SignIn
Kerala Kaumudi Online
Thursday, 19 February 2026 3.35 AM IST

സന്തോഷ് ട്രോഫി കോച്ചിന് ലീവില്ല; ശമ്പളവും

Increase Font Size Decrease Font Size Print Page
ebin-rose-

തിരുവനന്തപുരം: സന്തോഷ് ട്രോഫിയിൽ റണ്ണേഴ്സ് അപ്പായ കേരള ടീമിന്റെ സഹപരിശീലകൻ എബിൻ റോസിന് ട്രാവൻകൂർ ടൈറ്റാനിയം അർഹതപ്പെട്ട കാഷ്വൽ ലീവ് അനുവദിക്കാത്തതിനാൽ ഡിസംബർ മുതൽ ശമ്പളമില്ല. ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ എ ലൈസൻസ് കോച്ചിനെയാണ് ദ്രോഹിക്കുന്നത്. ടൈറ്റാനിയത്തിൽ സൂപ്രണ്ടാണ് സന്തോഷ് ട്രോഫി മുൻ കളിക്കാരൻകൂടിയായ എബിൻ.

രാജ്യത്തെയോ സംസ്ഥാനത്തെയോ പ്രതിനിധീകരിക്കുന്ന പരിശീലകന് ശമ്പളത്തോടെ സ്പെഷ്യൽ കാഷ്വൽ ലീവ് അനുവദിക്കണമെന്നാണ് വ്യവസ്ഥ. അംഗീകൃത അസോസിയേഷന്റെ ശുപാർശയോടെ ലീവിന് അപേക്ഷിക്കണമെന്നുമാത്രം. കേരള ഫുട്ബാൾ അസോസിയേഷന്റെ കത്തും അവധി അപേക്ഷയും 2025 ഡിസംബർ നാലിന് എബിൻ നൽകി. പക്ഷേ, മുടന്തൻ ന്യായമാണ് ടൈറ്റാനിയം അധികൃതരുടേത്. ഡിസംബർ 31ന് കൂടിയ ഡയക്ടർ ബോർഡ് യോഗം, സർക്കാരിന്റെ മുൻകൂർ അനുമതി ഉണ്ടെങ്കിൽ സ്പെഷ്യൽ കാഷ്വൽ ലീവ് അനുവദിച്ചാൽ മതിയെന്ന് തീരുമാനിച്ചുവത്രെ. അപേക്ഷിച്ച സമയത്ത് ഇങ്ങനെയൊരു ചട്ടമില്ലാത്തത് ചൂണ്ടിക്കാട്ടി എബിൻ വീണ്ടും അപേക്ഷ നൽകിയിട്ടും പരിഹാരമായില്ല.

മാസ്റ്റേഴ്സ് ഗെയിംസ് ഉൾപ്പടെ അപ്രധാന മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് ജീവനക്കാർ ലീവെടുത്തിരുന്നു. തുടർന്നാണ് മുൻകൂർ സർക്കാർ അനുമതി വേണമെന്ന വ്യവസ്ഥ കൊണ്ടുവന്നതെന്നും കമ്പനി പറയുന്നു. മുമ്പും കമ്പനിയിൽ നിന്ന് ഇത്തരത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടെന്ന് എബിൻ പറയുന്നു. 2023ൽ കേരള ജൂനിയർ ടീമിന്റെ മുഖ്യപരിശീലകനായിരുന്നു. അപ്പോഴും സ്പെഷ്യൽ ലീവ് അംഗീകരിച്ചില്ല.

ടൈറ്റാനിയത്തിനും കേരളത്തിനും ഫുട്ബാൾ കളിച്ച എന്നെ അപമാനിക്കുകയാണ്. പലർക്കും പ്രാദേശിക ടൂർണമെന്റുകൾക്കുപോലും ടൈറ്റാനിയം അവധി നൽകിയിട്ടുണ്ട്

- എബിൻ റോസ്, സൂപ്രണ്ട്,

ട്രാവൻകൂർ ടൈറ്റാനിയം

എബി​ന്റെ ലീവ് അപേക്ഷ സർക്കാരി​ലേക്ക് അയച്ചി​ട്ടുണ്ട്. അനുമതി​ ലഭി​ക്കുന്നതിനനുസരി​ച്ച് ലീവ് അനുവദി​ക്കും. അപേക്ഷ നൽകി​യാൽ സാലറി​ അഡ്വാൻസ് നൽകും

- ബീന, പേഴ്സണൽ മാനേജർ

ട്രാവൻകൂർ ടൈറ്റാനിയം

TAGS: COACH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY