
തിരുവനന്തപുരം:പതിച്ചു നൽകിയ ഭൂമിയിൽ വ്യവസ്ഥകൾക്ക് വിധേയമായി ക്വാറിക്ക് അനുമതി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
ക്രമവൽക്കരിക്കുന്ന സമയത്ത് ചട്ടപ്രകാരമുള്ള ഫീസ് അടയ്ക്കാമെന്ന സത്യവാങ്മൂലവും ബാങ്ക് ഗ്യാരന്റിയും ക്വാറി ഉടമകൾ നൽകണം. നൽകിയ ഭൂമിയിൽ പ്രവർത്തിക്കുന്ന ക്വാറികളെ ക്രമവൽക്കരിക്കുന്നതിനുള്ള
ചട്ടങ്ങളായെങ്കിലും ഫീസ് സ്വീകരിക്കുന്ന പോർട്ടലുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ കാരണം കാലതാമസം നേരിടുന്ന സാഹചര്യത്തിലാണിത്. ക്വാറി പ്രവർത്തനത്തിന് ആവശ്യമായ മറ്റെല്ലാ ലൈസൻസുകളും ലഭിച്ചിട്ടുള്ള പക്ഷം, ധനകാര്യവകുപ്പും നിയമ വകുപ്പും അംഗീകരിക്കുന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി നൽകുക.
ഒരു വർഷം മുമ്പ് സംസ്ഥാനത്ത് 700ലധികം ക്വാറികൾ പ്രവർത്തിച്ചിരുന്നു. ഇപ്പോൾ പ്രവർത്തിക്കുന്നത് നൂറിൽ താഴെ ക്വാറികൾ മാത്രം. പാരിസ്ഥിതിക പ്രശ്നങ്ങളും ലൈസൻസ് പുതുക്കി കിട്ടുന്നതിലെ തടസങ്ങളും മൂലം പല ക്വാറികളുടെയും പ്രവർത്തനം നിറുത്തി വച്ചിരിക്കുകയാണ്. അനധികൃത ക്വാറികൾക്ക് സർക്കാർ ശക്തമായ പിഴയും ചുമത്തിയതോടെ പല ക്വാറികളും പൂട്ടി.ഈ സാഹചര്യത്തിലാണ് ക്രമവൽക്കരിക്കുന്ന സമയത്ത് പണമടയ്ക്കാമെന്ന ഉറപ്പിൽ ക്വാറികൾക്ക് അനുമതി നൽകുന്നത്.
പത്തനംതിട്ട പെരുമ്പെട്ടി വില്ലേജിൽ ബ്ലോക്ക് 34ൽ വനഭൂമിയല്ലെന്ന് ഉറപ്പു വരുത്തി, 649 കൈവശാവകാശക്കാർക്ക് വരുമാന പരിധി നോക്കാതെ ഭൂമി പതിച്ചു നൽകും.
കൊച്ചി ധനുഷ്‌ക്കോടി ദേശീയപാതയിൽ കഴിഞ്ഞ ഒക്ടോബറിലുണ്ടായ മണ്ണിടിച്ചിലിൽ ലക്ഷം വീട് കോളനിയിൽ വീടുകൾ പൂർണ്ണമായും നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് സ്ഥലം വാങ്ങി വീടു വയ്ക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം വീതം അനുവദിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |