
ഇലവീട്
ഇലകൾ കൊണ്ടൊരു വീട്
ഉള്ളിലെ അതിഥി വെളിച്ചവും!
മഴകൊള്ളാതെ മിന്നാമിനുങ്ങുകൾ
ഇണയോട് സ്വകാര്യം പറയുന്നു.
ഒരുതുള്ളി സ്നേഹം
പിരിയും മുമ്പൊരു മനസായിരുന്നു
ഒരേ ഗതിയുടെ സ്വപ്നമായിരുന്നു,
അകന്നു പോയതിൽ പിന്നെയാണ്
ഒറ്റയ്ക്കായൊഴുകിത്തീർന്നത്.
കാറ്റുമ്മ
മരങ്ങൾ തമ്മിൽ പ്രണയിക്കാറുണ്ട്
നമ്മളത് കാണാറില്ലെന്നേയുള്ളൂ,
പെരുംമഴ നോക്കി കാറ്റിലാടിയെത്തി
പെട്ടെന്നുമ്മവച്ച് അവയും പ്രേമിക്കുന്നു!
മൺനോട്ടം
അടങ്ങാത്ത പ്രണയമായിരുന്നു,
മണ്ണുകാണുന്ന ആകാശത്തോട്,
തീരാദാഹമായിരുന്നതിനെയാണ്
വെള്ളത്തിൽ മുക്കിക്കൊല്ലുന്നത്...
ജലപ്പക്ഷി
അകലുമ്പോളായിരുന്നു യോഗം
അലിയും മുമ്പായിരുന്നു ദേഹം
അഴുകും മുൻപായിരുന്നു ദാഹം
അഴലിനു മുമ്പായിരുന്നു മോഹം
നഷ്ട തന്മാത്ര
സ്നേഹത്തിന്റെ കടലായിരുന്നു
പിന്നെ ജീവിതത്തിലാഗ്രഹിച്ചത്,
വിരഹവേദനയുടെ വലിയ തീരം
തൊടാൻ കാത്തിരിക്കുമറിയാതെ.
പെയ്ത്ത്
വീടുകാണാൻ ഒന്നുകൂടി
ചിറകുകൾ കൊതിക്കുമ്പോൾ
കണ്ണിനുള്ളിൽ പെയ്തുനിന്നു
വഴി കടംകെട്ടും പെരുംതുള്ളി!
രണ്ട്
..........
ജീവാർദ്ധം
മറന്നുവച്ച മറവിയുടെ നിഴലിൽ നിന്നും
മറച്ചുവച്ച ഓർമ്മയുടെ നിലവിളി
മുഴങ്ങിക്കേൾക്കുന്ന നിമിഷങ്ങളിൽ
നിന്നെയിന്നും ഞാനോർക്കാറുണ്ട്...
പച്ചപുതച്ചു പായൽപിടിച്ച വാക്കുകൾ
ആകെയുമഴുകിയ വാഗ്ദാനത്തിന്റെ
വേരുകളിൽ നിന്നു പൂവിട്ട പൂക്കാലം
ശലഭങ്ങളെ വരവേൽക്കുമ്പോലെ...
തണലുള്ള പുഞ്ചിരിയുടെ താഴ്വാരങ്ങളിൽ
മോഹവെയിലുകൾ വന്നുണർത്തുമ്പോൾ
തൊട്ടുമുമ്പേ ഞാനുമൊപ്പം വരട്ടെയെന്ന്
മുന്നിൽ കണ്ണീരുകൾ കൈനീട്ടുമ്പോൾ,
എവിടെയോ ഉപേക്ഷിച്ച ജീവിതം
തിരഞ്ഞ് പിന്നെയും തിരിച്ചുപോകുമ്പോൾ...
ഒടുവിലെ നേരം മരണത്തിനു മുന്നിൽ
ജീവിതത്തിൽ നീയല്ലാതെ മറ്റൊന്നും
നേടണമെന്നില്ലാതെ നിൽക്കുമ്പോൾ,
പിന്നെയും നിന്നെ ഞാനോർക്കാറുണ്ട്
നിന്നിലന്നേ മറന്നുവച്ച
എന്റെ ജീവിതത്തെയും!
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |