
ഹൈറേഞ്ചിന്റെ ചരിത്രത്തിൽ ഇടം പിടിച്ച സംഭവമായിരുന്നു ബോളിവുഡ് താരവും ദീർഘദൂര ഓട്ടക്കാരനുമായ മിലിന്ദ് സോമന്റെ നേതൃത്വത്തിൽ മലയോര ഹൈവേയിൽ കുട്ടിക്കാനം മുതൽ ചപ്പാത്ത് വരെ സംഘടിപ്പിച്ച ഹിൽ ഹൈവേ റൺ. കിഫ്ബിയുടെ നേതൃത്വത്തിൽ മലയോര ഹൈവേയുടെ പ്രചാരണാർത്ഥം നടന്ന ഹിൽ ഹൈവേ റൺ കുട്ടിക്കാനം മരിയൻകോളേജ് ഗ്രൗണ്ടിൽ മന്ത്രി റോഷി അഗസ്റ്റിനാണ് ഫ്ളാഗ് ഓഫ് ചെയ്തത്. കുട്ടിക്കാനം മുതൽ ചപ്പാത്ത് വരെയുള്ള 20 കിലോമീറ്റർ ദൂരമാണ് മിലിന്ദ് ഓടിയത്. 22ന് രാവിലെ ഏഴിന് ആരംഭിച്ച റണ്ണിൽ നഗ്നപാദനായാണ് മിലന്ദ് സോമൻ ഇത്രയും ദൂരം പിന്നിട്ടത്. മന്ത്രി റോഷിയും ഹിൽ ഹൈവേ റണ്ണിൽ പങ്കാളിയായി. ചപ്പാത്ത് വരെ ഓടിയ ശേഷം തുറന്ന ജീപ്പിൽ ഇടുക്കി കവല വരെ മിലിന്ദ് സഞ്ചരിച്ചു. ചപ്പാത്തിൽ നിന്ന് തുറന്ന വാഹനം ഓടിച്ചത് മന്ത്രി റോഷി അഗസ്റ്റിനായിരുന്നു. കട്ടപ്പന ഇടുക്കി കവല മുതൽ കട്ടപ്പന മുനിസിപ്പൽ മിനി സ്റ്റേഡിയം വരെ വീണ്ടും റൺ തുടർന്നു. പൊലീസ്, മോട്ടോർ വാഹന വകുപ്പ്, സ്‌പോർട്സ് കൗൺസിൽ തുടങ്ങിയ വകുപ്പുകളുടെ ഏകോപനത്തോടെയാണ് റൺ സംഘടിപ്പിച്ചത്. പൂർണമായും ഹരിത പ്രോട്ടോക്കോൾ പാലിച്ചായിരുന്നു പരിപാടി.
കായിക താരങ്ങൾ, സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾ, വനിതാ ബൈക്ക് റൈഡർമാർ, സൈക്ലിങ്, സ്‌കേറ്റിങ് സംഘാംഗങ്ങൾ, ബുള്ളറ്റ് റൈഡർമാർ എന്നിവർ ഉൾപ്പെടെ ആയിരത്തിലധികം പേരാണ് ഹിൽ ഹൈവേ റണ്ണിൽ പങ്കെടുത്തത്. പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഹൈവേ റണ്ണിൽ ഓടിയ മിലിന്ദ് ആറ് വയസ് മുതൽ നീന്തൽ പരിശീലിച്ച വ്യക്തിയാണ്. 1984ലെ സൗത്ത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വെള്ളി മെഡൽ നേടിയിട്ടുണ്ട്. 30 ദിവസത്തിനുള്ളിൽ 1500 കിലോമീറ്റർ ഓടി ലിംക ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടിയിട്ടുണ്ട്. സ്‌പെയിനിൽ നടന്ന വിഷമമേറിയ അയൺ മാൻ ട്രയാത് ലൺ പൂർത്തിയാക്കിയിരുന്നു. ഇങ്ങനെയാണ് അയൺമാൻ എന്ന വിളിപ്പേര് വന്നത്. ഡൽഹിയിൽ നിന്ന് മുംബെയിലേക്ക് നഗ്നപാദനായി ഓടിയും ഈ 60കാരൻ ചരിത്രം രചിച്ചിട്ടുണ്ട്. 1995ൽ 'മെയ്ഡ് ഇൻ ഇന്ത്യ' എന്ന മ്യൂസിക് വീഡിയോയിലൂടെ അഭിനയ രംഗത്തും ശ്രദ്ധേയനായി. നിരവധി പരസ്യങ്ങളിലും ടി.വി പരമ്പരകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ചടങ്ങിൽ മലയോര ഹൈവേയുടെ ഭാഗമായ കുട്ടിക്കാനം- ചപ്പാത്ത് കട്ടപ്പന റോഡ് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് ഓൺലൈനായാണ് നാടിന് സമർപ്പിച്ചത്. വിശിഷ്ടാതിഥിയായ ബോളിവുഡ് നടൻ മിലിന്ദ് സോമൻ പറഞ്ഞത്,
ലോകത്തെ തന്നെ മികച്ച റോഡുകളിലൊന്നാണ് മനോഹരമായ ഇടുക്കിയിലെ ഈ റോഡെന്നാണ്. നഗ്നപാദനായാണ് ഹിൽഹൈവേ റണ്ണിൽ പങ്കെടുത്തത്. ഇവിടേക്ക് ഇനിയും വരും. മനോഹരമായ ഈ റോഡിന്റെ ഉദ്ഘാടനത്തിന് തന്നെയും ഭാഗമാക്കിയതിന് ഭരണകൂടത്തോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മലയോരം കാത്തിരുന്ന ഹൈവേ
മറ്റു ജില്ലകളിലെ റോഡ് വികസനം സാക്ഷാത്കരിക്കുമ്പോഴും ഇടുക്കിയ്ക്ക് മികച്ച പാതകൾ അന്യമായിരുന്നു. ഈ സാഹചര്യത്തിലാണ് മലയോര ഹൈവേ എന്ന ആശയം ഉടലെടുത്തത്. കോതമംഗലം, ദേവികുളം, ഉടുമ്പൻചോല, ഇടുക്കി, പീരമേട് മണ്ഡലങ്ങളിലൂടെ കടന്നപോകുന്ന മലയോര ഹൈവേ പൂർത്തിയാകുന്നതോടെ ജില്ലയുടെ വികസനത്തിന് മുതൽക്കൂട്ടാവും. കാർഷിക ഉത്പന്നങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട ചരക്കുനീക്കത്തിന് മലയോര ഹൈവേ ഏറെ സഹായകമാവും. ജില്ലയിൽ കുട്ടിക്കാനം മുതൽ പുളിയന്മല വരെ 40.050 കിലോമീറ്ററിലാണ് മലയോര ഹൈവേ. കിഫ്ബിയിൽ നിന്ന് 2017ൽ 235 കോടിയുടെ ഭരണാനുമതി ലഭിച്ചതിന് പിന്നാലെയാണ് നിർമ്മാണം ആരംഭിച്ചത്. പദ്ധതിയുടെ ആദ്യഘട്ടമായി കുട്ടിക്കാനം മുതൽ ചാപ്പത്ത് വരെയുള്ള ഭാഗവും തുടർന്ന് തൊട്ടടുത്ത മൂന്ന് ഘട്ടങ്ങളിലായി ചപ്പാത്ത് മുതൽ കട്ടപ്പന വരെയുള്ള ഭാഗവും പൂർത്തീകരിച്ചു. കട്ടപ്പന അമ്പലക്കവല മുതൽ പുളിയന്മല വരെയുള്ളതാണ് നാലാം ഘട്ടം. ആധുനിക സാങ്കേതിക വിദ്യയോട് കൂടിയ ബി.എം.ബി.സി നിലവാരത്തിൽ ഒമ്പത് മീറ്റർ വീതിയിൽ ടാറിങ്ങും ഇരുവശങ്ങളിലുമായി 1.50 മീറ്റർ വീതിയിൽ ഐറിഷ് ഓടയുമായിട്ടാണ് റോഡ് നിർമ്മാണം. റോഡുകളിൽ വെള്ളക്കെട്ടുള്ള ഭാഗങ്ങളിൽ ടൈൽ വിരിക്കൽ, ഡ്രൈനേജ് സംവിധാനം, കലുങ്ക് നിർമ്മാണം, സംരക്ഷണഭിത്തി നിർമ്മാണം, റോഡ് മാർക്കിംഗ്, ട്രാഫിക് സേഫ്റ്റി വർക്കുകൾ, ബസ് ഷെൽട്ടർ നിർമ്മാണം എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു. കുടിയേറ്റത്തിന് മുമ്പുതന്നെ പഴക്കമുള്ള ഇടുക്കി- ഉടുമ്പന്നൂർ റോഡ് ഉൾപ്പെടെ ദേവികുളം, ഉടുമ്പൻചോല, പീരമേട്, കോതമംഗലം, ഇടുക്കി മണ്ഡലങ്ങളിലെ ഒട്ടേറെ റോഡുകൾക്ക് മലയോര ഹൈവേ പുതുജീവനേകും. മലയോര ഹൈവേ പൂർത്തീകരിക്കുന്നതോടെ കാലങ്ങളായുള്ള ഹൈറേഞ്ച് നിവാസികളുടെ സ്വപ്നമാണ് പൂർത്തീകരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |