SignIn
Kerala Kaumudi Online
Saturday, 28 February 2026 6.21 AM IST

തൊണ്ടവരണ്ട് കേരളം

Increase Font Size Decrease Font Size Print Page
a

കേരളം ചുട്ടുപൊള്ളുകയാണ്. വീടിനു പുറത്തിറങ്ങണമെങ്കിൽ കുടപിടിക്കേണ്ട അവസ്ഥ. ചൂട് കൂടിയതോടെ കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തിലാണ്. എന്താണ് ഇതിന്റെ പ്രധാന കാരണം? എന്താണ് പരിഹാരം. ഒരു അന്വേഷണം

------------------------------------------------------------------------------------------------------------------------------------------

കൊടും വേനലിൽ അൾട്രാവയലറ്റ് സൂചിക ഉയരുന്നതിനാൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് ദുരന്തനിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്. പകൽ സമയത്ത് പുറം ജോലികൾ ഒഴിവാക്കേണ്ട സ്ഥിതിയാണ്. പകൽ തുറസായ സ്ഥലങ്ങളിൽ പണിയെടുക്കുന്നവർ സൂര്യാഘാതമേൽക്കാതെ ശ്രദ്ധിക്കണമെന്ന് അധികൃതർ ഉപദേശിക്കുന്നു.

മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ചൂട് ഇനിയും ഉയർന്നേക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ വിലയിരുത്തൽ. ചൂട് കൂടിയതോടെ ജലക്ഷാമവും രൂക്ഷമാവുകയാണ്. പൈപ്പ് ലൈനുകളിൽ ആവശ്യാനുസരണം വെള്ളമെത്താത്തത് നഗരങ്ങളിൽ ജനത്തെ ദുരിതത്തിലാക്കുന്നു. കിണറുകളും നദികളടക്കമുള്ള ജലസ്രോതസുകളിലും ജലനിരപ്പ് താഴുന്നു. കേരളത്തിലെ 80 ശതമാനം കിണറുകളും വേനൽകാലത്ത് വറ്റുന്നുവെന്ന കണക്കാണ് ജലവിഭവവകുപ്പിലുള്ളത്. നദികളിൽ ജലനിരപ്പ് താഴുന്നത്, സമീപമേഖകളിലെ കിണറുകളെയും ബാധിക്കുന്നുണ്ട്.


ഫെബ്രുവരി ആദ്യം മുതൽ തന്നെ നദികളിലെ ജലനിരപ്പിൽ കുറവ് പ്രകടമായിട്ടുണ്ട്. വേനൽ രൂക്ഷമായാൽ നദികളിലേയും ജലാശയങ്ങളിലേയും പമ്പിംഗ് സ്‌റ്റേഷനുകളുടെ പ്രവർത്തനത്തെ ബാധിക്കും. ഇത് ജലവിതരണപദ്ധതികളെ താളംതെറ്റിക്കും. ഡാമുകളിലും ജലനിരപ്പ് താഴുകയാണ്. ജലസേചന വകുപ്പിന് കീഴിലുള്ള നെയ്യാർ, കല്ലട ഡാമുകളിലാണ് 70 ശതമാനത്തിന് മുകളിൽ വെള്ളമുള്ളത്. ചിമ്മിനി, പീച്ചി, മീങ്ങര, വാളയാർ, മലമ്പുഴ, പോത്തുണ്ടി, ചുള്ളിയാർ, മംഗലം, മൂലത്തറ, കുറ്റ്യാടി, കാരാപ്പുഴ ഡാമുകളിൽ സംഭരണശേഷിയുടെ 40 ശതമാനത്തിൽ താഴെയാണ് നിലവിലെ ജലനിരപ്പ്. വേനൽകനത്താൽ ജലനിരപ്പ് ഇനിയും താഴ്‌ന്നേക്കാം.


തണുപ്പിക്കാതെ വേനൽമഴ
കണ്ണൂരിൽ 36.2 ഡിഗ്രി സെൽഷ്യസായിരുന്നു കഴിഞ്ഞ ദിവസത്തെ ചൂട്. പാലക്കാട്, പുനലൂർ, കോട്ടയം എന്നിവിടങ്ങളിൽ കഴിഞ്ഞദിവസം താപനില 35 ഡിഗ്രി സെൽഷ്യസ് കടന്നു. ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ഇടക്കിടെ രൂപപ്പെടുന്ന ന്യൂനമർദ്ദങ്ങൾ നേരിയ മഴ പല ജില്ലകളിലും പെയ്യാൻ ഇടയാക്കുന്നുണ്ടെങ്കിലും തണുപ്പിക്കാൻ ഇത് പര്യാപ്തമല്ല. വരുംദിവസങ്ങളിലും ഒറ്റപ്പെട്ട മഴ സാദ്ധ്യത കാലാവസ്ഥാവകുപ്പ് പ്രവചിക്കുന്നുണ്ട്.

ടാങ്കർ വെള്ളമടക്കം ബദൽമാർഗങ്ങൾ
ജലക്ഷാമത്തെ നേരിടാൻ ടാങ്കറുകളിൽ വെള്ളമെത്തിക്കുന്നതിനുള്ള നടപടികൾ തദ്ദേശസ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ നടത്തുന്നുണ്ട്. വാട്ടർഅതോറിട്ടിയുടെ പൈപ്പ് ലൈനുകളിലൂടെ വെള്ളമെത്താത്തയിടങ്ങളിലും ജലവിതരണം അടിക്കടി തടസപ്പെടുന്നയിടങ്ങളിലുമാണ് ടാങ്കറിൽ വെള്ളമെത്തിക്കുന്നത്. തിരുവനന്തപുരം നഗരത്തിൽ കോർപ്പറേഷനും വാട്ടർ അതോറിട്ടിയും സഹകരിച്ച് നടപ്പാക്കിയ 'സുജലം സുലഭം" പദ്ധതി കുടിവെള്ള ദൗർലഭ്യമുള്ള മേഖലകളിൽ ആശ്വാസം പകരുന്നു.

വ്യാപകമാകാതെ 'കിണർ റീചാർജിംഗ്"
കിണറുകളിലെ ജലനിരപ്പ് താഴാതെ നിലനിറുത്താൻ സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് കിണർ റീചാർജിംഗ് യൂണിറ്റ്. വീടിന്റെ മേൽക്കൂരയിൽ പതിക്കുന്ന മഴവെള്ളത്തെ പാത്തിയും പൈപ്പും വഴി കിണറിന് സമീപത്ത് സ്ഥാപിച്ചിട്ടുള്ള ഫിൽട്ടർ സംവിധാനത്തിലൂടെ അരിച്ച് കിണറിലേക്ക് എത്തിക്കുന്നതാണ് രീതി. കിണറുകളുടെ സംരക്ഷണവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കിണറിന് ചുറ്റുമതിൽ നിർമ്മിച്ച് അവയെ സുരക്ഷിതമാക്കും. കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജൻസി വഴിയാണ് ഇത് നടപ്പാക്കുന്നത്. എന്നാൽ ഇത് കേരളമാകെ വ്യാപകമായി നടപ്പാക്കാനായിട്ടില്ല.


കാരണം മഴകുറയുന്നതല്ല; പച്ചപ്പ് അകലുന്നത്:
ഡോ. എ.രാജഗോപാൽ കമ്മത്ത്

വെള്ളം മണ്ണിൽ സംഭരിക്കപ്പെടാത്തതാണ് പ്രധാന പ്രശ്‌നം. സസ്യങ്ങളുടേയും വൃക്ഷങ്ങളുടേയും കൂട്ടങ്ങൾ, പച്ചപ്പ് നിറഞ്ഞ മലമ്പ്രദേശങ്ങൾ എന്നിവയെല്ലാം പ്രകൃതിയുടെ ജലസംഭണികളാണ്. ഇവ നമുക്ക് ചുറ്റും കുറയുമ്പോൾ മേൽമണ്ണ് ഇല്ലാതാവുകയും മണ്ണിന് ജലത്തെ സംഭരിച്ച് നിറുത്താനുള്ള ശേഷി നഷ്ടപ്പെടുകയും ചെയ്യും. ഇതുമൂലം മഴവെള്ളം ഒഴുകി കടലിലേക്ക് പോകും. നദികൾ വറ്റിവളരുന്നതിന്റെ കാരണവും ഇതാണ്. നദീതീരങ്ങളിലെ വൃക്ഷസമ്പത്ത് ഇല്ലാതായതും നദികളെ ബാധിക്കുന്നു. മാത്രമല്ല, നദി ഉത്ഭവിക്കുന്ന മലമ്പ്രദേശങ്ങളിലെ പച്ചപ്പിലും കുറവുണ്ടായി. അവിടത്തെ മണ്ണിന്റെഘടനയിൽ വ്യത്യാസം വന്നു. ഇതും നദികളെ ശോഷിപ്പിച്ചു. വീടിന് ചുറ്റും വൃക്ഷമുണ്ടെങ്കിൽ മണ്ണിൽ ജലം സംഭരിക്കപ്പെടും. ഇത് ഊറി കിണറിലേക്കെത്തും. ശുദ്ധമായ വെള്ളം കിട്ടും. പരിസരമാകെ കോൺക്രീറ്റ് ചെയ്താൽ അതുണ്ടാവില്ല.

കൊച്ചിയിൽ കഷ്ടം

എറണാകുളം ജില്ലയിൽ ഗ്രാമ, നഗര വ്യത്യാസമില്ലാതെ കുടിവെള്ളം കിട്ടാനില്ല. എറണാകുളം നഗരപ്രദേശം, മഞ്ഞുമ്മൽ, പൂണിത്തുറ, മരട്, കാക്കനാട്, കോലഞ്ചേരി, കോതമംഗലം മേഖലകൾ ജലക്ഷാമം രൂക്ഷമാണ്. കൂറ്റൻ ജലസംഭരണി പൊട്ടിയതോടെ തമ്മനം, വൈറ്റില, കലൂർ, പാലാരിവട്ടം, തൃക്കാക്കര പ്രദേശങ്ങളിൽ ക്ഷാമം കടുത്തു. മരടിൽ നിന്ന് അധികജലമെത്തിച്ച് വിതരണം സുഗമമാക്കുമെന്ന് പറഞ്ഞെങ്കിലും പൂർണതോതിൽ നടപ്പായില്ല.

കോലഞ്ചേരി, തിരുവാണിയൂർ, കിഴക്കമ്പലം, കുന്നത്തുനാട് എന്നിവിടങ്ങളിലും കുടിവെള്ളലഭ്യത കുറഞ്ഞു. ജില്ലാ ആസ്ഥാനം സ്ഥിതി ചെയ്യുന്ന തൃക്കാക്കരയിൽ 32 എം.എൽ.ഡി വെള്ളം ആവശ്യമുള്ളിടത്ത് 24 എം.എൽ.ഡിയാണ് വിതരണം ചെയ്യുന്നത്. കോതമംഗലം ഉൾപ്പെടെ കിഴക്കൻ മേഖലകളിലും കുടിവെള്ള ക്ഷാമം നേരത്തേയെത്തി. ടാങ്കർ ലോറികളിൽ ക്ഷാമമുള്ള പ്രദേശങ്ങളിൽ തദ്ദേശസ്ഥാപനങ്ങൾ വെള്ളം ലഭ്യമാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പര്യാപ്തമല്ലെന്ന് ജനം പറയുന്നു. ജലജീവൻ മിഷന് കീഴിൽ കൂറ്റൻ കുടിവെള്ള ടാങ്കുകൾ പദ്ധതിയിലുണ്ടെങ്കിലും ഒന്നുപോലും പൂർത്തീകരിച്ചിട്ടില്ല.

 കുട്ടനാട് പൊള്ളുന്നു

വെള്ളം വെള്ളം സർവത്ര. തുള്ളി കുടിക്കാൻ ഇല്ലത്രേ. എന്നതാണ് കുട്ടനാട്ടിലെ സ്ഥിതി. കൈനകരി, കാവാലം പഞ്ചായത്തുകളിലാണ് സ്ഥിതി രൂക്ഷം. രണ്ടാഴ്ചയിലൊരിക്കൽ മാത്രമാണ് കൈനകരി പഞ്ചായത്തിലെ 3, 4, 13, 14, 15 വാർഡുകളിൽ വെള്ളമെത്തുന്നത്. കുട്ടനാട് താലൂക്കിലെ 13 ഗ്രാമപഞ്ചായത്തുകളിൽ ശുദ്ധജലം എത്തിക്കുന്നതിനായി കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന സമഗ്ര കുട്ടനാട് കുടിവെള്ള പദ്ധതി ഇനിയും യാഥാർത്ഥ്യമായിട്ടില്ല.

വിവിധ പ്രദേശങ്ങളിലായി പദ്ധതിയുടെ പൈപ്പുകൾ ഇറക്കിയിട്ടിട്ടുണ്ടെങ്കിലും വെള്ളം എത്താനുള്ള സംവിധാനമായിട്ടില്ല. പള്ളാത്തുരുത്തിയിലെ വാട്ടർ ടാങ്കിൽ നിന്നുള്ള ജലമാണ് കൈനകരിക്കാർക്ക് ആശ്രയം. ഇവിടെ മോട്ടോർ തകരാറടക്കം പതിവാണ്. കുടിവെള്ളത്തിനും, പാചകത്തിനുമൊഴികെ കായലിലെ ജലമാണ് പല വീട്ടുകാരും ഉപയോഗിക്കുന്നത്. കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യമുള്ള കായൽജലം ഗതികേടുകൊണ്ടാണ് ഉപയോഗിക്കേണ്ടി വരുന്നതെന്ന് വീട്ടമ്മമാർ പറയുന്നു. ലിറ്ററിന് ഒരു രൂപ നിരക്കിൽ വെള്ളം വിലയ്ക്ക് വാങ്ങിയാണ് ദാഹമകറ്റുന്നത്. 70 ശതമാനത്തിലധികം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് പൂർത്തിയാകുന്നതോടെ 2027 നവംബറിൽ കുട്ടനാട് കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാകുമെന്നാണ് അധികൃതർ നൽകുന്ന ഉറപ്പ്.

TAGS: DROUGHT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.