
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ പി.സരിനെ സ്ഥാനാർത്ഥിയാക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനം. മറ്റ് മുന്നണികളുടെ തീരുമാനം വന്നശേഷം മതി സ്ഥാനാർത്ഥി പ്രഖ്യാപനമെന്നും ധാരണയായി. തൃത്താലയിൽ മന്ത്രി എം.ബി.രാജേഷ് തന്നെ മത്സരിക്കും.
ആലത്തൂരിലും നെന്മാറയിലും രണ്ട് ടേം പൂർത്തിയാക്കുന്ന കെ.ഡി. പ്രസേനനും കെ.ബാബുവും മാറിയേക്കും. നെന്മാറയിൽ മുൻ പഞ്ചായത്ത് പ്രസിഡന്റും കൊല്ലങ്കോട് ഏരിയ സെക്രട്ടറിയുമായ കെ.പ്രേമനെയാണ് നിർദേശിച്ചത്. ആലത്തൂരിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പൊന്നുകുട്ടനായിരിക്കും. വ്യാഴാഴ്ച ചേർന്ന സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്.
ഒറ്റപ്പാലത്ത് കെ.പ്രേംകുമാറും ഷൊർണൂരിൽ പി.മമ്മിക്കുട്ടിയും കോങ്ങാടിൽ കെ.ശാന്തകുമാരിയും തരൂരിൽ പി.പി.സുമോദും വീണ്ടും മത്സരിക്കും. ഇവർ ഒരു ടേം കിട്ടിയവരാണ്. അതിനാലാണ് ഒരു അവസരംകൂടി നൽകുന്നത്. മലമ്പുഴയിൽ എ.പ്രഭാകരനോ അതോ വി.എസിന്റെ മകൻ അരുൺകുമാറോ എന്നതിൽ തീരുമാനമായിട്ടില്ല. മലമ്പുഴയിലെ സ്ഥാനാർത്ഥി സംസ്ഥാന സമിതിയുടെകൂടി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകുമെന്നാണ് സൂചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |