SignIn
Kerala Kaumudi Online
Wednesday, 22 April 2026 8.36 AM IST

ഖലീൽ ജിബ്രാൻ കഥകൾ. ഉയരങ്ങളിൽ നിന്നുള്ള വെള്ളച്ചാട്ടങ്ങൾ 

Increase Font Size Decrease Font Size Print Page
s

സ്നേഹവും വേദനയുമാണ് ജിബ്രാന്റെ ജീവിതം. മനുഷ്യ സ്വാതന്ത്ര്യത്തിന്റെ വക്താവാണ് അദ്ദേഹം. ഒരേസമയം കവിയും ചിന്തകനും ചിത്രകാരനുമായി ജിബ്രാൻ അറിയപ്പെടുന്നു. 'ആധുനിക കാലഘട്ടത്തിലെ ദാന്തെ" എന്നും 'ഇരുപതാം നൂറ്റാണ്ടിലെ മിസ്റ്റിക്കും കവിയുമായ പ്രവാചകൻ" എന്നുമാണ് ലോകം അദ്ദേഹത്തെ ആഘോഷിക്കുന്നത്.

സ്വതന്ത്ര ജീവിതശൈലി ജിബ്രാന്റെ സ്വപ്നമായിരുന്നു. ലെബനോൻ പർവതനിരകളിലുടനീളം അലഞ്ഞു തിരിയുന്ന ആട്ടിടയന്മാരുടെ സ്വതന്ത്ര ജീവിതശൈലിയും ലെബനോൻ കുന്നുകളോട് വിടപറയുന്ന സൂര്യന്റെ മുഖവും ജിബ്രാൻ തന്റെ കഥകളിലും കവിതകളിലും ചാരുതയോടെ പകർത്തിവച്ചു. ലെബനോൻ താഴ്വരയുടെ സുഗന്ധങ്ങളിൽ അലിഞ്ഞ്,​ വിശുദ്ധ കേദാർ മരങ്ങളുടെ ക്രീഡാവിലാസത്തിൽ തത്പരരായ ഇളംകാറ്റിൽ നിലാവിന്റെ നാഡീവ്യൂഹങ്ങൾ മീട്ടിയ പ്രകൃതി ആലപിക്കുന്ന സങ്കീർത്തനങ്ങളാണ് ജിബ്രാന്റെ കൊച്ചു കഥകൾ.

ജനനത്തെക്കുറിച്ചും മരണത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും യോഗാത്മക (മിസ്റ്റിക്) രീതിയിൽ വിലയിരുത്തി ജിബ്രാൻ എഴുതിയ കഥകൾ ലോക സാഹിത്യത്തിൽ അനന്യശോഭയോടെ പരിലസിക്കുന്നവയാണ്. അവയിൽ നിന്ന് തിരഞ്ഞെടുത്ത അൻപതു കഥകളാണ് നിരൂപകനും വിവർത്തകനുമായ ഡോ. റഷീദ് പാനൂർ മാതൃമലയാളത്തിലേക്ക് കാവ്യാത്മകമായി പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഒറ്റവായനയിൽത്തന്നെ വായനക്കാരന്റെ ഹൃദയത്തെ പിടിമുറുക്കിക്കളയുകയും പിന്തുടരുകയും (haunt) ചെയ്യുന്ന കൊച്ചുകൊച്ചു കഥകളുടെ സമാഹാരമാണ് 'ഖലീൽ ജിബ്രാൻ കഥകൾ."

ഭൂതകാലവും ഭാവിയും ഒരുമിച്ചു ചേരുന്ന സമ്പൂർണ യാഥാർത്ഥ്യത്തെ അറിയാൻ ഇവിടെ ജിബ്രാന്റെ ഭാവനയ്ക്ക് കഴിയുന്നു. ചിന്തയെ സ്വതന്ത്രവും സൗന്ദര്യപൂർണവുമാക്കുന്ന ദൃഷ്ടാന്തകഥകളാണ് (Parables) ജിബ്രാൻ എഴുതിയത്. സ്വയം പൂർത്തീകരണം ആഗ്രഹിക്കുന്ന സ്നേഹം എന്ന ആശയം, സൂഫി പാരമ്പര്യത്തിൽ അന്തർലീനമായ ഒരു ചിന്തയാണ്. ഈ ആശയത്തിന്റെ സ്ഫുടീകരണമാണ് ‘ജിബ്രാൻ കഥകൾ’ എന്ന പുസ്തകത്തിലെ എല്ലാ മിനിക്കഥകളിലും തിരയിളക്കുന്നത്. പ്രാഥമികമായ അർത്ഥത്തിൽ ജനനവും മരണവും പ്രണയവും കെട്ടിയമരുന്ന ഒന്നാണ് ജിബ്രാൻ കഥകൾ. ക്രിസ്തുവിനെക്കുറിച്ചുള്ള സങ്കല്പങ്ങളും ഇവിടെ കഥയായി മാറുന്നു. ഈ കഥകൾ നമ്മെ മരണത്തെക്കുറിച്ചും മരണാനന്തര ജീവിതത്തെക്കുറിച്ചും ആത്മാവിന്റെ അനശ്വരതയെക്കുറിച്ചും പുനർചിന്തയ്ക്ക് പ്രേരിപ്പിക്കുന്നു.

പ്രസാധകർ: ബോധി ബുക്സ്,​ കൊല്ലം

(ലേഖകന്റെ ഫോൺ: 94950 86796)

TAGS: KATHA, KATHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.