SignIn
Kerala Kaumudi Online
Sunday, 01 March 2026 6.42 AM IST

പാലക്കാടൻ കോട്ട കാക്കാൻ എൽ.ഡി.എഫ്, ഇടിച്ചുകയറാൻ യു.ഡി.എഫ്

Increase Font Size Decrease Font Size Print Page
s

പാലക്കാട്ടെ കുംഭച്ചൂട് 35 ഡിഗ്രിയിലാണ് കത്തിയെരിയുന്നത് എങ്കിൽ,​ അതുക്കും മേലെയാണ് രാഷ്ട്രീയ ചർച്ചകളുടെ ചൂട്. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഏത് തരംഗത്തിലും ഇടതിനൊപ്പം അടിയുറച്ച് നിൽക്കുന്ന പാലക്കാട് ജില്ലയിൽ ഇത്തവണ പോരാട്ടം കനക്കുമെന്നാണ് വിലയിരുത്തൽ. പാലക്കാട് ജില്ലയിൽ ആകെയുള്ള 12 സീറ്റിൽ പത്തും എൽ.ഡി.എഫിനൊപ്പമാണ്. ശേഷിക്കുന്ന രണ്ടിൽ പാലക്കാട് കോൺഗ്രസും മണ്ണാർക്കാട് മുസ്ലീംലീഗുമാണ്. ഏത് തരംഗത്തിലും ഒപ്പം നിന്ന ഇടതുകോട്ടകളെ കാക്കുന്നതിൽ തന്നെയാണ് എൽ.ഡി.എഫിന്റെ ശ്രദ്ധ. കഴിഞ്ഞതവണ ചെറിയ ഭൂരിപക്ഷത്തിന് കൈവിട്ടുകളഞ്ഞ തൃത്താല, പട്ടാമ്പി, ചിറ്റൂർ സീറ്റുകൾ തിരിച്ചെടുക്കാനും ഒറ്റപ്പാലത്തേക്ക് കൂടി കടന്നുകയറാനുമാണ് യു.ഡി.എഫിന്റെ ശ്രമം. പാലക്കാട്ടെയും മലമ്പുഴയിലെയും രണ്ടാംസ്ഥാനം എങ്ങനെ ഒന്നാമതാക്കാം എന്നതാണ് ബി.ജെ.പിയുടെ ചിന്ത. ഒപ്പം, ഷൊർണൂരിലെ കരുത്ത് നിർണായകമാക്കാനുമാണ് എൻ.ഡി.എ ശ്രമം.

ജില്ലയിൽ യു.ഡി.എഫിന്റെ വിസ്മയങ്ങൾ ആദ്യഘട്ടത്തിൽ പ്രതീക്ഷിച്ചത്ര ഫലംകണ്ടില്ലെന്നതാണ് വിലയിരുത്തൽ. ഇനി ഏവരുടെയും കണ്ണുകൾ മാർച്ച് അ‌ഞ്ചിന് വടക്കഞ്ചേരിയിൽ സി.പി.എം വിമതർ സംഘടിപ്പിക്കുന്ന കൺവെൻഷനിലേക്കാണ്. കൺവെൻഷനിൽ സി.പി.എം ജില്ലാ നേതൃത്വത്തോട് കലഹിച്ചു നിൽക്കുന്ന നേതാവ് പി.കെ.ശശി പങ്കെടുത്ത് തന്റെ നിലപാട് വ്യക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശശിയുടെ നിലപാടിന് കാതോർത്തിരിക്കുകയാണ് ഇടതു - വലതു മുന്നണികൾ.

ഇതിനിടെ എൽ.ഡി.എഫിൽ സ്ഥാനാർത്ഥി ചർച്ചകൾക്ക് തുടക്കമായിട്ടുണ്ട്. കഴിഞ്ഞദിവസം ചേർന്ന ജില്ലാ സെക്രട്ടേറിയറ്റിൽ സ്ഥാനാർത്ഥികളായി പരിഗണിക്കേണ്ടവരുടെ പട്ടിക ചർച്ച ചെയ്തിരുന്നു. യു.ഡി.എഫിലാകട്ടെ സ്ഥാനാർത്ഥികളുടെ സ്നേഹത്തള്ളാണ്. ഓരോ മണ്ഡലങ്ങളിലും മൂന്നും അതിലധികവും പേരുകളാണ് പരിഗണനയിലുള്ളത്. എൻ.ഡി.എയിൽ സീറ്റ് വിഭജനം പൂർത്തിയായി,​ പ്രമുഖ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളുടെ കാര്യത്തിലും തീരുമാനമായിട്ടുണ്ട്. കഴിഞ്ഞ ദിവസം മലമ്പുഴ നിയോജക മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നടത്തി പ്രവർത്തനവും തുടങ്ങി.

 വിവാദങ്ങളൊഴിയാത്ത പാലക്കാട്

ഉപതിരഞ്ഞെടുപ്പിന് മുമ്പേ വിവാദങ്ങളുമായി തുടങ്ങിയ രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചശേഷവും ഉയർന്ന വിവാദങ്ങൾ യു.ഡി.എഫിനേയും കോൺഗ്രസിനേയും കുഴക്കിയത് കുറച്ചൊന്നുമല്ല. ഇവിടെ വിവാദങ്ങളെയെല്ലാം മറികടക്കാനാവും വിധമൊരു സ്ഥാനാർത്ഥി വരുമെന്ന് കോൺഗ്രസ് ഉറപ്പിച്ചു പറയുന്നു. മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ, വട്ടിയൂർകാവ് ഇല്ലെങ്കിൽ കെ. മുരളീധരനെയുമാണ് പറയുന്നത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്. ജയഘോഷിന്റെ പേരുമുയരുന്നു. മണ്ഡലം കൈവിടാതിരിക്കാൻ സസ്‌പെൻസായി ഷാഫി പറമ്പിലിനെ ഇറക്കാനുള്ള സാധ്യതയും തള്ളാനാവില്ല.

കഴിഞ്ഞ തവണയുൾപ്പെടെ രണ്ടാംസ്ഥാനത്തായിരുന്ന ബി.ജെ.പി.യുടെ സാദ്ധ്യതകളിൽ സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രന്റേയും ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്റേയും പേരുകളുണ്ട്. പക്ഷേ ഇതുരണ്ടുമല്ലാത്ത മറ്റൊരു പേരും വന്നേക്കാം. എം.ടി.രമേശ്, ഇ.കൃഷ്ണദാസ് തുടങ്ങിയ പേരുകളും പ്രവർത്തകർ പറയുന്നു. കഴിഞ്ഞതവണ മൂന്നാംസ്ഥാനത്തായ ഇടതു സ്വതന്ത്രൻ ഡോ. പി.സരിന്റെ പേര് കഴിഞ്ഞദിവസം ചേർന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് ചർച്ചചെയ്തിരുന്നു. കൂടാതെ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾടെ പേരും ഉയർന്നു കേൾക്കുന്നുണ്ട്.

 പോരാട്ടം കനക്കുന്ന മന്ത്രി മണ്ഡലങ്ങൾ

നിലവിലെ മന്ത്രി മണ്ഡലങ്ങളാണ് ചിറ്റൂരും തൃത്താലയും. തൃത്താലയിൽ എം.ബി.രാജേഷ് തന്നെ വീണ്ടും കളത്തിലിറങ്ങും. എതിരാളി വി.ടി.ബൽറാം തന്നെയാവാനാണ് സാദ്ധ്യത. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ നിസാരവോട്ടുകൾക്ക് നേടിയ ഭൂരിപക്ഷമാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. എന്നാൽ മന്ത്രി എന്ന നിലയിലുള്ള പ്രവർത്തനം കൊണ്ട് അതിനെ മറികടക്കാനാവുമെന്നാണ് എൽ.ഡി.എഫിന്റെ വിശ്വാസം. ബി.ജെ.പി വോട്ടുകളുടെ ഏറ്റകുറച്ചിൽ ഇവിടെ നിർണായകമാണ്. എം.ബി.രാജേഷും വി.ടി.ബൽറാമും മണ്ഡലത്തിൽ സജീവമായിട്ടുണ്ട്.

ചിറ്റൂരിൽ കെ.കൃഷ്ണൻകുട്ടി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. പകരം മകൻ നാരായണൻകുട്ടിയെയോ ജനതാദൾ(എസ്) നേതാവ് കെ.മുരുകദാസിനെയോ പരിഗണിക്കാനാണ് നീക്കം. തദ്ദേശ തിരഞ്ഞെടുപ്പിൽ സി.പി.എമ്മും സി.പി.ഐയും ചേരി തിരിഞ്ഞ് മത്സരിച്ചതും കൊഴിഞ്ഞാമ്പാറ മേഖലയിലെ വിമതശല്യവുമൊക്കെ മറികടക്കാനുള്ള തന്ത്രം പ്രധാനമാണ്.

 മലമ്പുഴയിൽ ആര്?
വി.എസിന്റെ മകൻ അരുൺകുമാറിന്റെ പേര് പറഞ്ഞുകേട്ടെങ്കിലും, മലമ്പുഴയിൽ എ.പ്രഭാകരൻ തുടരാനാണ് സാദ്ധ്യത. ബി.ജെ.പിക്ക് മലമ്പുഴയിലേക്ക് ഒരൊറ്റ പേരാണ് സി. കൃഷ്ണകുമാർ. പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റായ സി.കൃഷ്ണകുമാർ, മണ്ഡലത്തിൽ പാർട്ടിയെ വളർത്തുന്നതിൽ മുഖ്യപങ്കാണ് വഹിക്കുന്നത്. മൂന്നാംസ്ഥാനത്തുള്ള കോൺഗ്രസിന് എ.സുരേഷിനെ ഇറക്കി വി.എസ്. ഫാക്ടർ അനുകൂലമാക്കാമെന്ന കണക്കുകൂട്ടൽ തുടക്കത്തിലേ പാളി. കൈപ്പത്തി ചിഹ്നമില്ലാതെ മലമ്പുഴയിൽ ഇറങ്ങുന്നതിൽ പാർട്ടിയിലെ വലിയൊരു വിഭാഗം അതൃപ്തി അറിയിച്ചുകഴിഞ്ഞു. കഴിഞ്ഞ തവണ മത്സരിച്ച ഐ.എൻ.ടി.യു.സി നേതാവ് എസ്.കെ.അനന്തകൃഷ്ണനെയോ വനിതാ യൂത്ത് നേതാവായ അഡ്വ. ഗൗജയെയോ പരിഗണിക്കാനുള്ള സാദ്ധ്യതയാണ് കൂടുതൽ.


 സി.പി.എമ്മിൽ രണ്ടാം അങ്കത്തിന് ആരെല്ലാം?

കോങ്ങാട് രണ്ടാം അങ്കത്തിന് കെ.ശാന്തകുമാരി തന്നെയാവും. കോങ്ങാട്ട് എൽ.ഡി.എഫിനുവേണ്ടി കെ.ശാന്തകുമാരി പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. മുസ്ലീംലീഗ് കോങ്ങാട് ഒഴിവാക്കി പട്ടാമ്പിയിലേക്ക് മാറിയാൽ മണ്ഡലത്തിൽ യു.ഡി.എഫിനായി കളത്തിലിറങ്ങുക കെ.എ.തുളസിയെയാവും. മുൻ എം.പി രമ്യഹരിദാസിനും സാദ്ധ്യതയുണ്ട്. എൻ.ഡി.എയിൽ ബി.ജെ.പി നേതാവ് രേണുസുരേഷ്, സുരേഷ് ബാബു തുടങ്ങിയ പേരുകളാണ് കേൾക്കുന്നത്.

എൻ.ഡി.എ.യിൽ ബി.ഡി.ജെ.എസ്സാവും നെന്മാറയിൽ മത്സരിക്കുക. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.അനുരാഗിന്റെ പേരിനാണ് മുൻഗണന. തരൂരിൽ എം.എൽ.എ പി.പി.സുമോദ് രണ്ടാംതവണയും രംഗത്തുണ്ടാവും. യു.ഡി.എഫിൽ ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റ് കെ.സി.സുബ്രഹ്മണ്യൻ, കുഴൽമന്ദം പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി.പ്രകാശ് തുടങ്ങിയ പേരുകളാണ് കേൾക്കുന്നത്.

ഒറ്റപ്പാലത്ത് സിറ്റിംഗ് എം.എൽ.എ. കെ.പ്രേംകുമാറും ഷൊർണൂരിൽ പി.മമ്മിക്കുട്ടിയും എൽ.ഡി.എഫ് സ്ഥാനാർത്ഥികളാവും. പി.കെ.ശശി യു.ഡി.എഫിലെത്തുമെന്നും ഒറ്റപ്പാലത്ത് യു.ഡി.എഫ് സ്ഥാനാർത്ഥിയാവുമെന്നുമുള്ള സമവാക്യം വന്നാലും പ്രേംകുമാറിന് മാറ്റമുണ്ടാവാനിടയില്ല. പി.കെ.ശശി വന്നില്ലെങ്കിൽ കോൺഗ്രസ് നേതാവ് ഹരിഗോവിന്ദൻ സ്ഥാനാർത്ഥിയായേക്കും. ഇവിടെ മേജർ രവിയുടെ പേരാണ് എൻ.ഡി.എയ്ക്കായി ഉയർന്നുകേൾക്കുന്നത്. ഷൊർണൂരിൽ യുവനേതാക്കളെ കോൺഗ്രസ് പരിഗണിക്കുന്നുണ്ട്. ബി.ജെ.പിയിൽ നിന്ന് വെസ്റ്റ് ജില്ലാ പ്രസിഡന്റ് പി.വേണുഗോപാലിന്റെ പേരുണ്ട്. വേണുഗോപാലിന്റെ പേരില്ലെങ്കിൽ മണ്ഡലത്തിനകത്തു നിന്നുതന്നെയുള്ള പേരുകൾക്കാണ് പരിഗണന.

ഷൊർണൂരിൽ പി. മമ്മിക്കുട്ടിയും ഇത്തവണ മത്സരിക്കും.

 ബാബുവും പ്രസേനനും മാറിയേക്കും

നെന്മാറയിൽ രണ്ടുതവണ വിജയിച്ച കെ.ബാബു ഇത്തവണ മാറിയേക്കും. പകരം നെന്മാറ മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.പ്രേമന്റെ പേരാണ് ജില്ലാ സെക്രട്ടേറിയറ്റ് ചർച്ച ചെയ്തിട്ടുള്ളത്. കൂടാതെ സി.പി.എം മുൻ ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രന്റെ പേരും ഉയർന്നു കേൾക്കുന്നുണ്ട്. യു.ഡി.എഫിനു വേണ്ടി സി.എം.പി മത്സരിക്കുന്ന നെന്മാറ ഇത്തവണ കോൺഗ്രസ് എടുക്കണമെന്നൊരു ആവശ്യമുണ്ട്. അങ്ങനെ വന്നാൽ ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ, കെ.സി.പ്രീത്, ലക്ഷ്മി ചന്ദ്രൻപിള്ള, കെ.ജി.എൽദോ എന്നിവരുടെ പേരുകളാണ് കേൾക്കുന്നത്. ഇവിടെ ബി.ഡി.ജെ.എസാണ് എൻ.ഡി.എക്കു വേണ്ടി മത്സരിക്കുക. അങ്ങനെയാണെങ്കിൽ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.അനുരാഗ് മത്സരിച്ചേക്കും.

ആലത്തൂരിൽ രണ്ടുതവണ പൂർത്തിയാക്കിയ കെ.ഡി.പ്രസേനൻ മാറുമെന്നാണ് സൂചന. ഇവിടെ ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പൊന്നുകുട്ടന്റെ പേരാണ് നിർദ്ദേശിച്ചിട്ടുള്ളത്. ആലത്തൂരിലേക്ക് പാളയം പ്രദീപിന്റെ പേരാണ് ഇത്തവണയും യു.ഡി.എഫ് ക്യാമ്പിലുള്ളത്.

 പട്ടാമ്പിയിൽ ഒറ്റപ്പേര്

പട്ടാമ്പിയിൽ സി.പി.ഐയ്ക്ക് മുഹമ്മദ് മുഹ്സിൻ അല്ലാതെ മറ്റൊരു പേരില്ല. ഇവിടെ ലീഗ് ഇറങ്ങുമ്പോൾ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.എ.സമദിനെയാണ് പരിഗണിക്കുക. പട്ടാമ്പി മേഖലയിൽ തദ്ദേശതിരഞ്ഞെടുപ്പിലുണ്ടാക്കിയ മന്നേറ്റത്തിന്റെ ആവേശം കൂടി ചേർത്താണ് ഇത്തവണ മുസ്ലീംലീഗ് കളം നിറയുക. മണ്ണാർക്കാട് ലീഗ് കോട്ട കാക്കാൻ എൻ. ഷംസുദ്ദീൻ നാലാം അങ്കത്തിനിറങ്ങുമെന്നാണ് വിവരം. മണ്ഡലത്തിലെ മറ്റ് നേതാക്കളെ പരിഗണിക്കണമെന്ന് ആവശ്യമുണ്ടെങ്കിലും വിലപ്പോയില്ല. മണ്ണാർക്കാട് നഗരസഭ മുൻ ചെയർമാൻ എഫ്.ബഷീറിന്റെ പേരാണ് ഉയർന്നത്. എന്നാൽ മണ്ഡലം ലീഗ് കമ്മിറ്റിയും ജില്ലയിലെ മുതിർന്ന നേതാക്കളും ഷംസുദ്ദീൻ തുടരണം എന്ന ആവശ്യമാണ് സംസ്ഥാന നേതൃത്വത്തിന് മുന്നിൽ വെച്ചിട്ടുള്ളത്. ഇവിടെ എതിരാളിയായി സി.പി.ഐ ജില്ലാ സെക്രട്ടറി സുമലത മോഹൻദാസിനെ പരിഗണിച്ചേക്കും. മുൻ ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജും പട്ടികയിലുണ്ട്. പൊതു സ്വതന്ത്രനെ കളത്തിലിറക്കാനും ആലോചനയുണ്ട്.

TAGS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.