SignIn
Kerala Kaumudi Online
Monday, 23 February 2026 4.43 AM IST

പാളിപ്പോയ 'പാർട്ടി' സർവേ; മിന്നൽ മാജിക്കും!

Increase Font Size Decrease Font Size Print Page
d

'കേരളമെന്നു കേട്ടാൽ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളിൽ" എന്നാണ് മഹാകവി വള്ളത്തോളിന്റെ

ആഹ്വാനം. 'നവകേരള"മെന്ന് കേട്ടാലോ? സഖാക്കളുടെ ചോര ചിലപ്പോൾ തിളച്ചെന്നിരിക്കും. കോൺഗ്രസുകാർക്കും ബി.ജെ.പിക്കാർക്കും അതു കേട്ടാൽത്തന്നെ അലർജിയാണ്. ശരീരമാകെ ചൊറിഞ്ഞു തടിക്കും. നവകേരള യാത്ര, നവകേരള ബസ്, നവകേരള സർവേ, കെ- ഫോൺ, കെ- റെയിൽ തുടങ്ങി 'നവ"ലും 'കെ"യിലും തുടങ്ങുന്ന വാക്കുകളെല്ലാം പിണറായി ബ്രാൻഡ് ആയതാവാം കാരണം! കൊട്ടിഘോഷിച്ച് പിണറായി സർക്കാർ തുടങ്ങിയ ഈ പദ്ധതികളെല്ലാം അപശകുനമായില്ലേ എന്നാണ് അവരുടെ ചോദ്യം.

കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തിയ നവകേരള യാത്ര കോടികൾ

മുടിച്ചതല്ലാതെ, സർക്കാരിനോ ജനങ്ങൾക്കോ അതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടായതായി കേട്ടില്ല. ആ യാത്രയിൽ ആവലാതിക്കാരിൽ നിന്ന് ഉദ്യോഗസ്ഥന്മാർ ശേഖരിച്ച നിവേദനങ്ങളെക്കുറിച്ചും അറിവില്ല. കുറെ ചവറ്റുകുട്ടയിൽ പോയെന്നും, ബാക്കി ആക്രിക്കാർക്ക് തൂക്കി വിറ്റെന്നും പ്രതിപക്ഷം. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാൻ ലിഫ്റ്റും എ.സിയും ടോയ്ലറ്റും ഉൾപ്പെടെ ഘടിപ്പിച്ച് ഒരുകോടി രൂപ ചെലവിൽ ഇറക്കിയ 'നവകേരള ബസു" കൊണ്ട് ആകെയുണ്ടായ ഗുണം ബസ് തടയാൻ ശ്രമിച്ച യൂത്ത് കോൺഗ്രസുകാർക്ക് ഡി.വൈ.എഫ്.ഐക്കാരും മുഖ്യമന്ത്രിയുടെ ഗൺമാന്മാരും ചേർന്ന് ഹെൽമറ്റും വടിയുംകൊണ്ട് 'രക്ഷാപ്രവർത്തനം" നടത്തിയതാണ്.

ആ ബസ് ഇപ്പോൾ കട്ടപ്പുറത്താണോ എന്നറിയില്ല. എന്തായാലും അന്ന് പറഞ്ഞിരുന്നതു പോലെ, മ്യൂസിയത്തിലൊന്നും കാണാനില്ല. സംസ്ഥാനത്ത് 20 ലക്ഷം പേർക്ക് കെ- ഫോൺ എന്നതും സർക്കാരിന്റെ പ്രഖ്യാപനത്തിലൊതുങ്ങി. കെ- റെയിൽ അഥവാ സിൽവർ ലൈൻ ഒടുവിൽ സർക്കാർ തന്നെ കൈയൊഴിഞ്ഞു. അവിടവിടെ നാട്ടിയ മഞ്ഞക്കുറ്റികളും, അതുനിമിത്തം കിടപ്പാടം പോലും ഭീഷണിയിലായ കുറെ ആൾക്കാരുടെ പ്രാക്കും ബാക്കി.

 

;

ഒടുവിലിതാ, നിയമസഭാ തിരഞ്ഞെടുപ്പിന്റെ കേളികൊട്ടിനിടെ സർക്കാർ ആരംഭിച്ച നവകേരള സർവേയ്ക്കും ശകുനപ്പിഴ. പൊതു ഖജനാവിൽ നിന്ന് 20 കോടി ചെലവിട്ട് സർക്കാർ ആരംഭിച്ച സർവേ, ദുരുദ്ദേശ്യ സർവേയെന്ന് വിമർശിച്ച് റദ്ദാക്കിയിരിക്കുകയാണ് ഹൈക്കോടതി. സർക്കാർ നടത്തിയ വികസനവും ക്ഷേമ പ്രവർത്തനങ്ങളും ജനങ്ങൾക്കു മുന്നിൽ അക്കമിട്ട് നിരത്തുകയെന്ന സദുദ്ദേശ്യമായിരുന്നു സർക്കാരിന്. അതു കണ്ട് ഭരണപക്ഷത്തിന് നാല് വോട്ട് കൂടുതൽ കിട്ടുമോ എന്നതു മാത്രമല്ല പ്രതിപക്ഷത്തിന്റെ എതിർപ്പിന് കാരണം.

സർവേയ്ക്ക് നിയോഗിച്ചത് ഉദ്യോഗസ്ഥരെയല്ല, പാർട്ടി സഖാക്കളെ. സർവേ സർക്കാർ പ്രഖ്യാപിക്കുകയോ, മന്ത്രിസഭ അംഗീകരിക്കുകയോ ചെയ്യുന്നതിന് ഒരു മാസം മുമ്പ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇതേക്കുറിച്ച് പാർട്ടി ഘടകങ്ങൾക്ക് കത്തു നൽകി. സർക്കാർ സർവേ പാർട്ടി നടത്തുന്നതൊക്കെ ചൈനയിൽ നടക്കുമായിരിക്കാം. ഒരു രാഷ്ട്രീയ പാർട്ടിക്ക് സർക്കാരിന്റെ മുഖമാകാൻ കഴിയുമോ എന്നാണ് ഹൈക്കോടതിയുടെ ചോദ്യം. ഫലത്തിൽ,സർക്കാർ ചെലവിൽ രാഷ്ട്രീയ പ്രചാരണം!

85 ലക്ഷം വീടുകൾ കയറാനായിരുന്നു പദ്ധതി. രണ്ടുമാസത്തെ സർവേ കാലാവധിയിൽ ഒന്നര മാസം പിന്നിട്ടപ്പോൾ കയറിയത് ആകെ ആറുലക്ഷം വീടുകളിൽ. ഇങ്ങനെ പോയാൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും സർവേ തീരില്ല. സർവേയ്ക്ക് ഇതിനകം ചെലവായ പണം തിരിച്ചടയ്ക്കാനാണ് കോടതി ഉത്തരവ്. ഇതിനെതിരെ സുപ്രീം കോടതിയെ ശരണം പ്രാപിച്ചിരിക്കുകയാണ് സർക്കാർ. സുപ്രീം കോടതിയും കൈവിട്ടാൽ പൊളിയുന്നത് സർവേ മാത്രമല്ല, സർക്കാരിന്റെ കള്ളക്കളിയുമെന്ന് പ്രതിപക്ഷം.

 

സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം ദിവസം രണ്ടു മണിക്കൂർ വീതം കൂട്ടിയതിൽ മദ്യപാനികൾ പെരുത്ത് സന്തോഷത്തിലാണെന്ന് പറയുന്നു. രാവിലെ 11 മുതൽ രാത്രി 11 മണി വരെയായിരുന്നത് രാവിലെ 10 മുതൽ രാത്രി 12 വരെയാക്കിയത് തിരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള സർക്കാരിന്റെ മറ്റൊരു ക്ഷേമ പദ്ധതിയായിട്ടാണത്രെ അവർ കാണുന്നത്. ബാറുകളുടെ സമയം കൂട്ടിയതല്ല, ഏകീകരിച്ചതാണെന്നാണ് എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ വാദം. നിലവിൽ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ബാറുകളുടെ സമയം രാത്രി 12 മണി വരെയാണ്. ആ സമയം 'വിശാലഹൃദയനായ" മന്ത്രി മറ്റ് ബാറുകൾക്കും അനുവദിച്ചിരിക്കുന്നു.

കോൺഗ്രസ് ഭരിക്കുന്ന അയൽ സംസ്ഥാനമായ കർണാടകത്തിൽ എല്ലാ ബാറുകളുടെയും സമയം രാവിലെ 9 മുതൽ രാത്രി 12 മണി വരെയാണ്. തലസ്ഥാനമായ ബംഗളൂരുവിൽ ബാറുകൾ അടയ്ക്കുന്നത് പുലർച്ചെ ഒരു മണിക്ക്. അവിടെയും നമ്മൾ തോറ്റുകൊടുത്തില്ല. സംസ്ഥാനത്തെ ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ ബാറുകൾക്ക് 5000 രൂപ വാർഷിക ഫീസ് അധികമായി അടച്ചാൽ വെളുപ്പിന് മൂന്നുമണി വരെ തുറന്നുവയ്ക്കാം. എന്താ പോരേ?മദ്യപാനം സർക്കാർ പ്രോത്സാഹിപ്പിക്കുകയാണെന്ന് കരുതരുതെന്നാണ് മന്ത്രിയുടെ അഭ്യർത്ഥന!

മദ്യ നിരോധനമല്ല, മദ്യ വർജ്ജനമാണ് ഇടതു സർക്കാരിന്റെ നയമെന്ന് ആദ്യം മുതൽ പറയുന്നതാണ്. അതിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. മദ്യം വർജ്ജിക്കണമെന്ന് സർക്കാരിന് പറയാനല്ലേ പറ്റൂ. കുടിക്കണോ, വേണ്ടയോ എന്നത് കുടിയന്മാരല്ലേ തീരുമാനിക്കേണ്ടത്?​ ബാറിലും ബിവറേജസിലും എത്തുന്നവരെ തടയാനാവില്ലല്ലോ. 2016-ൽ ഒന്നാം പിണറായി സർക്കാർ അധികാരമേൽക്കുമ്പോൾ ആകെ ഉണ്ടായിരുന്നത് 29 ബാറുകൾ. അതിന്റെ എണ്ണം ഇപ്പോൾ 850 കഴിഞ്ഞില്ലേ എന്നു ചോദിച്ചാൽ, അന്ന് ഫൈവ് സ്റ്റാർ ബാറുകൾ മാത്രമായിരുന്നു. പിന്നീടല്ലേ ഫോർ സ്റ്റാർ, ത്രീ സ്റ്റാർ ഹോട്ടലുകളിലും ബാർ അനുവദിച്ചത്. അപ്പോൾ എണ്ണം കൂടില്ലേ?

ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ പോകാൻ കെൽപ്പുള്ളവർക്കു മാത്രം മതിയോ ബാറുകൾ? ഈ സർക്കാർ സാധാരണക്കാർക്ക് ഒപ്പമാണ്. പന്തിയിൽ പക്ഷഭേദം പാടില്ല. മാത്രമല്ല, മദ്യം സേവിക്കാൻ സ്വമേധയാ വരുന്നവരെ ഇല്ലെന്നു പറഞ്ഞ് മടക്കി അയയ്ക്കുന്നത് മര്യാദയാണോ? ബാറുകളുടെ സമയം രണ്ടു മണിക്കൂർ കൂട്ടിയപ്പോൾ, കോൺഗ്രസ് നേതാക്കൾ ആരോപിച്ചത് സർക്കാർ ബാറുടമകളിൽ നിന്ന് പണപ്പിരിവ് നടത്തിയെന്നാണ്. സമയം കൂട്ടിയത് യു.ഡി.എഫിന്റെ അറിവോടെയും, സമ്മതത്തോടെയുമാണെന്ന് മന്ത്രി എം.ബി.രാജേഷ് വെളിപ്പെടുത്തി. അതോടെ, എതിർത്തവരുടെ ഗ്യാസും പോയി!

ബാറുകളുടെ സമയം കൂട്ടിയത് കുടുംബകലഹം കൂട്ടുമെന്ന ചിലരുടെ ആക്ഷേപത്തിലും കഥയില്ലെന്നാണ് എതിർ വാദം. നട്ടപ്പാതിരയ്ക്ക് പുള്ളിക്കാരൻ വീടണയുമ്പോഴേക്കും കെട്ട്യോളും പിള്ളേരും പാതി ഉറക്കം കഴിഞ്ഞിരിക്കും. പിന്നെന്ത് കലഹം?എവിടെയെങ്കിലും ചുരുണ്ടുകൂടുക തന്നെ. ബാറുകളുടെ എണ്ണം കൂടിയതോടെ മദ്യത്തിൽ നിന്നുള്ള സർക്കാരിന്റെ വരുമാനവും പതിന്മടങ്ങ് വർദ്ധിച്ചില്ലേ?കേന്ദ്രം വല്ലാതെ ഞെരുക്കുമ്പോൾ ശമ്പളവും സാമൂഹ്യ പെൻഷനുമൊക്കെ നൽകാൻ സർക്കാരിന്റെ കൈയിൽ പണം വേണ്ടേ? ഒരു വെടിക്ക് രണ്ടു പക്ഷി!



പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തിവരുന്ന പുതുയുഗ യാത്രയുടെ സ്വീകരണ വേദിയിൽ ലഭിച്ച നിവേദനം അതേ വേദിയിൽ വച്ചുതന്നെ കീറിക്കളഞ്ഞതായി വിമർശനം. സതീശൻ മുഖ്യമന്ത്രിക്കു പഠിക്കുന്നത് ഇങ്ങനെയാണോ എന്നും, നിവേദനത്തിൽ എഴുതിയിരുന്നത് അസഭ്യ വാക്കുകളായതിനാലാണ് കീറിക്കളഞ്ഞതെന്നുമൊക്കെ സൈബർ ഇടങ്ങളിൽ കഥകൾ. എന്നാൽ, രണ്ടു ദശകമായി എം.എൽ.എ സ്ഥാനത്തിരിക്കുന്ന താൻ ഏതെങ്കിലും നിവേദനം കീറിക്കളയുമോയെന്നും, സി.പി.എമ്മുകാരുടെ പുതിയ ക്യാപ്സ്യൂളാണ് ഇതെന്നും വി.ഡി. സതീശൻ.



നുറുങ്ങ്:

 'ജവാനു" ശേഷം സർക്കാർ ഇറക്കുന്ന ബ്രാൻഡിക്ക് ഒടുവിൽ പേരു കിട്ടി- 'മിന്നൽ മാജിക്." മലബാർ ഡിസ്റ്റിലറീസിന് പൊതുജനങ്ങളിൽ നിന്ന് ലഭിച്ചത് നാൽപ്പതിനായിരത്തോളം പേരുകൾ. കാരണഭൂതൻ, കപ്പിത്താൻ, പോറ്റിയെ കേറ്റി, കേരള ലഹരി, കെ- ബ്രാൻഡി, കെ- രസം, സഖാവ് ബ്രാൻഡി തുടങ്ങിയവ സാമ്പിളുകൾ.

♦ ഹൈക്കോടതി ഇടപെട്ടിരുന്നില്ലെങ്കിൽ 'കാരണഭൂതൻ" എന്നിടാമായിരുന്നു. യു.ഡി.എഫിന് തിരഞ്ഞെടുപ്പിൽ ആയുധമാക്കുകയും ചെയ്യാമായിരുന്നു!

(വിദുരരുടെ ഫോൺ: 99461 08221)

TAGS: VARAVISHESHAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.