SignIn
Kerala Kaumudi Online
Wednesday, 25 February 2026 3.57 AM IST

 കാലിക്കറ്റ് സർവകലാശാലയിൽ വൻക്രമക്കേട് പഴഞ്ചൻ സിലബസ്, തോറ്റവർക്കും ബിരുദം

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി സി.എ.ജി. 45കോഴ്സുകളിൽ 25ന്റെയും സിലബസ് യു.ജി.സി മാനദണ്ഡപ്രകാരം പരിഷ്കരിച്ചിട്ടില്ലെന്നും പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർത്ഥിക്കും ബിരുദ സർട്ടിഫിക്കറ്റ് നൽകിയെന്നും കണ്ടെത്തി. ഫാഷൻ ടെക്നോളജിയിൽ ആറാംസെമസ്റ്ററിലെ പേപ്പർ പരാജയപ്പെട്ട കുട്ടിക്കാണ് സർട്ടിഫിക്കറ്റ് നൽകിയത്. ബി.എ എൽഎൽ.ബി, ബി.എ, ബി.എസ്‌സി, ബി.കോം, എം.കോം എം.എ, എം.എസ്‌സി കോഴ്സുകളുടെ സിലബസും കാലാകാലങ്ങളിൽ പരിഷ്കരിച്ചിട്ടില്ല. 119ബോർഡ് ഒഫ് സ്റ്റഡീസുകളിൽ ഒന്നിൽപ്പോലും വ്യവസായികൾ, സംരംഭകർ, വിദ്യാർത്ഥികൾ എന്നിവരെ ഉൾപ്പെടുത്തിയില്ല. 2021- 21ൽ നടത്തിയ യു.ജി.സി അംഗീകൃതമല്ലാത്ത വിദൂര വിദ്യാഭ്യാസ കോഴ്സുകൾ 32,651 വിദ്യാർത്ഥികളെ ബാധിച്ചു. ക്രമവിരുദ്ധമായ അദ്ധ്യാപക സ്ഥാനക്കയറ്റങ്ങളിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. ബ്രിട്ടീഷ് പൗരത്വമുള്ള അദ്ധ്യാപകൻ കൈപ്പറ്റിയ 18.91 ലക്ഷം രൂപ തിരിച്ചുപിടിക്കാനായില്ല.

പിഎച്ച്.ഡി പ്രവേശനത്തിൽ മാനദണ്ഡം പാലിച്ചില്ല. ഫണ്ട് ലഭിച്ചിട്ടും 145 ഗവേഷകരിൽ 41പേർ പ്രബന്ധം നൽകിയില്ല. സ്ഥാനക്കയറ്റത്തിന് യു.ജി.സി മാനദണ്ഡം പാലിക്കുന്നില്ല. പൂൾ ഓഫീസർ, സീനിയർ ഇലക്ട്രീഷ്യൻ, പമ്പ് ഓപ്പറേറ്റർ ഹയർ ഗ്രേഡ് തുടങ്ങിയ സർക്കാർ നിറുത്തിയ തസ്തികകളിലേക്കും സ്ഥാനക്കയറ്റം നൽകുന്നു. അഫിലിയേറ്റഡ് കോളേജുകളിൽ പരിശോധനകളില്ല. ഗുണനിലവാരം ഉറപ്പാക്കാനുള്ള ആഭ്യന്തര സെല്ലിന്റെ പ്രവർത്തനം കാര്യക്ഷമമല്ല. സാങ്കേതിക സർവകലാശാല നിലവിൽ വന്നിട്ടും സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് നടത്തുന്നത് സർക്കാർ ഉത്തരവിന്റെ ലംഘനമാണ്. വിദ്യാർത്ഥികൾ ബി.എസ്‌സി പ്രിന്റിംഗ് ടെക്നോളജി കോഴ്സ് പൂർത്തിയാക്കിയത് 8വർഷമെടുത്താണ്. വാർഷിക കണക്കുകൾ തയ്യാറാക്കുന്നതിൽ 3വർഷം വരെ കാലതാമസമുണ്ടാവുന്നെന്നും സി.എ.ജി കണ്ടെത്തി.

അടിമുടി ഉടായിപ്പ്

കൃത്യസമയത്ത് അക്കൗണ്ടുകൾ തീർപ്പാക്കാത്തതിനാൽ യു.ജി.സിയിൽ നിന്നുള്ള 2.37കോടി രൂപ സർവകലാശാലയ്ക്ക് ലഭിച്ചില്ല. ഏഴാം ശമ്പള കമ്മിഷൻ കുടിശിക വിതരണം ചെയ്യാത്തതിനാൽ 8.79കോടിയുടെ കേന്ദ്രസഹായം നഷ്ടമായി.

സർവകലാശാലയുടെ സ്റ്റഡി സെന്ററുകൾ നഷ്ടത്തിൽ. പെൻഷൻ ഫണ്ടിനായി 141.08കോടി സ്ഥിരനിക്ഷേപം നീക്കി വച്ചിരുന്നെങ്കിലും ഇതുവരെ ഫണ്ട് രൂപീകരിച്ചിട്ടില്ല.

വൈദ്യപരിശോധനയ്ക്കായി വിദ്യാർത്ഥികളിൽ നിന്ന് 63,760രൂപ പിരിച്ചെടുത്തെങ്കിലും ഒരാൾക്കും പരിശോധന നടത്തിയില്ല. കരാർ നിയമനങ്ങൾ ആകെ അദ്ധ്യാപകരുടെ പത്ത് ശതമാനത്തിലേറെയാവരുതെന്ന യു.ജി.സി ചട്ടം പാലിച്ചില്ല.

വകുപ്പുകളിലും കേന്ദ്രങ്ങളിലും അഫിലിയേറ്രഡ് കോളേജുകളിലും നിശ്ചിത യോഗ്യതയില്ലാത്ത അദ്ധ്യാപകരുണ്ട്. സംവരണ വിഭാഗത്തിലെ ഒഴിവുകളിൽ നിയമനം നടത്തുന്നതിലും മെല്ലെപ്പോക്കാണ്. എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ച് നിയമം പാലിക്കാതെ കരാർ, ദിവസ വേതനക്കാരെ നിയമിക്കുന്നു.

പരീക്ഷകളിലും ക്രമക്കേട്

പരീക്ഷകളിൽ തിയറി പേപ്പറുകൾക്ക് അഡി. എക്സാമിനറും ചീഫ് എക്സാമിനറും നൽകുന്ന മാർക്കുകളിൽ 40ശതമാനം വരെ അന്തരം കണ്ടെത്തി. ഒബ്ജക്ടീവ് പരീക്ഷകളിലെ മാർക്കുകളിലും ഗണ്യമായ വ്യത്യാസം.

ബിരുദ, ബിരുദാനന്തര പരീക്ഷകളിൽ മോഡറേഷൻ നൽകാതെ നിരവധി വിദ്യാർത്ഥികൾ പരാജയപ്പെട്ടു. അധിക മോഡറേഷൻ നൽകി പരാജയപ്പെട്ടവരെ വിജയിച്ചതായി പ്രഖ്യാപിച്ചു.

അനുവദനീയമായ പരമാവധി പരിധിയിലേറെ ഇന്റേണൽ, എക്സ്‌റ്റേണൽ മാർക്കും ഹാജരില്ലാത്തവർക്ക് പരമാവധി ഇന്റേണൽ മാർക്കും നൽകുന്നു.

പരീക്ഷാ നടത്തിപ്പ് 95ദിവസവും ഫലപ്രഖ്യാപനം 100ദിവസവും വൈകി. ഹോസ്റ്റലുകളിൽ മതിയായ സുരക്ഷാ സംവിധാനങ്ങളില്ല. ആറ് സഹകരണ സംഘങ്ങളും രണ്ട് അക്കാഡമിക് ചെയറുകളും അനധികൃതമായി കൈവശം വച്ചിട്ടുള്ള 105.7സെന്റ് ഭൂമി തിരിച്ചുപിടിച്ചില്ല.

TAGS: CALICUT UNI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.