
ഗുരുവായൂർ ഉത്സവത്തിന്റെ ആറാം ദിനമായ ഇന്ന് മുതൽ ഗുരുവായൂരപ്പൻ സ്വർണ്ണക്കോലത്തിലെഴുന്നള്ളും. ഉച്ചകഴിഞ്ഞുള്ള കാഴ്ചശീവേലിയുടെ നാലാമത്തെ പ്രദക്ഷിണത്തിലാണ് സ്വർണക്കോലം എഴുന്നള്ളിക്കുക. കൊമ്പൻ ഇന്ദ്രസെൻ സ്വർണ്ണക്കോലമേറ്റും. എഴുന്നള്ളിപ്പിന് മേളം അകമ്പടിയാകും. ഉത്സവത്തിന്റെ അവസാന അഞ്ച് ദിനങ്ങളിലും, അഷ്ടമിരോഹിണി, ഏകാദശി എന്നീ വിശേഷ ദിവസങ്ങളിലും മാത്രമാണ് സ്വർണ്ണക്കോലം എഴുന്നള്ളിക്കുക.
പത്ത് കിലോഗ്രാം സ്വർണ്ണം ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന കോലത്തിന് നടുവിലായി മുരളി ഊതി നിൽക്കുന്ന ഉണ്ണിക്കൃഷ്ണനും, ചുറ്റുഭാഗത്തായി വീരശൃംഖലയും, തുറന്ന ഭാഗത്ത് മരതകപ്പച്ചയും, 191 സ്വർണ്ണപ്പൂക്കളും പതിപ്പിച്ചിട്ടുണ്ട്.
സ്വർണത്തകിടിലുള്ള ദശാവതാരങ്ങളും അനന്തശയനവും സൂര്യചന്ദ്ര പ്രഭകളും വ്യാളീമുഖവും കോലത്തിൽ പതിച്ചിട്ടുണ്ട്. വിലയേറിയ മരതകക്കല്ലും അഞ്ച് തട്ടുള്ള സ്വർണ അലുക്കുകളുമുള്ള കുടയുമാണ് മുകളിൽ. നൂറ്റാണ്ടുകൾക്ക് മുൻപ് ആറാം ദിവസത്തെ ഉത്സവത്തിന്റെ ചെലവ് പൂന്നത്തൂർ കോവിലകമായിരുന്നു വഹിച്ചിരുന്നത്. അന്ന് നടക്കുന്ന കാഴ്ച ശീവേലിക്ക് കോവിലകത്തെ വലിയ തമ്പുരാൻ നേരിട്ട് എഴുന്നള്ളുകയും കാഴ്ചശീവേലി വടക്കേ നടയിലെത്തുമ്പോൾ മേളത്തിൽ പ്രാഗത്ഭ്യം തെളിയിക്കുന്നവർക്ക് പാരിതോഷികം നൽകുകയും ചെയ്തിരുന്നു. ഇതിന്റെ സ്മരണ പുതുക്കി ഇന്ന് ഉച്ചയ്ക്ക് വകകൊട്ടൽ ചടങ്ങും ഉണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |