SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.34 PM IST

ഡോക്ടർമാർ ഒ.പി ബഹിഷ്കരിച്ചു, മെഡി. കോളേജുകളിൽ രോഗികൾക്ക് ദുരിതം

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം : ദിവസങ്ങൾക്ക് മുമ്പേ ഓൺലൈനായി ഒ.പിയെടുത്താണ് നെയ്യാറ്റിൻകര കുന്നത്തുകാൽ സ്വദേശി ശ്രീകുമാരിയെ(64) നടുവേദനയ്ക്ക് ചികിത്സയ്ക്കാൻ മക്കൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു വന്നത് .ഇന്നലെ ആശുപത്രിയിലെത്തിയപ്പോഴാണ് ഡോക്ടർമാർ ഒ.പി ബഹിഷ്കണത്തിലാണെന്ന് അറിഞ്ഞത്. ജൂനിയർ ഡോക്ടർമാർ വേദനയ്ക്ക് മരുന്നും നൽകി മറ്റൊരു ദിവസമെത്താൻ പറഞ്ഞ് മടക്കി.

അത്യാവശ്യ സാഹചര്യത്തിൽ പുലർച്ചെ ക്യൂ നിന്ന് ഒ.പി എടുത്തവരുൾപ്പെടെ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ഇന്നലെ ചികിത്സ തേടിയെത്തിയ ബഹു ഭൂരിപക്ഷം രോഗികളും കൂട്ടിരിപ്പുകാരും വലഞ്ഞു. ഡോക്ടർമാരുടെ അനുകൂല്യങ്ങൾ തടഞ്ഞ സർക്കാർ നടപടിയിൽ പ്രതിഷേധിച്ചും, മെഡിക്കൽ കോളേജുകളിൽ സൗകര്യം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് ഡോക്ടർമാർ ഇന്നലെ മുതൽ അനിശ്ചിതകാല ഒ.പി ബഹിഷ്കരണം ആരംഭിച്ചത്.ഒ.പികളിൽ നിന്ന് മുതിർന്ന ഡോക്ടർമാർ വിട്ടു നിന്നതോടെ പി.ജി വിദ്യാർത്ഥികളും ഹൗസ് സർജൻമാരുമാണ് രോഗികളെ പരിശോധിച്ചത്.പി.ജി ഡോക്ടർമാർ ഫോണിലൂടെ മുതിർന്ന ഡോക്ടർമാരെ ബന്ധപ്പെട്ടാണ് രോഗനിർണയം നടത്തിയത്. വീൽചെയറിലും ട്രോളിയിലും മണിക്കൂറുകൾ രോഗികൾ ഒ.പി മുറികൾക്ക് മുന്നിൽ കാത്തു കിടന്നു.ഒ.പി ബഹിഷ്കണത്തിൻെറ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മെഡിക്കൽ കോളേജിന് മുന്നിൽ സംസ്ഥാന പ്രസിഡന്റ് ഡോ.റോസ്‌നാരാ ബീഗം.ടി നിർവഹിച്ചു.

അവസാനിക്കാത്ത

സമരം!

കഴിഞ്ഞ വർഷം ജൂലായ് 1 മുതൽ കെ.ജി.എം.സി.ടി.എ നേതൃത്വത്തിൽ ഡോക്ടർമാർ നടത്തുന്ന സൂചന സമരങ്ങളും 21ദിവസമായി തുടരുന്ന റിലേ നിരാഹാര സത്യാഗ്രഹവും ഫലം കാണാതെ വന്നതോടെയാണ് അനിശ്ചിതകാല ഒ.പി ബഹിഷ്കരണം ആരംഭിച്ചത്.ആരോഗ്യ, ധനകാര്യ മന്ത്രിമാരുമായി പലവട്ടം ചർച്ചകൾ നടത്തിയിട്ടും ഫലം കണ്ടില്ല.

സർക്കാരിൻെറ വിശ്വാസ വഞ്ചന കാരണം നടത്തേണ്ടി വന്ന സമരത്തിൽ പൊതുജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുന്നു. അത്യാഹിത വിഭാഗം,ലേബർ റൂം,അടിയന്തര ശസ്ത്രക്രിയകൾ, ഐ.സി.യു,പോസ്റ്റ്‌മോർട്ടം പരിശോധനകൾ,അടിയന്തിര ലബോറട്ടറി സേവനങ്ങൾ എന്നിവയെ സമരത്തിൽ നിന്ന് ഒഴിവാക്കി.

-കെ.ജി.എം.സി.ടി.എ ഭാരവാഹികൾ

TAGS: MEDICAL COLLEGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY