
ആധുനിക കേരളത്തിന്റെ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടേണ്ട രണ്ടു ദിനങ്ങളാണ് നമ്മുടെ മുന്നിലുള്ളത്- ലൈഫ് മിഷൻ മുഖേന പത്തുവർഷത്തിനുള്ളിൽ അഞ്ചുലക്ഷം വീടുകൾ പൂർത്തീകരിച്ചെന്ന പ്രഖ്യാപനവും, മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടലിൽ സർവവും നഷ്ടപ്പെട്ടവർക്കായി കൽപ്പറ്റയിൽ സർക്കാർ നിർമ്മിച്ച ടൗൺഷിപ്പിന്റെ ഉദ്ഘാടനവും. ഇവ രണ്ടും കേവലമായ ചടങ്ങുകളല്ല; മനുഷ്യന്റെ അതിജീവനത്തെയും ജീവനോപാധികളെയും ഉറപ്പാക്കുന്ന സാമൂഹിക ഇടപെടലുകളുടെ സാക്ഷാത്കാരമാണ്.
സ്വന്തമായി ഒരു തുണ്ട് ഭൂമിയും, അതിൽ സുരക്ഷിതമായ വീടും എന്നത് സാധാരണക്കാരുടെ ഏറ്റവും വലിയ സ്വപ്നമാണ്. അത് യാഥാർത്ഥ്യമാക്കാനുള്ള ശ്രമങ്ങളുടെ ഏകോപിതമായ രൂപം എന്ന നിലയിലാണ് 2017-ൽ സംസ്ഥാന സർക്കാർ ലൈഫ് മിഷൻ ആരംഭിച്ചത്. അഞ്ചുലക്ഷം വീടുകൾ എന്ന അഭിമാന സംഖ്യയിൽ നേട്ടം എത്തുമ്പോൾ എണ്ണപ്പെടുന്നത് ചുവരുകളും മേൽക്കൂരകളുമല്ല; ഇരുപതു ലക്ഷത്തിലധികം മനുഷ്യരുടെ ജീവിതമാണ്.
മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ മനുഷ്യ നിസഹായതയുടെ ആഴം കാണിച്ച ദുരന്തമായിരുന്നു. പ്രകൃതിയുടെ ഹിംസാത്മകതയിൽ എല്ലാം നഷ്ടപ്പെട്ടവരുടെ കണ്ണുനീർ നമ്മുടെയാകെ വേദനയായി. ഇന്ന് കൽപ്പറ്റ പട്ടണത്തിനു സമീപം ഉയർന്ന ടൗൺഷിപ്പ് സാങ്കേതികമായി ഒരു കെട്ടിട സമുച്ചയമാണെന്ന് വിശേപ്പിക്കാമെങ്കിലും, 'ആരും ഒറ്റക്കല്ല" എന്ന സമൂഹത്തിന്റെ ഉറച്ച വാക്കാണ് അത്. ദുരന്തനിവാരണവും പുനരധിവാസവും വെറും അടിയന്തര സഹായമായി ഒതുങ്ങാതെ, മാന്യമായ ജീവിതത്തിലേക്കുള്ള പൂർണ പുനഃപ്രവേശനമാകണം എന്ന തീരുമാനത്തിന്റെ പ്രായോഗിക രൂപമാണ് അത്.
ലൈഫ് ഭവന
പദ്ധതി
സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതിയാണ് ലൈഫ് മിഷൻ. 2026 ഫെബ്രുവരി 21 വരെ 6,04,046 കുടുംബങ്ങൾക്ക് ഈ പദ്ധതിയിലൂടെ ഭവനനിർമ്മാണ ധനസഹായം അനുവദിച്ചു. ഇതിൽ അഞ്ചു ലക്ഷത്തിലധികം വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനമാണ് ഇന്നു നടക്കുന്നത്. സ്വതന്ത്രമായ വീടുകൾക്കു പുറമെ ഭവന സമുച്ചയങ്ങളും പദ്ധതിയിൽ ഉൾപ്പെടുന്നു. നാല് ഭവനസമുച്ചയങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചു. ഒരു ഭവനസമുച്ചയം വിലയ്ക്കു വാങ്ങി ഗുണഭോക്താക്കൾക്ക് കൈമാറി. 10 ഭവനസമുച്ചയങ്ങളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിൽ പുരോഗമിക്കുന്നു.
ഇതിനുപുറമെ, തദ്ദേശ സ്ഥാപനങ്ങൾ/സന്നദ്ധ സംഘടനകൾ, പാർട്ട്ണർഷിപ്പ്/ സ്‌പോൺസർഷിപ്പ് എന്നിവയിലൂടെ 13 ഭവനസമുച്ചയങ്ങളുടേ നിർമ്മാണം പൂർത്തിയാക്കി ഭൂരഹിത ഭവനരഹിതർക്ക് കൈമാറിയിട്ടുണ്ട്. സർക്കാർ ആരംഭിച്ച 'മനസ്സോടിത്തിരി മണ്ണ്" ക്യാമ്പയിന്റെ ഭാഗമായി 29.20 ഏക്കർ ഭൂമി തദ്ദേശ സ്ഥാപനങ്ങൾക്ക്/ ഗുണഭോക്താക്കൾക്ക് രജിസ്റ്റർ ചെയ്ത് നൽകി. ഇതിന്റെ ഭാഗമാകുന്നതിന് നിരവധി സംഘടനകളും സുമനസുകളും സന്നദ്ധത പ്രകടിപ്പിച്ച് മുന്നോട്ടു വന്നിട്ടുമുണ്ട്.
കല്പറ്റ മാതൃകാ
ടൗൺഷിപ്പ്
വയനാട് ജില്ലയിലെ മുണ്ടക്കൈ – ചൂരൽമല മേഖലയിൽ ഉണ്ടായ ഉരുൾപൊട്ടൽ ലോക മനസ്സാക്ഷിയെ ഞെട്ടിച്ച ദുരന്തമായിരുന്നു. നാടു മുഴുവൻ കൈകോർത്ത രക്ഷാപ്രവർത്തനങ്ങൾക്കു പിന്നാലെ പുനരധിവാസം എന്ന ദൗത്യം സർക്കാർ ഏറ്റെടുത്തു. ദുരന്തബാധിതർക്കു സുരക്ഷിതവും മാന്യവുമായ ജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കൽപ്പറ്റയിലെ എൽസ്റ്റൺ എസ്‌റ്റേറ്റിൽ മാതൃകാ ടൗൺഷിപ്പ് പടുത്തുയർത്തുകയാണ്. കഴിഞ്ഞ വർഷം മാർച്ച് 27-ന് തറക്കല്ലിട്ട ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം ഈ മാർച്ച് ഒന്നിന് നടക്കുകയാണ്.
64.47 ഹെക്ടർ ഭൂമിയിൽ ഉയർന്നുവരുന്ന ഈ ടൗൺഷിപ്പിൽ ആകെ 410 വീടുകളാണ് നിർമിക്കുന്നത്. ഇതിൽ 178 വീടുകൾ പൂർത്തിയായി. മുഴുവൻ വീടുകളുടെയും പണി തീരുന്നതോടെ 1662-ലധികം ആളുകൾക്ക് സുരക്ഷിത കിടപ്പാടം ലഭ്യമാകും. എന്നാൽ ഇത് വെറും വീടുകളുടെ സമുച്ചയം മാത്രമല്ല. പൊതുറോഡുകൾ, ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്മ്യൂണിറ്റി സെന്ററുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ സമഗ്ര പാർപ്പിട പദ്ധതിയാണ്. ഇവിടെ നിർമ്മിക്കുന്ന വീടുകൾ ചെറിയ ഭൂകമ്പങ്ങളെ പ്രതിരോധിക്കുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
വീടുകൾ നിർമ്മിച്ചു നൽകുന്നതിൽ ഒതുങ്ങുന്നതല്ല പുനരധിവാസ പ്രവർത്തനമെന്ന് സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ദുരന്തത്തിൽ ഉപജീവനമാർഗം നഷ്ടപ്പെട്ടവർക്കായി പ്രത്യേക പാക്കേജ് ഉറപ്പാക്കി. കടമുറികൾ നഷ്ടപ്പെട്ടവർക്ക് ഏഴുലക്ഷം രൂപ വീതവും ഒന്നിൽ കൂടുതൽ കടമുറികൾ നഷ്ടമായാൽ അധികമുള്ള ഓരോ മുറിക്കും രണ്ടര ലക്ഷം രൂപ വീതവും അനുവദിക്കുന്നു. സംരംഭകർക്കുണ്ടായ നഷ്ടത്തിന്റെ 50 ശതമാനം വരെ നഷ്ടപരിഹാരം നൽകും. മാനുഫാക്ചറിംഗ് മേഖലയിൽ പരമാവധി 20 ലക്ഷം രൂപ, സർവീസ് മേഖലയിലാണെങ്കിൽ 10 ലക്ഷം രൂപ, ട്രേഡ് മേഖലയിലാണെങ്കിൽ ഏഴു ലക്ഷം രൂപ എന്നിങ്ങനെയാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നാണ് ഈ തുക മുഴുവനും അനുവദിക്കുന്നത്.
ദുരന്തബാധിതരുടെ കടബാദ്ധ്യതയും സർക്കാർ ഏറ്റെടുത്തു. 155 കുടുംബങ്ങളുടെ 1620 വായ്പകൾ ഏറ്റെടുത്തു. ഇതിന് ഏകദേശം 18.75 കോടി രൂപ ചെലവായി. കേന്ദ്ര സർക്കാർ കടബാദ്ധ്യത എഴുതിത്തള്ളാൻ കഴിയില്ലെന്ന നിലപാട് എടുത്തപ്പോഴും സംസ്ഥാന സർക്കാർ നിസംഗമായി നിന്നില്ല. കേരള ബാങ്ക് നേരത്തേ തന്നെ വായ്പകൾ എഴുതിത്തള്ളിയിരുന്നു. അതിനു പുറമെയുള്ള കടങ്ങൾ തീർക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നാണ് തുക കണ്ടെത്തിയത്. ഒരു സർക്കാർ എന്തിനാണ് നിലനിൽക്കുന്നത് എന്ന ചോദ്യത്തിന്റെ ഉത്തരം ഈ രണ്ട് നേട്ടങ്ങളിലും കാണാം.
ഈ ചരിത്ര നിമിഷം സർക്കാരിന്റെ മാത്രം നേട്ടമല്ല. രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്ന ഓരോ കൈയും, പുനരധിവാസത്തിനായി അകമഴിഞ്ഞു സഹായം നൽകിയ ഓരോ മനസും ചേർന്നുണ്ടാക്കിയ മഹാ നേട്ടമാണ്.
ദുരന്തത്തെ അതിജീവിച്ചും വേദനയെ ശക്തിയാക്കി മാറ്റിയും മുന്നേറുന്ന നമ്മുടെ നാടിന്റെ യാത്ര, ഒറ്റക്കെട്ടായി നാം തീർത്ത ഒരു 'റിയൽ കേരള സ്‌റ്റോറി"യാണ്. അത് ലോകത്തിനു മുന്നിൽ ഒരു മാതൃകയായി ഉയർന്നുനിൽക്കും. മനുഷ്യസ്‌നേഹവും ഉത്തരവാദിത്വവും ചേർന്നാൽ ഒരു സമൂഹത്തിന് എത്ര ഉയരത്തിൽ എത്താനാകുമെന്നതിനു തെളിവായി അത് തിളങ്ങി നിൽക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |