SignIn
Kerala Kaumudi Online
Wednesday, 25 February 2026 4.57 AM IST

ഒഴിവാക്കാമായിരുന്ന കെട്ടിട ദുരന്തം

Increase Font Size Decrease Font Size Print Page
s

സംസ്ഥാനത്ത് സംഭവിക്കുന്ന ചില ദുരന്തങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്ന് തക്കസമയത്ത് നടപടികൾ ഉണ്ടായിരുന്നെങ്കിൽ ഒഴിവാക്കാവുന്നതാണ്. അത്തരമൊരു ദുരന്തമാണ് മലബാറിൽ നടന്നതും നാലുപേരുടെ ജീവനെടുത്തതും. മലബാറിലെ പ്രധാന വ്യാപാര കേന്ദ്രമായ വലിയങ്ങാടിയിൽ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ കോൺക്രീറ്റ് ബീമും സൺഷെയിഡും തകർന്നുവീണാണ് മൂന്ന് ചുമട്ടുതൊഴിലാളികൾക്കും ഒരു ലോറി ഡ്രൈവർക്കും ജീവൻ നഷ്ടപ്പെട്ടത്. രാവിലെ പതിനൊന്നു മണി കഴിഞ്ഞാണ് അപകടം നടന്നത്. താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന ഗാമ എന്റർപ്രൈസസ് ഗോഡൗണിനു മുൻവശത്ത്, ചരക്ക് കയറ്റുന്നതിന്റെ ഭാഗമായി ഗെയിറ്റ് പാസ് ക്രമീകരിക്കുന്നവരാണ് മരണമടഞ്ഞത്. ഈ കെട്ടിടം ദുർബലമാണെന്നും നടപടിയെടുക്കണമെന്നും നേരത്തേ ആവശ്യമുയർന്നിരുന്നതാണ്. അര നൂറ്റാണ്ട് പഴക്കമുള്ളതാണ് കെട്ടിടം. ഇത് പൊളിച്ചുമാറ്റണമെന്ന് മൂന്നുവർഷം മുമ്പ് കോർപ്പറേഷൻ തീരുമാനമെടുത്തിരുന്നു എന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. എന്നാൽ ഇതുവരെ അത് നടപ്പിലായില്ല.

എന്തുകൊണ്ട് ഈ തീരുമാനം നടപ്പിലായില്ല,​ അഥവാ കെട്ടിടം പൊളിക്കുന്നതിന് എതിരായി ആരാണ് നീക്കം നടത്തിയത് എന്നതാണ് ആദ്യം അന്വേഷിക്കേണ്ടത്. കേരളത്തിലെ തിരക്കുള്ള വ്യാപാര കേന്ദ്രങ്ങളിൽ തദ്ദേശസ്ഥാപനങ്ങളുടെ വകയായി ഇത്തരം നിരവധി കെട്ടിടങ്ങളുണ്ട്. ഇതിൽ അര നൂറ്റാണ്ട് പൂർത്തിയാക്കിയവയ്ക്ക് കുറവൊന്നുമില്ല. ഇത്തരം കെട്ടിടങ്ങൾ എത്രയെണ്ണമുണ്ടെന്നതു സംബന്ധിച്ച് ഒരു ഓഡിറ്റിംഗ് ഈ അപകടത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ അടിയന്തരമായി നടത്തേണ്ടതാണ്. സർക്കാർ കെട്ടിടങ്ങളും സ്വകാര്യ കെട്ടിടങ്ങളും പഴക്കം ചെന്നതാണെങ്കിൽ പുതുക്കിപ്പണിഞ്ഞ് ബലം ഉറപ്പിക്കുകയോ പൊളിച്ചുകളയുകയോ വേണം. ഇങ്ങനെ പൊളിച്ചുനീക്കാൻ തീരുമാനിച്ചിട്ടുള്ള കെട്ടിടങ്ങളിൽ ഒരു കാരണവശാലും ഓഫീസുകൾ പ്രവർത്തിക്കാൻ അനുമതി നൽകരുത്.

വലിയങ്ങാടിയിലെ ഈ കെട്ടിടം അപ്പാടെ ഇടിഞ്ഞുവീണിരുന്നെങ്കിൽ ഒരു വലിയ ദുരന്തമായി അത് മാറുമായിരുന്നു. അപകടാവസ്ഥയിലായ കെട്ടിടങ്ങൾക്കു മുന്നിൽ അപായ മുന്നറിയിപ്പെങ്കിലും കുറഞ്ഞപക്ഷം സ്ഥാപിക്കേണ്ടതായിരുന്നു. റോഡ് വെട്ടിപ്പൊളിക്കുമ്പോഴും ഓടയുടെ മൂടി മാറ്റിയിടുമ്പോഴുമൊക്കെ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കണമെന്ന് പ്രോട്ടോകോളിൽ പറയുന്നുണ്ടെങ്കിലും അതൊന്നും പ്രായോഗികതലത്തിൽ ആരും നടപ്പിലാക്കാറില്ല. പലപ്പോഴും ഇത്തരം ദുരന്തങ്ങൾ സംഭവിച്ചുകഴിഞ്ഞതിനു ശേഷമാവും ഉത്തരവാദപ്പെട്ടവർ ഉണരുക എന്നത് ഇപ്പോൾ ഒരു നാട്ടുനടപ്പായിത്തന്നെ മാറിയിട്ടുണ്ട്! മുമ്പ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഭാഗമായ ഒരു പഴഞ്ചൻ കെട്ടിടം തകർന്നുവീണ്,​ രോഗിയായ

അമ്മയ്ക്ക് കൂട്ടിരിക്കാൻ വന്ന യുവതി ദാരുണമായി മരണപ്പെട്ട സംഭവമുണ്ടായിരുന്നു.

അന്ന്,​ ഇടിഞ്ഞുവീണ കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കി,​ രക്ഷാപ്രവർത്തനം നടത്തുന്നതിന് ജെ.സി.ബി എത്തിക്കാനുള്ള വഴിപോലും കാണാഞ്ഞ് അധികൃതർ ബുദ്ധിമുട്ടിയ രംഗം നമ്മൾ മറന്നിട്ടില്ല. കോഴിക്കോട്ട്,​ കഴിഞ്ഞ ദിവസം അപകടത്തിന് ഇടയാക്കിയ പഴഞ്ചൻ കെട്ടിടം പൊളിച്ചുനീക്കാൻ തീരുമാനിച്ചിട്ടുപോലും അതിനെ 'അൺഫിറ്റ്" ഗണത്തിൽപ്പെടുത്തിയിരുന്നില്ലത്രേ. അതുകൊണ്ടാണ് അവിടെ പ്രവർത്തിച്ചിരുന്ന കടകൾക്ക് ലൈസൻസ് പുതുക്കി നല്കിയിരുന്നത് എന്നും കേൾക്കുന്നു. പഴക്കംചെന്ന കെട്ടിടമെന്ന് അധികൃതർ ന്യായം പറയുമ്പോഴും അവിടെനിന്ന് ഒഴിയണമെന്ന് തങ്ങളോട് ആരെങ്കിലും ഒരിക്കൽപ്പോലും ആവശ്യപ്പെട്ടിട്ടില്ലെന്നാണ് വ്യാപാരികൾ പറയുന്നത്! അപ്പോൾ കള്ളം പറയുന്നത് ആരാണ്?​ വീഴ്ച സംഭവിച്ചത് ആർക്കാണ്?​ ആരോഗ്യംരംഗത്തെ വീഴ്ചകളുടെ കാര്യത്തിൽ 'സിസ്റ്റം തകരാർ" എന്നു പറയുന്നവർ ഇവിടെയും അതുതന്നെ പറയുമോ?​ ദുരന്തത്തിന് ഇടയാക്കിയ വീഴ്ചകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുകയും,​ മുൻകരുതലുകൾ സ്വീകരിക്കുകയും വേണം. മാത്രമല്ല,​ ഈ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരത്തുക നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്.

TAGS: COLLAPSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.