SignIn
Kerala Kaumudi Online
Sunday, 01 March 2026 4.43 AM IST

നഗരസഭാ വികസനം ലക്ഷ്യമിടുന്ന ബഡ്‌ജറ്റ്

Increase Font Size Decrease Font Size Print Page
s

സാധാരണ ഒരു കോർപ്പറേഷൻ ബഡ്‌ജറ്റോ അതിലെ നിർദ്ദേശങ്ങളോ വലിയ വാർത്താപ്രാധാന്യം നേടാറില്ല. ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പ് വേളയിൽത്തന്നെ തിരുവനന്തപുരം ദേശീയശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ബി.ജെ.പിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഭരണം പിടിച്ചത് പ്രധാനമന്ത്രി മോദി പലയിടത്തും പരാമർശിക്കുകയുണ്ടായി. ബി.ജെ.പി കൗൺസിലർമാരെ പ്രധാനമന്ത്രി ഡൽഹിയിലേക്ക് ക്ഷണിച്ചതും ജനസേവനത്തിന്റെ മാതൃക ഏതുവിധത്തിലായിരിക്കണമെന്ന് ഓർമ്മിപ്പിച്ചതും വാർത്താപ്രാധാന്യം നേടിയിരുന്നു.

പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങളുടെ സാരവും പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പ്രാവർത്തികമാക്കുന്നതിന്റെ സൂചനയും നൽകുന്നതാണ് തിരുവനന്തപുരം നഗരസഭാ ബഡ്‌ജറ്റിലെ പല പ്രഖ്യാപനങ്ങളും. എന്തൊക്കെ എതിർപ്പുകളുണ്ടായാലും പി.എം.ബി.വൈ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും ബഡ്‌ജറ്റിലെ പ്രഖ്യാപനങ്ങൾ നടപ്പാക്കുമെന്നും ബഡ്ജറ്റ് പാസാക്കിയശേഷം മേയർ വി.വി. രാജേഷ് പറഞ്ഞു. ചില ഉദ്യോഗസ്ഥർ ബില്ലുകൾ മനഃപ്പൂർവം വൈകിപ്പിക്കുവാൻ ശ്രമിക്കുന്നുണ്ട്. ഭരണസമിതി പ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കാൻ നീക്കം നടത്തുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബഡ്ജറ്റ് ചർച്ചയ്ക്കിടെ സുൽത്താൻ ബത്തേരി സ്വദേശിക്ക് വീടു നൽകുമെന്ന് മേയർ പറഞ്ഞതും ശ്രദ്ധേയമായി. മേയറുടെ വിലാസത്തിൽ ബത്തേരിയിൽ നിന്ന് ലഭിച്ച കത്ത് ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾക്കുള്ള അംഗീകാരമാണെന്ന് മേയർ പറഞ്ഞു. ഏതെങ്കിലും ഒരു പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു വീട് നൽകണമെന്നതായിരുന്നു കത്തിലെ ഉള്ളടക്കം. സ്വന്തം നിലയിൽ സ്പോൺസറെ കണ്ടെത്തി വീട് നിർമ്മിച്ചുനൽകുമെന്നും മേയർ കൗൺസിലിൽ അറിയിച്ചു. ബഡ്‌ജറ്റിൽ പി.എം.ബി.വൈ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ അർഹതപ്പെട്ടവർക്ക് വീടുവച്ച് നൽകാൻ സഹായിക്കാമെന്ന് ചിലർ പറഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി.

ബഡ്‌ജറ്റ് ചർച്ചയ്ക്കിടയിൽ ആരോപണ പ്രത്യാരോപണങ്ങളും ഇറങ്ങിപ്പോക്കുമെല്ലാം സ്വാഭാവികമാണ്. പ്രതിപക്ഷത്തുനിന്നുള്ള ക്രിയാത്മകമായ നിർദ്ദേശങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്. പിഴവുകൾ തിരുത്തി ഭേദഗതി ചെയ്തിട്ടുണ്ടെന്നും ഡെപ്യൂട്ടി മേയർ ആശാനാഥ് പറഞ്ഞു. നഗരസഭയിൽ അവതരിപ്പിച്ചത് ജനകീയ ബഡ്‌ജറ്റാണെന്ന് ഭരണപക്ഷം അവകാശപ്പെട്ടപ്പോൾ കുറെ പദ്ധതികളുടെ പേര് ഉദ്യോഗസ്ഥർക്ക് പറഞ്ഞുകൊടുത്ത് തയ്യാറാക്കിയ തട്ടിക്കൂട്ട് ബഡ്‌ജറ്റാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. നഗരസഭയിലെ പല മാർക്കറ്റുകളുടെയും സ്ഥിതി അത്ര മെച്ചമല്ല. അതു മനസിൽ വച്ചുകൊണ്ടാകും ആർ. ശ്രീലേഖ നല്ലൊരു നിർദ്ദേശം മുന്നോട്ടുവച്ചത്. ഇന്തോനേഷ്യ, ഭൂട്ടാൻ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ച് അവിടത്തെ മാർക്കറ്റുകളിലെ പ്രവർത്തനങ്ങൾ പഠിക്കുന്നത് പ്രയോജനം ചെയ്യും. ബഡ്ജറ്റ് ചർച്ചയ്ക്കിടയിൽ ഇത്തരം ഗുണകരമായ നിർദ്ദേശങ്ങൾ വരുന്നത് അഭിനന്ദനീയമാണ്. മാലിന്യം നീക്കൽ, ശുചീകരണം, മാർക്കറ്റുകളുടെ മേന്മയുള്ള പ്രവർത്തനം എന്നിവയാണ് ജനജീവിതത്തെ ഏറെ സ്വാധീനിക്കുന്നത്.

കോർപ്പറേഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കാനുള്ള ശ്രമങ്ങൾക്കാണ് മേയർ വി.വി. രാജേഷ് ശ്രദ്ധ പതിപ്പിക്കുന്നത്. കോർപ്പറേഷന്റെ കെട്ടിടങ്ങൾ അനധികൃതമായി കൈവശപ്പെടുത്തിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും കെട്ടിടങ്ങൾ കൈവശപ്പെടുത്തിയവർ നിയമപരമായ രീതിയിൽ കരാർ പുതുക്കണമെന്നും മേയർ വ്യക്തമാക്കിയിട്ടുണ്ട്.

വാഗ്ദാനങ്ങൾ പ്രാവർത്തികമാക്കുന്നതിലാണ് ഏതു ഭരണസമിതിയുടെയും മിടുക്കും ശുഷ്ക്കാന്തിയും. രാഷ്ട്രീയവും പ്രാദേശികവുമായ സങ്കുചിത ചിന്തകൾ അതിന് തടസമാകരുത്. പ്രഖ്യാപനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം. അക്കാര്യം നിരീക്ഷിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തണം. ബഡ്ജറ്റ് ചർച്ചാവേളയിലെ രാഷ്ട്രീയം മറന്ന് നഗരത്തിന്റെ വികസനത്തിന് എല്ലാവരും ഒറ്റക്കെട്ടായി നീങ്ങണം. അതിന് ഭരണപക്ഷവും പ്രതിപക്ഷവും ഒരേപോലെ മനസുവയ്ക്കണം. തങ്ങളെ വോട്ട് നൽകി ജയിപ്പിച്ചവരുടെ താത്‌പര്യവും നഗരവികസനവും മെച്ചപ്പെട്ട ജീവിതസാഹചര്യവുമാണ്. വാഗ്ദാനം ചെയ്യുന്നതും പ്രഖ്യാപിക്കുന്നതുമെല്ലാം രാഷ്ട്രീയക്കാർ മറന്നാലും ജനം മറക്കില്ല. പ്രതിപക്ഷം ഭരണപക്ഷമാകുന്നതും ഭരണപക്ഷം പിന്നെ പ്രതിപക്ഷമാകുന്നതും ജനങ്ങൾക്ക് ആ മറവിയില്ലാത്തതുകൊണ്ടാണ്.

TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.