തിരുവനന്തപുരം: എം.ജി സർവകാലാശലയുടെ മാർക്ക്ദാനം തള്ളി ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപാദ്ധ്യക്ഷൻ ഡോ. രാജൻ ഗുരുക്കൾ. പരീക്ഷാഫലം വന്നു കഴിഞ്ഞാൽ അതുമായി ബന്ധപ്പെട്ട യാതൊരു കാര്യത്തിലും ഇടപെടാനോ പരിശോധിക്കാനോ സിൻഡിക്കേറ്റിന് യാതൊരു അധികാരവുമില്ലെന്ന് രാജൻ ഗുരുക്കൾ പറഞ്ഞു. സിൻഡിക്കേറ്റിൽ പരീക്ഷ നടത്തിപ്പിനായി ഒരു സമിതിയുണ്ടാവും എന്നാൽ അവർക്ക് പോലും ഉത്തരപേപ്പർ വിളിച്ചു വരുത്താനാവില്ല. മന്ത്രി കെ.ടി ജലീൽ കുറ്റക്കാരനല്ലെന്നും ആരോ മന്ത്രിയെ ഇതിലേക്ക് വലിച്ചിഴച്ചതാണെന്നും എം.ജി, സാങ്കേതിക സർവകലാശാലകളെടുത്ത നിയമവിരുദ്ധ തീരുമാനങ്ങൾ റദ്ദുചെയ്യണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു.
പരീക്ഷാഫലം വന്നു കഴിഞ്ഞാൽ മാർക്ക് കൂട്ടി നൽകാനോ കുറച്ചു നല്‍കാനോ സിൻഡിക്കേറ്റിന് പറ്റില്ല. കൺട്രോളർ ഓഫ് എക്സാമിനേഷനാണ് പരീക്ഷ നടത്തിപ്പിന് നിയമപ്രകാരം ചുമതലപ്പെട്ടത്. അതിന് മുകളിൽ പരീക്ഷാ നടത്തിപ്പിൽ ആര്‍ക്കും അവകാശമോ അധികാരമോ ഇല്ല. വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി അദാലത്തുകൾ നടത്താൻ സർവകാലാശാലകൾക്ക് അധികാരമുണ്ട്. എന്നാൽ അതിൽ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് പങ്കെടുത്തത് നിയമവിരുദ്ധമാണ്. വൈസ് ചാൻസലർക്കാണ് അദാലത്ത് നടത്താൻ അവകാശം.
സർവകലാശാലയുടെ ഭരണഘടനാപരമായ അധികാരങ്ങളിലും അവകാശങ്ങളിലും പ്രൊ ചാൻസലറായ ഉന്നതവിദ്യാഭ്യാസമന്ത്രിക്ക് ഇടപെടാൻ നിയമമില്ല. വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങിൽ അതിഥിയായി പങ്കെടുക്കാം എന്നതിൽ കവിഞ്ഞൊരു അധികാരവും ഉന്നത വിദ്യാഭ്യാസമന്ത്രിക്കില്ലെന്നും രാജൻ ഗുരുക്കൾ വ്യക്തമാക്കി.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്ത് പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പരിചയവും പൊതുസ്വീകാര്യതയുമുള്ള വ്യക്തിയാണ് രാജന്‍ ഗുരുക്കള്‍. ഉന്നതവിദ്യാഭ്യസ കൗണ്‍സിലിന്‍റെ ഉപാധ്യക്ഷന്‍ കൂടിയായ അദ്ദേഹത്തിന്‍റെ പ്രസ്താവന മാര്‍ക്ക് ദാന വിവാദത്തില്‍ സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലേക്കാണ് കൊണ്ടു പോകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |