തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരായ ആരോപണങ്ങൾ ആവർത്തിച്ച് മന്ത്രി കെ.ടി. ജലീൽ. ആരോപണങ്ങളിൽ വ്യക്തമായ തെളിവുകളുണ്ടെന്നും ഫോൺ രേഖകൾ പരിശോധിക്കണമെന്നും കെ.ടി ജലീൽ ആവശ്യപ്പെട്ടു. എന്നാൽ മാർക്ക് ദാന വിവാദത്തിൽ തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ മന്ത്രി തയ്യാറായില്ല.
ചെന്നിത്തലയ്ക്കെതിരെ വ്യക്തമായ തെളിവുകൾ തന്റെ കൈവശമുണ്ടെന്ന് ജലീൽ അവകാശപ്പെട്ടു അദ്ദേഹത്തിന്റെ മകന്‍ 608 റാങ്കുകാരനാണ്. ഇദ്ദേഹത്തിനാണ് ഏറ്റവും കൂടുതൽ മാർക്ക് അഭിമുഖത്തിൽ ലഭിച്ചിരിക്കുന്നത്. സാധാരണഗതിയിൽ അത് അസ്വാഭാവികത ഉണ്ടാക്കുന്ന കാര്യമാണ്. പി.എസ്.സി പരീക്ഷയിൽ എഴുത്തു പരീക്ഷയുടെ അനുപാതത്തിലല്ല അഭിമുഖത്തിൽ മാർക്ക് ലഭിച്ചിരിക്കുന്നതെന്നും അതിൽ അസ്വാഭാവികത ഉണ്ടെന്നും നേരത്തെ ചെന്നിത്തല തന്നെ ആരോപിച്ചിട്ടുണ്ട്.
അതേ മാനദണ്ഡം യു.പി.എസ്.സി പരീക്ഷയിൽ അദ്ദേഹത്തിന്റെ മകന്റെ കാര്യത്തിൽ ഉപയോഗിച്ചാൽ 800 ന് താഴെയാണ് റാങ്ക് ഉണ്ടാവേണ്ടത്. അദ്ദേഹത്തെക്കാൾ മാർക്ക് ലഭിച്ച 299 ആളുകളെ മറികടന്ന് അഭിമുഖത്തിലെ ഏറ്റവും ഉന്നത മാർക്ക് ലഭിച്ചത് ചെന്നിത്തലയുടെ മകനാണ്. രമേശ് ചെന്നിത്തല ഇതിനായി ഇടപെട്ടു എന്നൊന്നും താൻ പറയുന്നില്ലെന്നും ആരിടപെട്ടാലും അസ്വാഭാവികതയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ആ ദിവസങ്ങളിലെ ചെന്നിത്തലയുടെ ഫോൺ വിവരങ്ങള്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം മന്ത്രി അദാലത്തിൽപങ്കെടുക്കേണ്ടെന്ന് രാജൻ ഗുരുക്കൾ പറഞ്ഞത് ശരിയാണെന്നും തനിക്കും സമാനമായ നിലപാടാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |