
തൃശൂർ: 'ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ, തദ്ദേശ തിരഞ്ഞെടുപ്പിൽ തലസ്ഥാനത്ത്, നിയമസഭാ തിരഞ്ഞെടുപ്പിൽ ദേ ഗുരുവായൂരിൽ". കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ 'വോട്ട്" ഓട്ടം തുടരുകയാണ്. രണ്ട് വർഷത്തിനിടെ 'മൂന്ന്" വോട്ടിന് അവകാശിയായ സുരേഷ് ഗോപിയുടെ വോട്ടോട്ടം വീണ്ടും വിവാദ ബൂത്തിലാണ്.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപിക്ക് വോട്ട് തൃശൂർ നെട്ടിശ്ശേരിയിലെ 115-ാം നമ്പർ മുക്കാട്ടുകര ബൂത്തിലായിരുന്നു. 2025ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ ശാസ്‌തമംഗലം ഡിവിഷനിലെ മൂന്നാം ബൂത്തിൽ വോട്ടിട്ടു. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ട് ഗുരുവായൂരിലെ 137-ാം നമ്പർ ബൂത്തിലും. ദേവസ്വം ഹോസ്പിറ്റലിന് മുൻപുള്ള അച്യുതം അപ്പാർട്ട്‌മെന്റ് എന്ന വിലാസത്തിലാണ് വോട്ട് ചേർത്തത്. കുടുംബാംഗങ്ങളുടെ പേര് പട്ടികയിലില്ല.
ആറ് മാസം ഒരിടത്ത് സ്ഥിരതാമസമുണ്ടെങ്കിലേ വോട്ട് മാറ്റാവൂ. പക്ഷേ രണ്ട് മാസം മുൻപ് തിരുവനന്തപുരത്ത് വോട്ടിട്ട സുരേഷ് ഗോപി എങ്ങനെ ഗുരുവായൂരിൽ പേര് ചേർത്തെന്നാണ് കോൺഗ്രസ് നേതാവ് അനിൽ അക്കരയുടെ ചോദ്യം. സുരേഷ് ഗോപിക്ക് ഗുരുവായൂരിൽ വോട്ടുണ്ടെന്ന വിവരവും അനിൽ ഫേസ്ബുക്കിലൂടെ പങ്കുവച്ചു.
'ഗുരുവായൂരപ്പനെ സേവിക്കാൻ ദേവസ്വം ചെയർമാനാകണം"
'ഗുരുവായൂർ ദേവസ്വം ചെയർമാനാകണം, ഗുരുവായൂരപ്പനെ സേവിച്ച് മരിക്കണ"മെന്ന് സുരേഷ് ഗോപി പറഞ്ഞതിന് പിന്നാലെ 'ഗുരുവായൂരിലെ വോട്ടും" ട്രോളായി. 2021 നിയമസഭാ തിരഞ്ഞെടുപ്പിനും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനും ശാസ്തമംഗലത്തായിരുന്നു അദ്ദേഹത്തിന്റെ വോട്ട്. 2024ൽ തൃശൂരിലേക്ക് മാറ്റും മുൻപു വരെയും വോട്ട് ശാസ്തമംഗലത്തായിരുന്നു. അതേസമയം വോട്ട് ചോരി വിവാദവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയും കുടുംബവും കൂട്ടമായി തൃശൂരിലേക്ക് വോട്ടു മാറ്റിയതിൽ കോൺഗ്രസ് നൽകിയ പരാതി തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിഗണനയിലാണ്. പുതിയ വോട്ടുമാറ്റവും കമ്മിഷന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് അനിൽ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |