിവസം അദ്ദേഹത്തിന്റെ പരിപാടി സംസ്ഥാനത്ത് എവിടെയെന്ന് നോക്കാറില്ല. അദ്ദേഹം പറയുന്നത് ഇങ്ങനെ- 'കഥാപ്രസംഗകനെപ്പോലെയാണ് എന്റെ ജോലി. പരിപാടികൾ എഴുതിയിരിക്കുന്നതനുസരിച്ച് ഞാൻ പോകും, പ്രസംഗിക്കും, തിരികെ വരും."
ഇത്ര ധൈര്യവും ആത്മവിശ്വാസവും ഒരു സമുദായ നേതാവിലും കാണാൻ സാധിക്കുകയില്ല. കേരള രാഷ്ട്രീയത്തിൽ കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലം മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള ഏത് നേതാവിനോടും എന്ത് ആവശ്യം പറയുന്നതിനും അത് നേടിയെടുക്കുന്നതിനും ആവേശവും ചങ്കുറപ്പുമുള്ള നേതാവ് നയിക്കുന്നു എന്നതാണ് സമുദായത്തിന്റെ കെട്ടുറപ്പിനും ഉയർച്ചയ്ക്കും ഏക കാരണം. ഒരു വാക്ക് നൽകിയാൽ എത്ര ഉന്നതനോ ബന്ധുവോ, ആര് ഇടപെട്ടാലും അതിൽനിന്ന് വ്യതിചലിക്കാത്ത സ്വഭാവം. ഇത്തരം സ്വഭാവങ്ങളെല്ലാം നല്ലതുപോലെ അറിയുന്ന ജനങ്ങൾ തന്നെയാണ് ഈ നേതാവിനെ ഇത്രയും നാളായി നെഞ്ചിലേറ്റുന്നതും.
പ്രതിബന്ധങ്ങളെയും പ്രശ്നങ്ങളെയും പ്രണയിക്കുന്ന വ്യക്തിത്വം. വിചാരണക്കോടതി മുതൽ സുപ്രീംകോടതി വരെ കേസുകൾ. ബുദ്ധിമുട്ടുണ്ടാക്കുന്ന വാർത്തകൾ, മാദ്ധ്യമ വിചാരണകൾ ഇവയൊക്കെ നടക്കുമ്പോഴും യാതൊരു ഭാവഭേദവുമില്ലാതെ അചഞ്ചലമായി, തമാശ പറഞ്ഞും ഹൃദ്യമായി ചിരിച്ചും ചുറ്റുമുള്ളവരോട് സംസാരിക്കുന്ന സ്വഭാവം. 'യാതൊന്നും സംഭവിക്കുവാൻ പോകുന്നില്ല" എന്ന ആത്മവിശ്വാസം സ്ഫുരിക്കുന്ന മുഖഭാവം. ഒപ്പമുള്ളവർക്ക് ഊർജ്ജം പകർന്നു നൽകി അന്തരീക്ഷം ആഹ്ളാദമയമാക്കുന്ന അത്ഭുതകരമായ മനസ്സുറപ്പ്. ഇതൊക്കെ വെള്ളാപ്പള്ളി നടേശൻ എന്ന നേതാവിനു മാത്രം സ്വന്തമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |