
മംഗളവാദ്യത്തോടെ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് തുടക്കമായി.
ദേവിയെ കാപ്പുകെട്ടി കുടിയിരുത്തി, മുന്നിലെ പാട്ടുപുരയിൽ തോറ്റംപാട്ടു തുടങ്ങി. ഇന്നലെ വൈകിട്ട് 5.30ന് കാപ്പുകെട്ടി കുടിയിരുത്തുന്ന ചടങ്ങുകളോടെ തുടങ്ങിയ ഉത്സവത്തിന് പൂർണതയേകുന്ന ആറ്റുകാൽ പൊങ്കാല മാർച്ച് 3ന് നടക്കും.
ആത്മസമർപ്പണമായി ആറ്റുകാലമ്മയ്ക്കു മുന്നിൽ അർപ്പിക്കുന്ന പൊങ്കാലയിലൂടെ കോടികണക്കിന് പ്രാർത്ഥനകൾ തിളച്ചു മറിയും. ഭക്തലോകത്തിന്റെ ശ്രദ്ധ അനന്തപുരിയിലേക്ക് കേന്ദ്രകരിക്കും. ആരാണ് ആറ്റുകാലമ്മ?
പൊങ്കാലയ്ക്കെത്തുന്നവർക്കെല്ലാം അവരെ ആറ്റുകാലമ്മയുമായി ബന്ധപ്പെടുത്തുന്ന അനുഭവമോ അടുപ്പമോ ഉണ്ടാകും. അവരെ സംബന്ധിച്ചിടത്തോളം അമ്മേ എന്നു വിളിച്ചാൽ വിളിപ്പുറത്തുണ്ട്, ആറ്റുകാലമ്മ.
എല്ലാ സങ്കടങ്ങളും കേൾക്കുന്ന അമ്മ. ആറ്റുകാൽ ദേവി അനുഗ്രഹം ചൊരിയുന്നത് മാതൃഭാവത്തിലാണ്. പൊങ്കാലയ്ക്ക് പണ്ടാര അടുപ്പിൽ അഗ്നിജ്വലിക്കുന്ന നേരം മുന്നിലെ അടുപ്പിൽ തീ പകരുമ്പോഴേക്കും വായ്ക്കുരവയ്ക്കൊപ്പം ലക്ഷലക്ഷം കണ്ഠങ്ങളിൽ നിന്ന്'അമ്മേ..."എന്നൊരു വിളി കേൾക്കാം. നാടാകെ കാറ്റായി പടരുന്ന വിളി. ഓരോ ഉടലും കോരിത്തരിക്കും, പൊങ്കാല കലത്തിലെ തിളയ്ക്കുന്ന വെള്ളത്തിലേക്ക് അരിമണികൾ അർപ്പിക്കുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകും. ലോകത്ത് മറ്റെവിടെയുണ്ട് ഇത്തരമൊരു ആരാധന!
ദേവിക്കു മുന്നിൽ ജാതിഭേദമില്ല. സർവരും തുല്യർ. താൻ കൊടുങ്ങല്ലൂർ ആസ്ഥാനത്ത് കുടിയിരിക്കുമ്പോൾ മുരശ് കൊട്ടാൻ വരണമെന്നും കൊടിക്കൂറ കൊണ്ടുവരണമെന്നും പാണന് അവകാശം കൊടുത്തവളാണ് ദേവി. ചെറുമണ്ണാന്റെ കയ്യിൽ നിന്നു മാറ്റ് വാങ്ങിയാണ് ഭർത്താവിന്റെ ശവക്കച്ച കെട്ടിയത്. അതിനു പകരം, നീ എന്റെ കഥ തോറ്റംപാട്ടായി പാടണമെന്നും, നീ വിളിച്ചാൽ ആ കഥ കേൾക്കാൻ ഞാൻ വരുമെന്നും പറയുന്നവളാണ് ദേവി.
ചിലപ്പതികാരം രചിക്കപ്പെടുന്നതിനു മുമ്പേ വായ്മൊഴിയായി കൈമാറി വന്നതാണ് തോറ്റംപാട്ട് എന്നാണ് ഇതുസംബന്ധിച്ച് ഗവേഷണം നടത്തിയവരുടെ അനുമാനം. ചിലപ്പതികാരം എഴുതിയ ഇളംകോഅടികൾ അന്ന് പ്രചാരത്തിലുണ്ടായിരുന്ന തോറ്റംപാട്ട് കേട്ടു മനസിലാക്കിയിരിക്കണം. പ്രമേയത്തിലെ സാമ്യമാണ് കാരണം. തോറ്റംപാട്ട് വായ്മൊഴിയായി കൈമാറി വന്നതുകൊണ്ടു തന്നെ കാലത്തിനനുസരിച്ച് പാട്ടിലെ ഭാഷയ്ക്കും വ്യത്യാസം ഉണ്ടായിട്ടുണ്ട്.
സുഹൃത്തും സംഘകൃതിയായ മണിമേഖലയുടെ കർത്താവുമായ കുലവാണികൻ ചാത്തനാരിൽനിന്നാണ് ഇളംകോ അടികൾ കണ്ണകീചരിതം അറിയുന്നത്. മധുരയിൽ താമസിച്ചിരുന്ന ദമ്പതിമാരാണ് കോവലനും കണ്ണകിയും. (ഗോപാലനാണ് കോവലനെന്ന് ഉള്ളൂർ എസ്. പരമേശ്വരയ്യർ). നിത്യവൃത്തിക്കു വഴിയില്ലാതെ കോവലൻ കണ്ണകിയുടെ നിർബന്ധപ്രകാരം കാൽച്ചിലമ്പ് വിൽക്കാൻ കൊണ്ടുപോയി. മധുരയിലെ സ്വർണ വില്പനക്കാരൻ തന്റെ കള്ളം മറച്ചുവയ്ക്കാൻ രാജ്ഞിയുടെ ചിലമ്പ് മോഷ്ടിച്ചതായി ചിത്രീകരിച്ച് കോവലനെ രാജാവിനു മുന്നിലെത്തിക്കുന്നു. പാണ്ഡ്യരാജാവ് മോഷണക്കുറ്റം ചുമത്തി കോവലനെ വധിക്കുന്നു.
ഭർത്താവിന്റെ മരണവാർത്തയറിഞ്ഞ കണ്ണകി സംഹാരരുദ്രയായി. ഇടതുമുല വലംകൈകൊണ്ട് പറിച്ചെടുത്ത് അഗ്നിയെ സൃഷ്ടിച്ചു. ആ തീയിൽ പാണ്ഡ്യ രാജധാനിയായ മധുരാനഗരം വെന്തുചാമ്പലായി. പിന്നീട് വൈഗയാറ് കടന്ന് കണ്ണകി കേരളത്തിലേക്ക് വന്നുവെന്നും, ആദ്യം ആറ്റുകാലിലും പിന്നീട് കൊടുങ്ങല്ലൂരിലും ദേവീരൂപം പ്രാപിച്ചെന്നുമാണ് വിശ്വാസം.
തിരിച്ചടികളെ ഉഗ്രമായി നേരിടുന്ന ദേവിയാണ് തോറ്റംപാട്ടിൽ നിറയുന്നത്. ഒരു സാധാരണ സ്ത്രീയുടെ കഥയാണ് പാട്ടിന്റെ അഞ്ചാം ദിവസം വരെ. പിന്നെ തിരിച്ചടികളെ ഉഗ്രമായി നേരിടുന്ന ശക്തിസ്വരൂപിണിയായി മാറുന്നു.
ഭദ്രകാളിയും കണ്ണകിയും ഭക്തരെ സംബന്ധിച്ചിടത്തോളം മഹാശക്തിയുടെ രണ്ട് നാമങ്ങൾ മാത്രം. കാളിയുടെ ഭർത്താവാകുന്ന വടക്കുംകൊല്ലം രാജാവിന്റെ പുത്രൻ പാലകരുടെ ജനനത്തോടെയാണ് തോറ്റംപാട്ടിലെ കഥയുടെ തുടക്കം. പാലകരുടെ വളർച്ചയും വിവാഹ അന്വേഷണവും, ദേവിയുടെ വിവാഹം, ദമ്പതികളുടെ യാത്ര, പാണ്ഡ്യനാട്ടിലേക്കുള്ള പാലകരുടെ യാത്ര എന്നീ സംഭവങ്ങൾക്കുശേഷം ആറാം ദിവസം മുതലാണ് കഥ മാറുന്നത്. പാണ്ഡ്യ രാജ്ഞിയുടെ ചിലമ്പാണ് പാലകൻ (കോവലൻ) മോഷ്ടിച്ചു കൈവശം വച്ചിരിക്കുന്നതെന്ന് രാജാവിനെ അറിയിച്ച് സ്വർണപ്പണിക്കാരൻ ചതിക്കുന്നതും കോവലനെ വധിക്കണമെന്ന രാജാവിന്റെ തീരുമാനം നടപ്പിലാക്കുന്നതുമാണ് ആറുദിവസങ്ങളിലായി വിവരിക്കുന്നത്.
ഏഴാം നാളിൽ 'ഒരു കണ്ണു കൊണ്ടു കൊല്ലാനും മറുകണ്ണു കൊണ്ട് തോറ്റാനും കഴിവുള്ള ഭദ്രകാളി" എന്ന ദേവിയുടെ മുന്നറിയിപ്പ് ശരിയായി ഭവിക്കുന്നു. ഭർത്താവിന് പരമേശ്വരന്റെ അനുഗ്രഹത്തോടെ ജീവൻ നൽകുന്നു. ശേഷമാണ് പ്രതികാര ദുർഗയായി ഉയിർത്തെഴുന്നേൽക്കുന്നത്. ആദ്യം തട്ടാൻ. എട്ടുദിക്കും പൊട്ടുമാറുച്ചത്തിൽ ദേവിയുടെ ആക്രോശം! നാല് നല്ലമുളക് ചവച്ചും ബാക്കി മൂന്നു മുളക് വസൂരി വിത്തുകളായി വാരിയെറിഞ്ഞുമാണ് രൗദ്രതാണ്ഡവം! പള്ളിവാൾ കൊണ്ട് ചതിയന്റെ കുലത്തിന്റെയാകെ ഉയിരെടുക്കുന്നു. തന്റെ പാദത്തിൽ കിടത്തി, അസത്യം പറഞ്ഞ തട്ടാന്റെ നാവ് ദേവി പള്ളിവാളിനാൽ അരിഞ്ഞെടുക്കുന്നതായാണ് തോറ്റംപാട്ടിൽ വിവരിക്കുന്നത്.
ഇനി പാണ്ഡ്യ രാജാവ്. പൊങ്കാല നാളിലാണ് ആ പകരം വീട്ടൽ. രോഷാഗ്നിയിൽ ഒറ്റച്ചിലമ്പുമായി കണ്ണകി രാജാവിനടുത്തേക്ക് പാഞ്ഞടുക്കുന്ന ശില്പം ആറ്റുകാൽ ക്ഷേത്രത്തിലുണ്ട്.
ദേവി പാണ്ഡ്യരാജാവിന്റെ കഥകഴിക്കുന്നത് പാടിക്കഴിയുമ്പോഴേക്കും ക്ഷേത്രത്തിൽ പൊങ്കാല അടുപ്പിൽ അഗ്നി ജ്വലിച്ചുയരും. പൊങ്കാല അടുപ്പുകളിൽ നിവേദ്യങ്ങൾ തയ്യാറാക്കി സ്ത്രീകൾ കൈകൂപ്പി അമ്മയായ ദേവിയെ സ്തുതിക്കുമ്പോൾ, തോറ്റംപാട്ടിൽ ശാന്തസ്വരുപിണിയായ ദേവിയുടെ മടക്കയാത്രയാണ്.
ആറ്റുകാൽ ക്ഷേത്ര നടയിൽ ഇപ്പോൾ തോറ്റം പാട്ട് അവതരിപ്പിക്കുന്നത് മണക്കാട് കല്ലടിമുഖം കുന്നത്ത് വീട്ടിൽ മധു ആശാന്റെ (59) നേതൃത്വത്തിലാണ്. പാരമ്പര്യമായാണ് ഈ അവകാശം മധു ആശാന് ലഭിച്ചത്. അപ്പൂപ്പൻ കൊച്ചനാശാൻ, അച്ഛൻ ഗോവിന്ദനാശാൻ എന്നിവരാണ് മുൻ തലമുറയിൽ ക്ഷേത്ര നടയിൽ തോറ്റംപാട്ട് അവതരിപ്പിച്ചിരുന്നത്. തോറ്റംപാട്ട് കേട്ടുതന്നെ പഠിക്കണം. ഗോവിന്ദനാശാനിൽ നിന്ന് 12 വർഷം തുടർച്ചയായി കേട്ടാണ് താൻ പഠിച്ചതെന്ന് മധു ആശാൻ പറയുന്നു.
അത്ഭുതമാകാൻ കണ്ണകി ശില്പം ഉയരും
ലോകത്തിലെ ഏറ്റവും വലിയ കണ്ണകി ശില്പം ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിനു മുന്നിൽ ഉയരും.
പുളിങ്കുടി ആഴിമല ശിവക്ഷേത്ര സന്നിധിയിൽ രാജ്യത്തെ ഏറ്റവും വലിപ്പമുള്ള ഗംഗാധരേശ്വര ശില്പം നിർമ്മിച്ച ദേവദത്തനാണ് കണ്ണകി ശില്പവും ഒരുക്കുക. ഗംഗാധരേശ്വര ശില്പത്തിന്റെ ഉയരം 58 അടിയാണ്. 60 അടി ഉയരത്തിലാണ് ഒറ്റച്ചിലമ്പുമായി സംഹാരരുദ്രയായി നിൽക്കുന്ന കണ്ണകിയുടെ ശില്പം നിർമ്മിക്കുക.
ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനു ശേഷം കോൺക്രീറ്റിൽ ശില്പ നിർമ്മാണം ആരംഭിക്കും. 225 ദിവസം കൊണ്ട് പൂർത്തിയാക്കുകയാണ് ലക്ഷ്യം. 3.5 കോടി രൂപ ചെലവഴിച്ചാണ് ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ് ശില്പം നിർമ്മിക്കുന്നത്. മണ്ണ് പരിശോധന കഴിഞ്ഞു. ലോഡ് ടെസ്റ്റിന്റെ ഫലം വരാനുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |