
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ ക്യാപ്റ്റനായി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയനെ സി.പി.എം പൊളിറ്റ് ബ്യൂറോ നിശ്ചയിച്ചതോടെ ഘടകകക്ഷികളുടെ സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണയവും പൂർത്തിയാക്കി വൈകാതെ എൽ.ഡി.എഫ് കളത്തിലിറങ്ങും. അതേസമയം, കോൺഗ്രസിൽ യൂത്ത് കോൺഗ്രസ്, കെ.എസ്.യു സംഘടനകൾക്കായുള്ള സീറ്ര് വീതം വയ്പാണ് കെ.പി.സി.സി നേതൃത്വത്തിന്റെ അടുത്ത വെല്ലുവിളി. രണ്ട് സംഘടനകളും പരിഗണിക്കപ്പെടേണ്ടവരുടെ പട്ടിക കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്ക് നൽകിയിട്ടുണ്ട്.
സി.പി.എം പട്ടിക
ഇന്ന് ചർച്ചയ്ക്ക്
സി.പി.എം ജില്ലാ സെക്രട്ടേറിയറ്റുകൾ തയ്യാറാക്കി സംസ്ഥാന നേതൃത്വത്തിന് കൈമാറിയ സ്ഥാനാർത്ഥിപ്പട്ടിക ഇന്നുചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും. പട്ടികയിൽ ആവശ്യമെങ്കിൽ ഭേദഗതികൾ നിർദ്ദേശിച്ചും പൊളിറ്റ് ബ്യൂറോ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലുള്ള മാർഗരേഖകൾ ഉൾപ്പെടുത്തിയും വീണ്ടും ജില്ലാ സെക്രട്ടേറിയറ്റിൽ ചർച്ച നടത്തും. മാർച്ച് നാല്, ആറ് തീയതികളിൽ നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റിലാവും അന്തിമരൂപം തയ്യാറാവുക. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനൊഴികെ മുതിർന്ന നേതാക്കളിൽ ആരെല്ലാം മത്സര രംഗത്തുണ്ടാവുമെന്നതാണ് ശ്രദ്ധേയം.
യൂത്ത് കോൺഗ്രസിന്
നാല് സീറ്റ്?
കോൺഗ്രസിൽ യൂത്ത് കോൺഗ്രസിന് പരമാവധി നാലും കെ.എസ്.യുവിന് രണ്ടും സീറ്റുകളും കിട്ടാനാണ് സാദ്ധ്യത. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ.ജനീഷ് കൊടുങ്ങല്ലൂരിലും സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിനുചുള്ളിയിൽ ചെങ്ങന്നൂരും ദേശീയ സെക്രട്ടറി അബിൻവർക്കി ആറന്മുളയിലും മത്സരിക്കാനാണ് സാദ്ധ്യത. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി.ശ്രീകുമാറിനൊപ്പം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് അരിതാബാബുവിനെ കായംകുളത്തേക്കും പരിഗണിച്ചേക്കും. യൂത്ത് കോൺഗ്രസ് ആദ്യം 40പേർ ഉൾപ്പെട്ട പട്ടികയാണ് സമർപ്പിച്ചതെങ്കിലും ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം 12ആയി ചുരുക്കിയിരുന്നു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പീരുമേട്ടിലും വൈസ് പ്രസിഡന്റ് ആൻ സെബാസ്റ്റ്യൻ തൃശൂർ ജില്ലയിലും സ്ഥാനാർത്ഥിയായേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |