
ആലപ്പുഴ: ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക മറന്നുവച്ച സംഭവത്തിൽ മൊഴിയെടുപ്പ് ഉൾപ്പെടെയുള്ള പൊലീസ് നടപടികൾ വൈകും. വിദഗ്ദ്ധ സമിതി റിപ്പോർട്ട് ലഭിച്ചശേഷം ബന്ധപ്പെട്ട ജീവനക്കാരുടെ മൊഴികൾ രേഖപ്പെടുത്താനാണ് അമ്പലപ്പുഴ ഡിവൈ.എസ്. പി രാജേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ തീരുമാനം. ഉഷാ ജോസഫ് ശസ്ത്രക്രിയയ്ക്ക് വിധേയയായ ദിവസം തീയറ്റർ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരിൽ നിന്നാണ് പൊലീസിന് മൊഴിയെടുക്കേണ്ടത്. ജീവനക്കാരുടെ വിവരങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പൊലീസ് ശേഖരിച്ചിട്ടുണ്ട്. മെഡിക്കൽ റെക്കാഡ് ലൈബ്രറിയിൽ നിന്ന് ലഭിച്ച ചികിത്സാ രേഖകളിലും ഉഷാജോസഫിന്റെ ഡിസ് ചാർജ് സമ്മറിയിലും പേരുള്ള ഡോക്ടർമാരുടെ മൊഴിയും ശേഖരിക്കേണ്ടതുണ്ട്. എന്നാൽ വിദഗ്ദ്ധ സമിതിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ മൊഴികൾ രേഖപ്പെടുത്തുന്നതാകും ഉചിതമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം റിപ്പോർട്ട് കാത്തിരിക്കുന്നത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് നിയോഗിക്കുന്ന ഡോക്ടർമാരെ ഉൾപ്പെടുത്തി രൂപീകരിച്ച ബോർഡ് വരുന്ന ആഴ്ചയിൽ യോഗം ചേർന്ന് സംഭവം വിലയിരുത്താനാണ് സാദ്ധ്യത.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |