SignIn
Kerala Kaumudi Online
Wednesday, 22 April 2026 10.57 AM IST

യുദ്ധത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ

Increase Font Size Decrease Font Size Print Page
a

പശ്ചിമേഷ്യയിലെ യുദ്ധം നീളുന്നത് ഇന്ത്യയ്ക്കും കേരളത്തിനും വൻ സാമ്പത്തിക തിരിച്ചടി സൃഷ്ടിക്കാൻ ഇടയാക്കുമെന്ന ആശങ്കയാണ് ഉയർന്നിരിക്കുന്നത്. പശ്ചിമേഷ്യയിൽ സംഘർഷം അതിവേഗം വ്യാപിച്ചതോടെ ആഗോള കമ്പോള നാണയ, ഓഹരി വിപണികളിൽ വലിയ അനിശ്ചിതത്വമാണ് നിലനിൽക്കുന്നത്. ക്രൂഡ് വില കുതിക്കുകയാണ്. അതേസമയം ഓഹരികൾ മൂക്കുകുത്തുകയും ചെയ്തു.

രാജ്യത്തെ ആഭ്യന്തര വിപണിയിൽ ക്രൂഡോയിൽ വില പത്ത് ശതമാനം ഉയർന്ന് ബാരലിന് 80 ഡോളർ കടന്നു. ലോകത്തിന്റെ ക്രൂഡ് ഓയിൽ ഗതാഗതത്തിന്റെ ഇരുപത് ശതമാനം നടക്കുന്ന ഹോർമൂസ് ഇടനാഴി ഇറാൻ അടച്ചതോടെ ആഗോള തലത്തിൽ നേരിടുന്ന ചരക്ക് നീക്ക തടസ്സം പെട്രോൾ വില ഇന്ത്യയിൽ ലിറ്ററിന് 150 രൂപ വരെ ഉയർന്നേക്കാമെന്നാണ് വിദഗ്ദ്ധർ പ്രവചിക്കുന്നത്. പെട്രോളിന്റെ വില കൂടിയാൽ സ്വാഭാവികമായും അവശ്യസാധനങ്ങളുടെയും വിമാന, ബസ്, ഓട്ടോ സർവീസുകളുടെയെല്ലാം ചാർജ് വർദ്ധിക്കാം. ഇത് രാജ്യത്ത് വർദ്ധിച്ച പണപ്പെരുപ്പത്തിനും വിലക്ക‌യറ്റത്തിനും ഇടയാക്കും. സൗദിയിലെ അരാംകോ റിഫൈനറിയിലും ഇറാൻ ആക്രമണം നടത്തിയതോടെ എണ്ണനീക്കം തടസ്സപ്പെടാനുള്ള സാദ്ധ്യത വർദ്ധിച്ചു. മദ്ധ്യേഷ്യയിലെ ഏറ്റവും വലിയ, പ്രതിദിനം 5.5 ലക്ഷം ഉത്പാദനശേഷിയുള്ള റിഫൈനറിയുടെ പ്രവർത്തനം നിലച്ചത് ഇന്ധന സുരക്ഷിതത്വത്തിന് വെല്ലുവിളി ഉയർത്തിയിരിക്കുകയാണ്.

കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിലേക്ക് ഗൾഫ് രാജ്യങ്ങളിൽ നിന്നുമാത്രം ഒരു ലക്ഷം കോടി രൂപയിലേറെ വരവുണ്ടായിരുന്നു. യുദ്ധം മൂലമുള്ള അനിശ്ചിതത്വം കൂടിയാൽ അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കാൻ പണം ചെലവാക്കാതെ പിടിച്ചുവയ്ക്കുന്ന പ്രവണത വർദ്ധിക്കും. നാട്ടിലേക്ക് പണമയയ്ക്കുന്നത് നിറുത്തിവയ്ക്കുമ്പോൾ കേരളത്തിലേക്കുള്ള പണവരവ് കുത്തനെ ഇടിയാം. ഇത് സംസ്ഥാനത്തിന്റെ സർവ രംഗങ്ങളെയും പ്രതികൂലമായി ബാധിക്കാം.

യു.എ.ഇയുമായി മാത്രമായി ഇന്ത്യയ്ക്ക് പ്രതിവർഷം 1000 കോടി ഡോളറിന്റെ വാണിജ്യമാണുള്ളത്. അതിൽ വലിയൊരു പങ്ക് കേരളത്തിന്റേതുമാണ്. ഹോർമൂസ് വഴിയുള്ള ഗതാഗതം നടക്കാതായാൽ കപ്പലുകൾക്ക് ഗുഡ്‌ഹോപ് മുനമ്പ് ചുറ്റി പോകേണ്ടിവരും. ഇത് ഷിപ്പിംഗ് ചാർജിൽ വലിയ വർദ്ധനവിന് ഇടയാക്കുകയും കയറ്റുമതിക്കാരുടെ വരുമാനത്തിൽ ഇടിവ് സംഭവിക്കുകയും ചെയ്യും.വ്യോമപാതകൾ അടച്ചതോടെ ഇപ്പോൾത്തന്നെ കേരളത്തിൽ നിന്നും ഗൾഫിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കുമുള്ള പഴം, പച്ചക്കറി കയറ്റുമതി കുത്തനെ ഇടിഞ്ഞു. കൊച്ചി വിമാനത്താവളത്തിൽ മാത്രം 200 ടണ്ണിലേറെ പച്ചക്കറികൾ കയറ്റി അയയ്ക്കാനാകാതെ കാർഗോയിൽ കെട്ടിക്കിടന്ന് നശിക്കുന്നു. 40 മുതൽ 45 ടൺ വരെ ദിവസവും കയറ്റുമതി ഉണ്ടായിരുന്ന കരിപ്പൂരിൽ 10 മുതൽ 15 ടണ്ണായി കുറഞ്ഞു. കയറ്റുമതിക്കായി ഒരുക്കിയ 30,000 കിലോഗ്രാം പഴവർഗ്ഗങ്ങൾ ഗൾഫ് മേഖലയിലേക്കുള്ള വിമാന സർവീസുകൾ മുടങ്ങിയതിനാൽ പിൻവലിക്കേണ്ടി വന്നതായി കരിപ്പൂരിലെ ഒരു കയറ്റുമതി വ്യാപാരി മാദ്ധ്യമങ്ങളുടെ മുന്നിൽ വെളിപ്പെടുത്തി. അതിനാൽ യുദ്ധം നീളുന്നത് കയറ്റുമതി രംഗത്തിന് കോടികളുടെ നഷ്ടം വരുത്താൻ ഇടയാക്കും.

യുദ്ധം രൂക്ഷമായാൽ ഇന്ത്യ നേരിടേണ്ടിവരുന്ന ഏറ്റവും വലിയ വെല്ലുവിളി ഗൾഫിൽ കുടുങ്ങിയ നാട്ടുകാരെ തിരികെ എത്തിക്കുക എന്നതാണ്. ഇതിന് വേണ്ടിവരുന്ന സാമ്പത്തിക ബാദ്ധ്യതയും ഭീമമായിരിക്കും.

ഗൾഫ് മേഖലയിലേക്കുള്ള വിമാന സർവീസുകൾ മുടങ്ങിയത് ഇന്ത്യൻ വിമാനക്കമ്പനികളുടെ വരുമാനത്തിലും ഗണ്യമായ നഷ്ടം വരുത്തി. ഡോളറിനെതിരെ രൂപ അടിതെറ്റുന്നത് ഓഹരി കമ്പോളത്തിൽ വിദേശ നിക്ഷേപ പിന്മാറ്റത്തിന് വേഗത കൂട്ടിയതും ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. സാമ്പത്തിക തിരിച്ചടിക്ക് പുറമെ ജി.സി.സി രാജ്യങ്ങളിൽ ജീവിക്കുന്ന ഒരു കോടിയിലധികം പ്രവാസികളും അവരുടെ നാട്ടിലെ കുടുംബങ്ങളും അനുഭവിക്കുന്ന മാനസിക വിഷമതകളും ഉത്കണ്ഠയും നാൾക്കു നാൾ കൂടി വരുന്നതും വലിയ പ്രശ്നം തന്നെയാണ്.

TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ